ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്‍ എന്ന വ്യക്തിക്കു മുന്നില്‍ സിപിഎം എന്ന
പ്രസ്ഥാനം പകച്ചു നില്‍ക്കുന്ന കാഴ്‌ചയാണ് രാഷ്ട്രീയ കേരളം നാളുകളായി
കാണുന്നത്. ശനിയാഴ്‌ച രാവിലെ വിഎസ് സംസ്ഥാന സമ്മേളനത്തില്‍ നിന്ന്
ഇറങ്ങിപ്പോയതു മുതല്‍ ഇതിന്റെ ഏറ്റവും അധപ്പതിച്ച രൂപം കാണുകയാണ്.
രാഷ്ട്രീയ ഇഛാശക്തി നഷ്ടപ്പെട്ടതാണ് ഇത്തരത്തില്‍ പ്രസ്ഥാനം പകച്ചു നില്‍ക്കാന്‍ വഴിയൊരുക്കിയതെന്നു കാണാതിരുന്നു കൂട. കേരളത്തില്‍ സിപിഎമ്മിലെ ആണിനെക്കാള്‍ കരുത്തുള്ള പെണ്ണാരെന്നു ചോദിച്ചാല്‍ ഉത്തരം ഗൗരിയമ്മയെന്നു മാത്രമാണ്. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിയുടെ ഗതിനിര്‍ണയിക്കുന്ന ശക്തിയാണിന്ന് കണ്ണൂര്‍ലോബി. ഈ ലോബിയുടെ തുടക്കം തേടിയാല്‍ എം.വി. രാഘവനിലാണെത്തുക. കേരളത്തിലെ ട്രേഡ് യൂണിയന്‍ എന്നാല്‍ ഇ. ബാലാനന്ദന്‍ എന്നതായിരുന്നു പോയകാല യാഥാര്‍ഥ്യം
ഇവരെല്ലാം വിഎസിനൊപ്പമോ അതിനപ്പുറമോ ജനകീയ അംഗീകാരമുള്ളവരും നേതൃപാടവമുള്ളവരുമായിരുന്നു. എന്നാല്‍ പലപ്പോഴായി നടപടി നേരിട്ട് പാര്‍ട്ടിക്കു പുറത്താക്കപ്പെട്ടവരാണ് ഇവരെല്ലാം. ഇവര്‍ ഓരോരുത്തര്‍ പുറത്താകുമ്പോഴും സിപിഎമ്മിന്റെ കഥകഴിഞ്ഞെന്നു വിധിയെഴുത്തുണ്ടായി. ഇവരെ ഓരോരുത്തരെയും പാര്‍ട്ടിക്കു പുറത്തെത്തിക്കാന്‍ ശ്രമിച്ച വലതുപക്ഷ മാധ്യമങ്ങള്‍ തന്നെയാണ് വിധിയുമെഴുതിയത്. എന്നാല്‍, പുറത്തുപോയ ഇവര്‍ക്കൊപ്പം അണികളോ നേതാക്കളോ കാര്യമായി പോയില്ലെന്നു മാത്രമല്ല, പാര്‍ട്ടിക്കു പുറത്തായതോടെ മാധ്യമങ്ങള്‍ക്കും ഇവരെ വേണ്ടാതായി. തന്നെ പുറത്താക്കാനുള്ള തീരുമാനം കേട്ട് യോഗത്തില്‍ നിന്നു മടങ്ങിയ പോളിറ്റ്‌ബ്യൂറോ അംഗം ബി.ടി. രണദിവെക്കൊപ്പം ട്രെയിന്‍ കയറ്റി വിടാന്‍ പോലും ഒരാളുണ്ടായില്ലെന്നതും ചരിത്രം. ഒടുവില്‍ സിപിഎമ്മില്‍ തിരിച്ചെത്താനുള്ള ആഗ്രഹം ബാക്കിയാക്കിയാണ് എംവിആര്‍ വിടപറഞ്ഞത്. ഗൗരിയമ്മ പാര്‍ട്ടി വാതില്‍ തുറക്കുന്നതു കാത്തിരിക്കുന്നു.
ഇവരെയൊക്കെ പുറത്താക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞത് രാഷ്ട്രീയ ഇഛാശക്തി ഉണ്ടായതുകൊണ്ടായിരുന്നു. ഒപ്പം ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന നേതാക്കളുമുണ്ടായിരുന്നു. ഇതു രണ്ടുമില്ലെന്നതാണ് ഇന്നു പാര്‍ട്ടി നേരിടുന്ന വെല്ലുവിളി. അന്നു താത്വികമായും പ്രായോഗികമായും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഇഎംഎസ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം നായനാരും വിഎസുമായി. ഇന്ന് വിഎസ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടുകളില്‍ നിന്ന് അകലുമ്പോള്‍ ജനങ്ങളോടു സംവദിക്കാന്‍ കഴിയുന്ന ഒരു നേതാവ് നേതൃത്വത്തിലില്ല എന്നതാണു വസ്‌തുത.
ബ്രാഞ്ചു തലം മുതല്‍ ദേശീയതലം വരെ പാര്‍ട്ടി നേതൃത്വം ഇന്ന് പലവിധ ആരോപണങ്ങള്‍ക്കു വിധേയമാണ്. റിയല്‍ എസ്റ്റേറ്റും സ്വജനപക്ഷപാതിത്വവും വഴിവിട്ട ധനസമ്പാദന ശ്രമങ്ങളും അധികാരമോഹവുമെല്ലാം വിവിധ തലങ്ങളിലുള്ള നേതാക്കളുടെ മേല്‍ ആരോപണമായി വേട്ടയാടുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഒന്നു മാത്രമായി അധികാരത്തെ കണ്ടിടത്തു നിന്ന്, അധികാരത്തിലെത്താനുള്ള വഴി മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം മാറിയെന്നതാണ് സിപിഎം നേരിടുന്ന ഇന്നത്തെ പ്രതിസന്ധിക്ക് ഏറ്റവും വലിയ കാരണം.
ഇതോടെ, വര്‍ഗീയ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന മുസ്ലിംലീഗും പിഡിപിയുമായിവരെ കൂട്ടുചേരാമെന്ന അവസ്ഥയിലേക്ക് അടവുനയം വികസിച്ചു. ഇതോടെ, സിപിഎം നേതാക്കളുടെ രാഷ്ട്രീയ സത്യസന്ധതയില്‍ പൊതുജനം സംശയാലുക്കളായി. ലാവ്‌ലിന്‍ അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തെയും അവര്‍ക്കൊപ്പം നിന്ന ദേശീയ നേതൃത്വത്തെയും സംശയത്തിന്റെ നിഴലിലാക്കാന്‍ എതിര്‍പക്ഷത്തു നിലയുറപ്പിച്ച വിഎസിനു കഴിഞ്ഞു. ബ്രാഞ്ചുതലം മുതല്‍ റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ബ്ലേഡ് മാഫിയക്കും ഒത്താശ ചെയ്‌തും കമ്മീഷന്‍ പറ്റിയും മറ്റും പലരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിനെ മറ്റൊരു കോണ്‍ഗ്രസ് മാത്രം എന്ന അവസ്ഥയിലേക്കെത്തിച്ചു. ഇതെല്ലാം തന്ത്രപരമായി വിഎസ് മുതലെടുക്കുകയും ചെയ്‌തു.
ഇന്ന് സ്വയം വളര്‍ത്തിയെടുത്ത ഒരു ഇമേജ് വിഎസിനുണ്ട്. ഔദ്യോഗിക നേതൃത്വത്തെയും അതുവഴി ഇടതുപക്ഷ രാഷ്ട്രീയത്തെയും തകര്‍ക്കുക എന്ന അജണ്ടയുടെ ഭാഗമായി വലതുപക്ഷ മാധ്യമങ്ങള്‍ ഈ ഇമേജ് പെരുപ്പിക്കുകയും മറുപക്ഷത്തെ ഇകഴ്‌ത്തുകയും ചെയ്‌തിട്ടുമുണ്ട്. ഇതോടെ, ഔദ്യോഗിക പക്ഷത്തെക്കാള്‍ പൊതുസമൂഹത്തിനു വിശ്വാസം വിഎസിനെയാണ് എന്ന സ്ഥിതിയായി. ഇന്ന് വിഎസിനെതിരെ നടപടിയെടുക്കേണ്ടി വന്നാല്‍ അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മാത്രം പൊതുസമൂഹത്തില്‍ വിശ്വാസ്യതയും ജനകീയതയുമുള്ള ഒരു നേതാവില്ല എന്നതാണു യാഥാര്‍ഥ്യം.
പാര്‍ലമെന്ററി വ്യാമോഹം ബാധിച്ച നേതൃത്വം അധികാരത്തിലെത്താനായി എന്തു വിട്ടുവീഴ്‌ചക്കും തയാറാകുമെന്നു വിഎസിനുമറിയാം. തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ മുന്നില്‍ നിര്‍ത്താനെങ്കിലും തന്നെ സിപിഎമ്മിന് ആവശ്യമുണ്ട് എന്നതുകൊണ്ടു തന്നെ ഒന്നും ചെയ്യില്ലെന്ന വിശ്വാസം വിഎസിനുണ്ട്. ഇതു തന്നെയാണ് പാര്‍ട്ടിയെ വെല്ലുവിളിക്കാനും സമ്മര്‍ദത്തിലാക്കി കാര്യം നേടാനും വിഎസിനു വഴിയൊരുക്കുന്നതും.
ഇതിനു മുമ്പ് ഒഞ്ചിയത്ത് ടി.പി. ചന്ദ്രശേഖരനു മുന്നിലും പാര്‍ട്ടി പകച്ചു പോയിട്ടുണ്ട്. കള്ളക്കടത്തു-കച്ചവട ലോബിയുടെ സ്വകാര്യ തുറമുഖം അടക്കമുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാര്‍ട്ടി താല്‍പര്യം ബലികഴിച്ച് ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളുടെ ഭരണം സിപിഎമ്മും ജനതാദളും പരസ്‌പരം വെച്ചുമാറിയതില്‍ പ്രതിഷേധിച്ചായിരുന്നു ടി.പി. ചന്ദ്രശേഖരനും കൂട്ടരും പാര്‍ട്ടി വിട്ടത്. രാഷ്ട്രീയ താല്‍പര്യത്തെക്കാള്‍ വ്യക്തിപരമായ സാമ്പത്തിക താല്‍പര്യത്തിനു മുന്‍തൂക്കം നല്‍കുന്ന ക്വാറി-ഖനന ലോബിയുടെ പിന്‍സീറ്റ് ഡ്രൈവറായി അറിയപ്പെടുന്ന ജില്ലയില്‍ നിന്നുള്ള ട്രേഡ് യൂണിയന്‍ നേതാവു കൂടിയായ പാര്‍ട്ടി സംസ്ഥാന നേതാവിന്റെയും കൂട്ടരുടെയും നിലപാടിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം.എന്നാല്‍ ടി.പിയും കൂട്ടരും രാഷ്ട്രീയ സത്യസന്ധത വെടിഞ്ഞില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ വാഗ്‌ദാനം ചെയ്‌തപ്പോള്‍ ചന്ദ്രശേഖരന്‍ നിരസിച്ചു. കോണ്‍ഗ്രസുമായി കൂട്ടുചേര്‍ന്ന എം.ആര്‍. മുരളിയെ ആര്‍എംപി സംഘടിപ്പിച്ച ഒഞ്ചിയം രക്തസാക്ഷി ദിനാചരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തി. കച്ചവട താല്‍പര്യത്തിന് പാര്‍ട്ടിയെ ഉപയോഗിക്കുന്ന നേതാക്കളെ തുറന്നു കാട്ടി പാര്‍ട്ടിയുടെ തെറ്റു തിരുത്തിച്ച് പാര്‍ട്ടിയില്‍ തിരികെയെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. ചില നേതാക്കള്‍ സാമ്പത്തിക താല്‍പര്യത്തിനായി പാര്‍ട്ടിയെ ഉപയോഗിച്ചപ്പോള്‍, രാഷ്ട്രീയ സത്യസന്ധത മുറുകെ പിടിച്ചതാണ് പാര്‍ട്ടിക്കു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ ടിപിക്കു കരുത്തു പകര്‍ന്നത്. ആ ടിപിയുടെ പ്രസ്ഥാനത്തെ വലതുപക്ഷ ലാവണത്തില്‍ തളച്ചതോടെ കെ.കെ. രമയ്‌ക്കും കൂട്ടര്‍ക്കും പഴയ ജനകീയാംഗീകാരം നഷ്ടപ്പെട്ടെന്നു മാത്രമല്ല, ഒപ്പമുണ്ടായിരുന്നവര്‍ കൊഴിഞ്ഞു പോവുകയും ചെയ്യുന്നു. കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പില്‍ ഇതു വ്യക്തമായതാണ്.
അണികളില്ലാത്ത പാര്‍ട്ടിയെന്ന പേരുദോഷം പേറുമ്പോഴും ഉള്ള നേതാക്കള്‍ സംശുദ്ധരെന്ന പേര് സിപിഐക്കുണ്ടായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റു തിരഞ്ഞെടുപ്പിലെ സീറ്റിനു കാശ് വിവാദത്തോടെ അതിനും കോട്ടം തട്ടി. സിപിഎമ്മിനു പിന്നാലെ സിപിഐയും വിവാദത്തിലായതോടെ കമ്മ്യൂണിസ്‌റ്റ് രാഷ്ട്രീയത്തിനു തന്നെ പേരുദോഷമുണ്ടായി. സമീപകാലത്തു നടത്തിയ സമരങ്ങള്‍ പലതും അഡ്‌ജസ്റ്റുമെന്റു സമരങ്ങളായിരുന്നെന്ന മുന്നണിക്കകത്തു നിന്നു തന്നെയുള്ള ആരോപണം സിപിഎമ്മിന്റെ വിശ്വാസ്യതയും കൂടുതല്‍ പരുങ്ങലിലാക്കി.
ഇതൊക്കെ തന്നെയാണ് സിപിഎം നേരിടുന്ന അവസ്ഥയ്‌ക്കു കാരണവും. നേതാക്കളുടെ രാഷ്ട്രീയ സത്യസന്ധത നഷ്ടപ്പെട്ടവരാകുന്നു. വിഎസിനപ്പുറം ജനങ്ങള്‍ക്കു വിശ്വാസമുള്ള ജനകീയനായ മറ്റൊരു നേതാവ് പാര്‍ട്ടിയിലില്ലെന്ന അവസ്ഥ സംജാതമായി. ഒപ്പം അധികാരത്തിനായുള്ള വിട്ടൂവീഴ്‌ചകള്‍ കൂടിയായതോടെ ജനങ്ങള്‍ ഈ രാഷ്ട്രീയത്തോട് അകലുന്നു എന്നകാര്യം പാര്‍ട്ടി തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇത്തരം പകച്ചു നില്‍ക്കലുകള്‍ ആവര്‍ത്തിക്കപ്പെടും - അതു വിഎസിനു മുന്നിലാവാം, ആം ആദ്‌മിക്കു മുന്നിലാവാം... അങ്ങിനെ പലര്‍ക്കു മുന്നിലും.




.jpg)







