Home » » വിഎസ്‌ നേരിടുന്നത്‌ കാലത്തിന്റെ തിരിച്ചടിയെന്ന്‌ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍: പതിവു ബ്ലാക്‌മെയില്‍ തന്ത്രം മാത്രമെന്നു നിരീക്ഷകര്‍.

വിഎസ്‌ നേരിടുന്നത്‌ കാലത്തിന്റെ തിരിച്ചടിയെന്ന്‌ ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍: പതിവു ബ്ലാക്‌മെയില്‍ തന്ത്രം മാത്രമെന്നു നിരീക്ഷകര്‍.

Written By Unknown on Saturday, 21 February 2015 | 03:24

ആലപ്പുഴ: പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോയ വിഎസ്‌ അച്യുതാനന്ദന്റെത്‌ പതിവു ബ്ലാക്‌മെയില്‍ തന്ത്രം മാത്രമെന്നു നിരീക്ഷകര്‍. ഒപ്പം, വിഎസ്‌ ഇപ്പോള്‍ നേരിടുന്നത്‌ കാലത്തിന്റെ തിരിച്ചടിയെന്നു ട്രേഡ്‌ യൂണിയന്‍ നേതാക്കളും.

വിഎസ്‌ പോളിറ്റ്‌ ബ്യൂറോയ്‌ക്കയച്ച കത്ത്‌ മലയാള മനോരമയ്‌ക്കു ചോര്‍ത്തികിട്ടിയതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ്‌ വിഎസിനെതിരെ പ്രമേയം പാസാക്കി പുറത്തു വിട്ടതും സംസ്ഥാന സമ്മേളനത്തില്‍ കടുത്ത വിമര്‍ശനം ഉയര്‍ന്നതുമാണ്‌ വിഎസിനെ പ്രകോപിപ്പിച്ചതും ഇന്നു രാവിലെ സമ്മേളന വേദി വിടാന്‍ ഇടയക്കിയതും. സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയം സംബന്ധിച്ച വിവരങ്ങള്‍ സെക്രട്ടറി പിണറായി വിജയന്‍ പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെ കണ്ട വിിഎസ്‌ പറഞ്ഞത്‌, താന്‍ കത്തു കൊടുത്തത്‌ പോളിറ്റ്‌ ബ്യൂറോയ്‌ക്കാണെന്നും മറുപടി നല്‍കേണ്ടത്‌ പോളിറ്റ്‌ബ്യൂറോ ആണെന്നുമായിരുന്നു. സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയവും ഇതു പുറത്തുവിട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളും അവജ്ഞയോടെ തള്ളുന്നുവെന്നും വിഎസ്‌ പറഞ്ഞിരുന്നു.


എന്നാല്‍, ഈ കത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളില്‍ ഉറപ്പു ലഭിക്കണമെന്നാണ്‌ ഇന്നലെ രാവിലെ വിഎസ്‌ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാരാട്ടിനോട്‌ ആവശ്യപ്പെട്ടത്‌. ഈ ഉറപ്പു ലഭിച്ചാല്‍ മാത്രമേ താന്‍ മടങ്ങിയെത്തൂ എന്നു പറഞ്ഞു സമ്മേളന നഗരി വിട്ട വിഎസ്‌, ജനറല്‍ സെക്രട്ടറിയോടു ഗുഡ്‌ബൈ പറഞ്ഞിറങ്ങിയതായും വൈകിട്ട്‌ നാലിനു വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ പൊതുജനങ്ങളോടു വിശദീകരിക്കുമെന്നും ശ്രുതി പരത്തി. എന്നാല്‍, ഗുഡ്‌ബൈയല്ല, പറഞ്ഞതു നമസ്‌കാരമാണെന്നു പിന്നീടു വ്യക്തമായി. നാലു മണിക്കു മാധ്യമങ്ങളെ കാണുമെന്ന നിലപാടിലൂടെ ഈ സമയത്തിനകം താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ ഉറപ്പു ലഭിക്കണമെന്ന ഭീഷണിയും ഉയര്‍ത്തി. മറുപടി നല്‍കേണ്ടതു പോളിറ്റ്‌ബ്യൂറോയാണെന്നു വിഎസ്‌ തന്നെ പറഞ്ഞ കത്തിനു സംസ്ഥാന സമ്മേളന വേദിയില്‍ വൈകിട്ട്‌ നാലിനകം ഉറപ്പു ലഭിക്കണമെന്നാവശ്യപ്പെട്ടത്‌ നടക്കില്ലെന്നറിഞ്ഞുകൊണ്ടു തന്നെയാണ്‌.

സമ്മേളനത്തിനിടെ കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തി താന്‍ ഉന്നയിച്ച കാര്യങ്ങള്‍ നേടിയെടുക്കാനും താന്‍ നിര്‍ദേശിക്കുന്നവര്‍ക്കു സംസ്ഥാന കമ്മറ്റിയിലും സെക്രട്ടറിയറ്റിലും ഇടം നേടാനുമുള്ള സമ്മര്‍ദ തന്ത്രമായാണ്‌ നിരീക്ഷകര്‍ ഇതിനെ വിലയിരുത്തുന്നത്‌. താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ എത്തിക്കാന്‍ വിഎസ്‌ മുമ്പും ഇത്തരത്തില്‍ നടത്തിയ നീക്കങ്ങളും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്നത്തെ വിഎസിന്റെ അവസ്ഥ അദ്ദേഹത്തിനു കാലം കരുതിവെച്ച തിരിച്ചടിയാണെന്നാണു ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ പറയുന്നത്‌. ഗൗരിയമ്മയെ പാര്‍ട്ടിക്കു പുറത്തെത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച നേതാവാണ്‌ വിഎസ്‌. ഇക്കാര്യം ഗൗരിയമ്മ ഇപ്പോഴും പരസ്യമായി തന്നെ പറയുന്നുണ്ട്‌. പാര്‍ട്ടിയില്‍ ഗ്രൂപ്പിസത്തിനു തുടക്കമിട്ടത്‌ വിഎസാണ്‌. പാലക്കാട്‌ സമ്മേളനത്തില്‍ സിഐടിയു പക്ഷത്തെ വെട്ടിനിരത്തിയ കാഴ്‌ച രാഷ്ട്രീയ കേരളം കണ്ടതാണ്‌. അന്നു പാര്‍ട്ടി പോളിറ്റ്‌ബ്യൂറോ അംഗംവരെയായിരുന്നു ഇ. ബാലാനന്ദന്‍ പരസ്യമായി പൊട്ടിത്തെറിച്ചു.


അന്ന്‌ ബാലാനന്ദന്‍ അടക്കമുള്ളവരെ വെട്ടിനിരത്താന്‍ നേതൃത്വം നല്‍കിയ വിഎസ്‌ ഇന്ന്‌ തന്നെയും കൂട്ടരെയും വെട്ടിനിരത്തുന്നെന്നു പരാതിപ്പെടുന്നു. അന്നു വിഎസ്‌ ഒപ്പം നിര്‍ത്തി വളര്‍ത്തിയെടുത്ത പിണറായിയും കൂട്ടരുമാണ്‌ എതിര്‍പക്ഷത്തെന്നു മാത്രം. ഇതു കാലത്തിന്റെ തിരിച്ചടിയാണ്‌. അന്ന്‌ ബാലാനന്ദന്‍ അനുഭവിച്ചത്‌ ഇന്നെങ്കിലും വിഎസ്‌ തിരിച്ചറിയണം.- പഴയകാല ട്രേഡ്‌ യൂണിയന്‍ നേതാക്കള്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.