ന്യൂഡല്‍ഹി: സുപ്രീംകോടതി മൂന്‍ ചീഫ് ജസ്‌റ്റീസ് പി സദാശിവം കേരളാ ഗവര്‍ണര്‍. ഇക്കാര്യത്തിലുള്ള രാഷ്‌ട്രപതിയുടെ ഉത്തരവിറങ്ങി. ഷീലാ ദീക്ഷിതിന്റെ രാജി സ്വീകരിച്ച രാഷ്‌ട്രപതി സദാശിവത്തെ പകരക്കാരനാക്കി നിയോഗിച്ച ഉത്തരവില്‍ ഒപ്പു വെച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ അദ്ദേഹം കേരളത്തില്‍ ചുമതലയേല്‍ക്കും. ഷീലാ ദീക്ഷിതിന്റെ രാജി സ്വീകരിച്ച അതേ ഉത്തരവില്‍ തന്നെയാണ് സദാശിവത്തിന് ഗവര്‍ണര്‍ പദവി നല്‍കിയിരിക്കുന്നതും.
ഇതാദ്യമായിട്ടാണ് സുപ്രീംകോടതി ചീഫ് ജസ്‌റ്റീസായി ഇരുന്ന ഒരു വ്യക്‌തി കേരളാ ഗവര്‍ണറാകുന്നത്. നേരത്തേ തന്നെ സദാശിവം കേരളാ ഗവര്‍ണറായേക്കും എന്ന ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ജപ്പാന്‍ സന്ദര്‍ശനത്തിന് പോകുന്നതിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യത്തിലുള്ള നിര്‍ദേശം ബന്ധപ്പെട്ട മന്ത്രാലയത്തിന് നല്‍കിയിരുന്നു.മന്ത്രാലയം ഞായറാഴ്‌ച തന്നെ ശുപാര്‍ശ നല്‍കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉത്തരവും ഇറങ്ങിയിരിക്കുന്നത്.
നേരത്തേ സുപ്രീംകോടതി മുന്‍ ചീഫ് ജസ്‌റ്റീസിനെ ഗവര്‍ണറാക്കുന്നത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. നിയമ രംഗത്തെ വിദഗ്‌ദ്ധരും ബാര്‍ അസോസിയേഷനുമെല്ലാം നീക്കത്തെ എതിര്‍ത്തു രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നീക്കത്തെ എതിര്‍ത്തിരുന്നു. ഇതെല്ലാം മറികടന്നാണ് രാഷ്‌ട്രപതി സദാശിവത്തെ ഗവര്‍ണറാക്കി നിയോഗിച്ചിരിക്കുന്നത്.








