Home » » മോഹന്‍ലാലും മമ്മൂട്ടിയും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളുമായി...

മോഹന്‍ലാലും മമ്മൂട്ടിയും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളുമായി...

Written By Unknown on Sunday, 22 February 2015 | 02:00

ഏറെ പരാജയങ്ങള്‍ക്കു ശേഷം മോഹന്‍ലാലും മമ്മൂട്ടിയും പ്രതീക്ഷ നല്‍കുന്ന ചിത്രങ്ങളുമായി എത്തുകയാണ്‌ ഈ വര്‍ഷം. തീര്‍ത്തും ദുര്‍ബലമായ തിരക്കഥയും വെറും കാറ്റു നിറച്ച കഥകളുമാണ്‌ ഇരുവര്‍ക്കും ഏറെ കാലമായി വിനയായത്‌. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ദൃശ്യം മോഹന്‍ലാലിനും വര്‍ഷം മമ്മൂട്ടിക്കും ആശ്വാസവിജയമായെങ്കിലും പിന്നീട്‌ ഇരുവര്‍ക്കും ഹിറ്റുകള്‍ ലഭിച്ചില്ല.
മമ്മൂട്ടിയെ നായകനാക്കി ദീപു കരുണാകരന്‍ സംവിധാനം ചെയ്‌ത ഫയര്‍മാന്‍ കഴിഞ്ഞയാഴ്‌ച തിയേറ്ററിലെത്തി. ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ കഥ ആദ്യമായി വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നു എന്ന വിശേഷണത്തോടെയാണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌. സിദ്ധിക്ക്‌ സംവിധാനം ചെയ്യുന്ന ഭാസ്‌കര്‍ ദി റാസ്‌കല്‍ ആണ്‌ പ്രതീക്ഷ നല്‍കുന്ന അടുത്ത ചിത്രം.
വിഷുക്കാലത്ത്‌ റിലീസ്‌ ലക്ഷ്യമിടുന്ന ചിത്രത്തില്‍ നയന്‍താരയാണ്‌ നായിക. ഹിറ്റ്‌ലര്‍, ക്രോണിക്‌ ബാച്ച്‌ലര്‍ എന്നീ ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ ശേഷം സിദ്ധിക്ക്‌ മമ്മൂട്ടിയുമായി വീണ്ടും ഒരുമിക്കുന്ന ചിത്രമാണിത്‌. കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ്‌ നായകന്‍. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്‌ എന്ന ചിത്രത്തിനുശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമ്മൂട്ടി നായകനാകും. ലാല്‍ ജൂനിയറിന്റെ ഡ്രൈവിംഗ്‌ ലൈസന്‍സ്‌, ജോഷി-രഞ്‌ജന്‍ പ്രമോദ്‌ ടീമിന്റെ ചിത്രം, വൈശാഖ്‌, ബോബന്‍ സാമുവല്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്‌ എന്നിവരുടെ ചിത്രങ്ങളിലും മമ്മൂട്ടിയാണ്‌ നായകന്‍.
മോഹന്‍ലാലിന്റെ രസം കഴിഞ്ഞ മാസം തിയേറ്ററുകളില്‍ എത്തിയെങ്കിലും യാതൊരു ചലനവും ഉണ്ടാക്കുവാന്‍ സാധിച്ചില്ല. റണ്‍ ബേബി റണ്ണിനു ശേഷം ജോഷി ഒരുക്കുന്ന ലൈല ഓ ലൈലയാണ്‌ ലാലിന്റെ പുതിയ ചിത്രം. അമല പോളാണ്‌ നായിക. കഹാനിയിലൂടെ ശ്രദ്ധേയനായ സുരേഷ്‌ നായരാണ്‌ രചന. മാര്‍ച്ച്‌ അവസാനം ചിത്രം റിലീസ്‌ ചെയ്യും. സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന എന്നും എപ്പോഴും ആണ്‌ ലാലിന്റെ വിഷു ചിത്രം. മഞ്‌ജു വാര്യര്‍ നായികയാവുന്ന ചിത്രം ഏറെ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.
മനസിനക്കരെ, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങള്‍ക്കുശേഷം രഞ്‌ജന്‍ പ്രമോദ്‌ വീണ്ടും സത്യന്‍ അന്തിക്കാടിനുവേണ്ടി തൂലിക ചലിപ്പിക്കുന്ന ചിത്രം എന്ന വിശേഷം കൂടിയുണ്ട്‌ ചിത്രത്തിന്‌. വൈശാഖ്‌ സംവിധാനം ചെയ്യുന്ന മാസ്‌ ചിത്രം പുലിമുരുകന്‍ ആണ്‌ ലാലിന്റെ ഓണ ചിത്രമായി പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. സിബി കെ. തോമസ്‌, ഉദയകൃഷ്‌ണ ടീമിന്റെയാണ്‌ രചന. സ്‌പിരിറ്റിനു ശേഷം ലാലും രഞ്‌ജിത്തും ഒരുമിക്കുന്ന ചിത്രത്തിനു ലോഹം എന്നു പേരിട്ടു. ദുബായ്‌, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളിലായി ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയ ജെറമിയയാണ്‌ നായിക.
മേജര്‍ രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാലാണ്‌ നായകന്‍. കുടുംബ പശ്‌ചാത്തലത്തിലുള്ള ചിത്രത്തിലെ താര നിര്‍ണയം നടക്കുന്നതേയുള്ളു. ഷാജി കൈലാസ്‌-രഞ്‌ജിത്ത്‌-രഞ്‌ജി പണിക്കര്‍ ടീം ഒന്നിക്കുന്ന ചിത്രമാണ്‌ പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം. മഞ്‌ജു വാര്യരാണ്‌ നായിക. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന രാഷ്‌ട്രീയ ചിത്രമാണ്‌ മറ്റൊരു ശ്രദ്ധേയ ചിത്രം.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.