കണ്ണൂര്‍: ആര്‍.എസ്.എസ്. നേതാവ് കെ. മനോജിന്റെ കൊലപാതകക്കേസില്‍ ഗൂഢാലോചനയും പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ചിനു കൈമാറിയ കേസ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിച്ച സംഘമായിരിക്കും അന്വേഷിക്കുക. ലോക്കല്‍ പോലീസില്‍ നിന്നു ക്രൈംബ്രാഞ്ച് എ.ഡി.ജി.പിഃ അനന്തകൃഷ്‌ണന്റെ മേല്‍നോട്ടത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പിഃ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ നാലു ഡിവൈ.എസ്.പിമാരുണ്ടാകും.
കണ്ണൂര്‍ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പിഃ കെ.വി.സന്തോഷ്‌കുമാര്‍. കോഴിക്കോട് നോര്‍ത്ത് എ.സി.പിഃ ജോസി ചെറിയാന്‍, തൃശൂര്‍ ൈക്രംബ്രാഞ്ചിലെ ഡിവൈ.എസ്.പിഃ എം.ജെ.സോജന്‍, തളിപ്പറമ്പ് ഡിവൈ.എസ്.പിഃ കെ.എസ്.സുദര്‍ശനന്‍ എന്നിവരാണു സംഘത്തിലുള്ളത്. ടി.പി. കേസിന്റെ അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈ.എസ്‌പിഃ എ.പി.ഷൗക്കത്തലി എന്‍.ഐ.എയിലേക്കു സ്‌ഥലംമാറിയതിനാല്‍ ഉള്‍പ്പെടുത്തിയില്ല. ടി.പി.കേസ് അന്വേഷണത്തിനിടെ സി.പി.എമ്മിന്റെ കടുത്ത എതിര്‍പ്പു നേരിട്ട സംഘം മനോജ് കൊലക്കേസ് അന്വേഷിക്കാനെത്തുന്നതു സി.പി.എമ്മിനെ അലോസരപ്പെടുത്തിയേക്കും.
പതിനാറു വര്‍ഷം മുമ്പ് ഇപ്പോഴത്തെ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണു മരിച്ച മനോജ് എന്നതിനാല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ തീരുമാനിച്ചതിനാല്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളെയും ചോദ്യം ചെയ്യേണ്ടി വരും. പി.ജയരാജന്റെ അയല്‍വാസിയും മുന്‍ ഡ്രൈവറുമായ കിഴക്കെ കതിരൂരിലെ വിക്രമനെയാണു പോലീസ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്. ഇതുകൂടാതെ കിഴക്കെ കതിരൂരിലെ സി.പി.എം. പ്രവര്‍ത്തകനായ വീഡിയോഗ്രഫര്‍ ജിതനെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മനോജ് വധക്കേസില്‍ പ്രതിചേര്‍ത്തിരിക്കുന്ന വിക്രമന്‍ ഉള്‍പ്പെട്ട സംഘമായിരുന്നു യുവമോര്‍ച്ചാ നേതാവ് കെ.ടി.ജയകൃഷ്‌ണനെ ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊലപ്പെടുത്തിയതെന്ന ടി.പി.കേസിലെ പ്രതി ടി.കെ.രജീഷിന്റെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇപ്പോഴത്തെ കേസന്വേഷണം 16 വര്‍ഷം മുമ്പു നടന്ന ജയകൃഷ്‌ണന്‍ വധക്കേസിലും പുതിയ വെളിപ്പെടുത്തലുകള്‍ക്കിടയുണ്ടെന്നു പോലീസ് കരുതുന്നുണ്ട്.
തലശേരിയില്‍ പ്രത്യേക ഓഫീസ് തുറന്നായിരിക്കും സംഘം കേസ് അന്വേഷിക്കുക. ഇന്നലെ കണ്ണൂരിലെത്തിയ എ.ഡി.ജി.പിഃ അനന്തകൃഷ്‌ണന്‍ ഉത്തരമേഖല എഡിജിപിഃ എന്‍.ശങ്കര്‍റെഡ്‌ഢിയുമായി കൂടിക്കാഴ്‌ച നടത്തി ലോക്കല്‍ പോലീസിന്റെ അന്വേഷണ വിശദാംശങ്ങള്‍ ശേഖരിച്ചു.
തുടര്‍ന്ന് എ.ഡി.ജി.പി, മനോജ് കൊല്ലപ്പെട്ട കതിരൂര്‍ തിട്ടയില്‍മുക്കും വീടും സന്ദര്‍ശിച്ചു. കതിരൂര്‍ പോലീസ് സ്‌റ്റേഷനിലും അദ്ദേഹം സന്ദര്‍ശനം നടത്തി. തലശേരി ഗസ്‌റ്റ് ഹൗസില്‍ അന്വേഷണ സംഘാംഗങ്ങളുമായുള്ള കൂടിക്കാഴ്‌ചക്കു ശേഷമായിരുന്നു ഇത്. കൊല നടത്തിയ ശേഷം ചോരപുരണ്ട വസ്‌ത്രങ്ങളുമായി പ്രതികള്‍ ഓടിപ്പോകുന്നതു കണ്ട ദൃക്‌സാക്ഷികളുടെ മൊഴികളും സംഘമെടുത്തു. ബാക്കിയുള്ള ആറു പ്രതികളെയും തിരിച്ചറിയാന്‍ ഈ ദൃക്‌സാക്ഷി മൊഴി അന്വേഷണ സംഘത്തിനു സഹായകരമാകും. പ്രതികള്‍ രക്ഷപെട്ട വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. നാട്ടില്‍ നിന്ന് മുങ്ങിയ ചിലരെക്കുറിച്ചുള്ള വിവരങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
ഇന്നലെ എ.ഡി.ജി.പിക്കൊപ്പം ഡിവൈ.എസ്.പിമാരായ സുദര്‍ശനന്‍, കെ.വി.സന്തോഷ് കുമാര്‍, തലശേരി എ.എസ്.പിഃ ടി.നാരായണന്‍, തലശേരി, കൂത്തുപറമ്പ്, പാനൂര്‍ മേഖലകളിലെ സി.ഐമാര്‍ ഉള്‍പ്പെടെയുള്ള വന്‍ പോലീസ് സംഘവുമുണ്ടായിരുന്നു.
അതേ സമയം, ജില്ലയില്‍ സമാധാനം പുനഃസ്‌ഥാപിക്കാന്‍ സംസ്‌ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം കലക്‌ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗത്തില്‍ നിന്ന് ആര്‍.എസ്.എസും ബി.ജെ.പിയും വിട്ടുനിന്നു. യോഗത്തില്‍ മന്ത്രിമാരും പങ്കെടുത്തില്ല. മുഖ്യമന്ത്രിയെയോ, ആഭ്യന്തര മന്ത്രിയെയോ പങ്കെടുപ്പിച്ചു സര്‍വ കക്ഷി സമാധാനയോഗം വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു.
ഇതിനിടെ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും സംയുക്‌തയോഗം തലശേരിയില്‍ ചേര്‍ന്നു. മനോജിന്റെ വധത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നുവെന്നും അതിനാല്‍ ഇതില്‍ പങ്കാളികളായവരെ അറസ്‌റ്റ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുന്നതിനു ഇടപെടല്‍ നടത്തിയാലേ അണികളുടെ വികാരത്തിനു തടയിടാനാകൂവെന്ന നിലപാടാണു യോഗത്തിലുണ്ടായത്. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ ഗൂഢാലോചന കണ്ടുപിടിക്കാനാവില്ലെന്നും സി.ബി.ഐ. അന്വേഷണം വേണമെന്നുമുള്ള ആവശ്യമാണു സംഘപരിവാര്‍ സംഘടനകള്‍ ഉന്നയിക്കുന്നത്.








