Home » » പിണറായി ഒരുക്കിയ കെണിയില്‍ ചാടി വിഎസ്‌; പ്രകോപിപ്പിച്ചത്‌ അഴിമതി ആരോപണങ്ങളെന്നു സൂചന.

പിണറായി ഒരുക്കിയ കെണിയില്‍ ചാടി വിഎസ്‌; പ്രകോപിപ്പിച്ചത്‌ അഴിമതി ആരോപണങ്ങളെന്നു സൂചന.

Written By Unknown on Saturday, 21 February 2015 | 20:13

ആലപ്പുഴ: വിഎസിന്റെ സംശുദ്ധ പ്രതിഛായക്കുമേല്‍ കരിപുരട്ടാന്‍ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തിയ ആരോപണങ്ങളാണു വിഎസിനെ പ്രകോപിപ്പിച്ചതെന്നു സൂചന. പിണറായി തന്ത്രപൂര്‍വം ഒരുക്കിയ കെണിയാണിതെന്നും സൂചനയുണ്ട്‌.
സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിനു തലേന്ന്‌ വിഎസിനെതിരെ സംസ്ഥാന സെക്രട്ടറിയറ്റ്‌ ചേര്‍ന്നു പ്രമേയം പാസാക്കുകയും അതു മാധ്യമങ്ങള്‍ക്കു വിതരണം ചെയ്യുകയും ചെയ്‌തത്‌ വിഎസിനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു എന്നു വേണം കരുതാന്‍.

ഇതിനു പിന്നാലെയാണു സമ്മേളനത്തിലെ കുറ്റവിചാരണ. 56 പേജുകളിലായി 52 കുറ്റങ്ങള്‍ റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ നിരത്തി. ഇതിന്റെ ചുവടു പിടിച്ച്‌ സമ്മേളനത്തില്‍ വിഎസിനെതിരെ ശക്തമായ ചര്‍ച്ചയും ഉയര്‍ന്നു വന്നു. ഇതില്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ വിഎസ്‌ പാര്‍ട്ടിയുമായി ആലോചിക്കാതെ നടത്തിയ നീക്കങ്ങളും നേരത്തെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്‌ത വിഎസിന്റെ ദല്ലാള്‍ നന്ദകുമാര്‍ ബന്ധവും ഈ ബന്ധം ഉപയോഗിച്ച്‌ പിണറായിയെ ലാവ്‌ലിന്‍ കേസില്‍ കുടുക്കാന്‍ നടത്തിയ നീക്കങ്ങളും മുഖ്യമന്ത്രിയായിരിക്കെ കുത്തകകള്‍ക്ക്‌ സഹായം ചെയ്‌തുകൊടുക്കാന്‍ ശ്രമിച്ചതുമെല്ലാം റിപ്പോര്‍ട്ടില്‍ നിരത്തി.

അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ വിഎസ്‌, കോടതിയെപോലും വഴിവിട്ട്‌ സ്വാധീനിക്കാന്‍ ശ്രമിച്ചയാളും കുത്തകകള്‍ക്ക്‌ സഹായം ചെയ്‌തയാളുമാണെന്ന ധാരണയുണ്ടാക്കാന്‍ ബോധപൂര്‍വമായ നീക്കം സമ്മേളനത്തില്‍ നടന്നു. വിഎസിനു നിഷേധിക്കാനാവാത്ത വിധത്തില്‍ പഴുതുകള്‍ അടച്ച്‌ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ പടുത്തുയര്‍ത്തിയ ഇമേജ്‌ തകരുമെന്ന തോന്നലിലേക്ക്‌ വിഎസിനെ എത്തിച്ചു. ഇതോടെയാണു വിഎസ്‌ പ്രകോപിതനായി വേദി വിട്ടതെന്നാണു സൂചന.

മറിച്ച്‌, സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയമാണു പ്രകോപനമെങ്കില്‍ ആദ്യദിവസം പൂര്‍ണമായും രണ്ടാം ദിവസം രാവിലെയും വിഎസ്‌ സമ്മേളനത്തിന്‌ എത്തില്ലായിരുന്നു എന്നാണ്‌ അദ്ദേഹവുമായി ഏറെക്കാലം അടുപ്പമുണ്ടായിരുന്നവര്‍ പറയുന്നത്‌. തന്റെ അഴിമതി വിരുദ്ധ ഇമേജിനു കറപുരളുമെന്ന ഘട്ടത്തിലാണ്‌ വിഎസ്‌ വേദി വിട്ടതെന്നാണു സൂചന.

ഒപ്പം, റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകള്‍ക്കു സിക്രട്ടറി മറുപടി പറയുന്നു ഘട്ടത്തില്‍, തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ വിഎസിന്‌ അവസരം ലഭിക്കാന്‍ സാധ്യത ഉണ്ടായിട്ടും അതിനു കാത്തു നില്‍ക്കാതെയാണു വിഎസ്‌ മടങ്ങിയത്‌. ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ അവസരം ഒരുക്കണമെന്ന്‌ വിഎസ്‌ കേന്ദ്രനേതൃത്വത്തോട്‌ ആവശ്യപ്പെട്ടിട്ടുമില്ല.

ഇതോടെ, ഉയര്‍ന്ന ആരോപണങ്ങള്‍ക്കു മറുപടിയില്ലാത്തതിനാലാണ്‌ വിഎസ്‌ കാരണമുണ്ടാക്കി ഇറങ്ങിപ്പോയതെന്നു വ്യാഖ്യാനിക്കാന്‍ ഔദ്യോഗിക നേതൃത്വത്തിന്‌ പഴുതു ലഭിച്ചു. മറ്റൊരു വേളയില്‍ വിഎസ്‌ പുറത്തു പോയാല്‍ അത്‌ മുതിര്‍ന്ന പ്രവര്‍ത്തകരെ പോലും ബോധ്യപ്പെടുത്താന്‍ പാര്‍ട്ടി ഏറെ പണിപ്പെടേണ്ടിവരും. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാന നേതൃത്വത്തിനു പറയാനുള്ളത്‌ സമ്മേളന പ്രതിനിധികളോട്‌ ഇപ്പോള്‍ തന്നെ പറയാം. ഇവരെ ഉപയോഗിച്ച്‌ താഴെതട്ടിലും പ്രചാരണം ശക്തമാക്കാം.മാത്രവുമല്ല, പിബിക്കു നല്‍കിയ കത്തിനു പിബി മറുപടി നല്‍കണമെന്നു പറഞ്ഞ ശേഷം അതേ കത്തിന്റെ പേരില്‍ സംസ്ഥാന സമ്മേളനത്തില്‍ നിന്നിറങ്ങിപ്പോയതും എന്നും പാര്‍ട്ടി അച്ചടക്കത്തിനായി വാദിക്കുന്ന മുതിര്‍ന്ന പ്രവര്‍ത്തകനായ വിഎസ്‌ സംസ്ഥാന സമ്മേളന വേദിയില്‍ നിന്നിറങ്ങിപ്പോയതും സാധാരണ പ്രവര്‍ത്തകരിലും ചെറിയ തോതിലെങ്കിലും നീരസം ഉണ്ടാക്കിയിട്ടുണ്ട്‌. ഇതെല്ലാം മുതലെടുത്ത്‌ വിഎസ്‌ പാര്‍ട്ടിക്കു പുറത്തായാലും വലിയ ആഘാതമില്ലാതെ ഒന്നോ രണ്ടോ തിരഞ്ഞെടുപ്പ്‌ ഇടവേളക്കകം ശക്തി തിരിച്ചു പിടിക്കാമെന്നാണ്‌ ഔദ്യോഗിക പക്ഷം നല്‍കുന്നത്‌. തിരഞ്ഞെടുപ്പു പരാജയം ഉണ്ടായാല്‍ ഭരണമല്ല, പാര്‍ട്ടിയാണു വലുതെന്ന പ്രത്യയശാസ്‌ത്ര വ്യാഖ്യാനം നല്‍കി നേരിടാമെന്നും ഈ വിഭാഗം കണക്കു കൂട്ടുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.