തൊടുപുഴ: കമ്മീഷണര്‍ സിനിമയിലെ തീപാറുന്ന ഡയലോഗ് പറഞ്ഞ് ഷെഫീക്കിന് മുന്നില്‍ സുരേഷ് ഗോപി. ഡയലോഗ് തീര്‍ന്നതും ഭാ...പുല്ലേ എന്ന് ഷെഫീക്കിന്റെ മറുപടി.
പിതാവിന്റെയും രണ്ടാനമ്മയുടേയും ക്രൂരപീഡനം ഏറ്റുവാങ്ങി അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഷെഫീക്കിന്റെ ആറാം പിറന്നാള്‍ വേദിയാണ് വേറിട്ട കാഴ്‌ചയായത്. ഷെഫീക്കിന്റെ ഇഷ്‌ടതാരമാണ് സുരേഷ് ഗോപി.
കമ്മീഷണര്‍ സിനിമയിലെ സുരേഷ് ഗോപിയുടെ ഭരത് ചന്ദ്രനെന്ന പോലീസ് വേഷം കാണുമ്പോള്‍ ആശുപത്രിക്കിടക്കയില്‍ ഷെഫീക്കിന് പുത്തനുണര്‍വ്വുണ്ടാകുന്നെന്ന് ആയ രാഗിണിയാണ് കണ്ടെത്തിയത്. ഭരത് ചന്ദ്രനെ ഷെഫീക്ക് അനുകരിക്കുക പതിവായിരുന്നു.ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിഞ്ഞ താരം ഷെഫീക്കിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. പിറന്നാള്‍ ദിനംതന്നെ അതിനായി തെരഞ്ഞെടുത്തു.
സിനിമാ താരം ജാഫര്‍ ഇടുക്കിയോടൊപ്പം ഇന്നലെ ഉച്ചയ്‌ക്ക് ഒരുമണിയോടെ അല്‍ അസ്‌ഹര്‍ മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പ്രത്യേക വേദിയില്‍ സുരേഷ്‌ഗോപി എത്തി. ഷെഫീക്കിനെ കണ്ടയുടന്‍ ഐജി സിനിമയില്‍ അണിഞ്ഞ തൊപ്പി സമ്മാനമായി നല്‍കി. ഷെഫീക്കിന്റെ കൈപിടിച്ച് പിറന്നാള്‍ കേക്ക് മുറിച്ചു. ഷെഫീക്കിന് കേക്ക് നല്‍കി. പാട്ടുപാടി, ഷാള്‍ കഴുത്തില്‍ അണിയിച്ചു. വണ്ണപ്പുറം സ്വദേശി കെ.എം.എ. കരീം ഈണമിട്ട പിറന്നാള്‍ ഗാനം ചലച്ചിത്ര താരം ജാഫര്‍ ഇടുക്കി ആലപിച്ചത് കൈയ്യടിയോടെയാണ് സദസ് വരവേറ്റു. വിദഗ്‌ധ ചികിത്സയ്‌ക്കായി വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ ഷെഫീക്കിനെ ജൂലൈയിലാണ് തൊടുപുഴയിലെത്തിച്ചത്.








