Home » » എല്‍ഡിഎഫ്‌ ഘടകകക്ഷികളെയും എംഎല്‍എയെയും യുഡിഎഫിലെത്തിക്കാന്‍ വിഎസ്‌ ചരടുവലിച്ചതായി വെളിപ്പെടുത്തല്‍

എല്‍ഡിഎഫ്‌ ഘടകകക്ഷികളെയും എംഎല്‍എയെയും യുഡിഎഫിലെത്തിക്കാന്‍ വിഎസ്‌ ചരടുവലിച്ചതായി വെളിപ്പെടുത്തല്‍

Written By Unknown on Saturday, 21 February 2015 | 21:25


തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷിയെയും എംഎല്‍എയെയും യുഡിഎഫിലെത്തിക്കാന്‍ വി.എസ്‌. അച്യുതാനന്ദന്‍ ചരടു വലിച്ചതായി വെളിപ്പെടുത്തല്‍. ഏറെക്കാലം വിഎസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ജേക്കബ്‌ ജോര്‍ജാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഇന്ന്‌ രാവിലെ മാതൃഭൂമി ന്യൂസിലായിരുന്നു വെളിപ്പെടുത്തല്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ എല്‍ഡിഎഫ്‌ ഘടകകക്ഷിയായ ജനതാദളിനെ യുഡിഎഫിലെത്തിക്കാന്‍ ശ്രമിച്ചതായാണ്‌ ജേക്കബ്‌ ജോര്‍ജ്‌ ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത്‌. ജനതാദളിലെ മാത്യു ടി. തോമസായിരുന്നു തിരുവല്ലയില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥി. 2011ലെ തിരഞ്ഞെടുപ്പു വേളയില്‍ തന്റെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ പ്രസംഗിക്കാനായി മാത്യു ടി. തോമസ്‌ വിഎസിനെ വിളിച്ചപ്പോള്‍, താന്‍ എന്തിനാണ്‌ ഇവിടെ നില്‍ക്കുന്നത്‌ എന്നായിരുന്നത്രെ വിഎസിന്റെ പ്രതികരണം. യുഡിഎഫ്‌ ഘടകകക്ഷിയായ വീരേന്ദ്രകുമാറിന്റെ ജനതാദളില്‍ ചേരാന്‍ മാത്യു ടി തോമസിനോട്‌ വിഎസ്‌ നിര്‍ദേശിച്ചതായും ജേക്കബ്‌ ജോര്‍ജ്‌ വെളിപ്പെടുത്തി.
നെയ്യാറ്റിന്‍കര എംഎല്‍എയായിരുന്ന ശെല്‍വരാജ്‌ രാജിവെച്ച്‌ യുഡിഎഫില്‍ ചേരുന്ന കാര്യവും വിഎസിന്‌ മുന്‍കൂട്ടി അറിയാമായിരുന്നെന്നും വിഎസിന്റെ വിശ്വസ്‌തരില്‍ ചിലര്‍ ഇതിനായുള്ള ചരടുവലിയില്‍ പങ്കാളികളായിരുന്നെന്നും ജേക്കബ്‌ ജോര്‍ജ്‌ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നു നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു നടന്നുകൊണ്ടിരിക്കേ വിഎസ്‌ ടി.പി. ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ചതു കമ്മ്യൂണിസ്റ്റുകാരനു ചേര്‍ന്ന നടപടിയല്ലെന്നും ജേക്കബ്‌ജോര്‍ജ്‌ വിലയിരുത്തുന്നു. സ്വന്തം പാര്‍ട്ടിയെയും നേതാക്കളെയും വരെ സംശയത്തിന്റെ നിഴലിലാക്കി സ്വന്തം ഇമേജ്‌ വര്‍ദ്ധിപ്പിക്കുകയാണ്‌ എന്നും വിഎസ്‌ ചെയ്‌തതെന്നും ജേക്കബ്‌ ജോര്‍ജ്‌ ആരോപിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.