ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി വി.എസ് അച്യുതാനന്ദന്‍. ടി.പി കേസ് ഉള്‍പ്പെടെ പാര്‍ട്ടിയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നേതൃത്വം ഉചിതമായ നിലപാട് സ്വീകരിക്കാത്തതും തന്നെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് കൊണ്ടുവന്ന പ്രമേയവുമാണ് വി.എസിനെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
വി.എസ് പുറത്തുവിട്ട വാര്‍ത്തക്കുറിപ്പില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. 'പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലെ പ്രമേയത്തില്‍ തനിക്കെതിരായ വാസ്തവ വിരുദ്ധ പരാമര്‍ശങ്ങളിലെ ചില ഭാഗങ്ങള്‍ നീക്കിയെന്നറിയുന്നു. അത്രയും നല്ലത്. പി.ബിയിലെ ചര്‍ച്ചയ്ക്കു ശേഷം മറ്റ് പരാമര്‍ശങ്ങളും നീക്കുമെന്ന് താന്‍ ആശിക്കുന്നു. ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്നു പേര്‍ക്കെതിരെ നടപടി വേണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നു. അതില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചു. മറ്റു രണ്ടു പേര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കിയിരിക്കുന്നു. ടി.പി കേസിലെ പ്രതികളെ പുറത്താക്കി പാര്‍ട്ടിയുടെ ദുഷ്‌പേര് മാറ്റണം.
താന്‍ പാര്‍ട്ടി വിരുദ്ധനെന്ന സംസ്ഥാന സെക്രട്ടറിയറ്റിലെ ഒരുപ്രമേയം നിലനില്‍ക്കുന്നു. പാര്‍ട്ടി വിരുദ്ധനായ താന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നു ബോധ്യമുള്ളതിലാണ് വിട്ടുനിന്നത്.മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന തന്റെ നിസ്സാഹായവസ്ഥ രേഖാമൂലം ഇന്നും ജനറല്‍ സെക്രട്ടറിയെ അറിയിച്ചുവെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.








