Home » » പിണറായി വിജയനില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനിലേക്ക്.

പിണറായി വിജയനില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനിലേക്ക്.

Written By Unknown on Sunday, 22 February 2015 | 23:13

സ്‌കൂള്‍ അദ്ധ്യാപകനായ കോടിയേരിയിലെ കുഞ്ഞുണ്ണി കുറുപ്പിന്റെയും നാരായണി അമ്മയുടെയും മകന്‍. ഇന്നത്തെ എസ്.എഫ്.ഐയുടെ ആദ്യരൂപമായ കെ.എസ്.എഫിന്റെ ഓണിയന്‍ സ്‌കൂളിലെ യൂനിറ്റ് സെക്രട്ടറിയായിരുന്നയാൾ   കോളേജിലെത്തിയപ്പോള്‍ അവിടെയും നേതാവായി. മാഹി കോളേജിന്റെ ചരിത്രത്തിലെ ആദ്യത്തെ ചെയര്‍മാനായി ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. അവിടെ നിന്നായിരുന്നു ആ യുവാവിന്റെ രാഷ്ട്രീയത്തിലെയും പൊതുജീവിതത്തിലെയും യാത്രയുടെ തുടക്കം. 

ബിരുദ പഠനത്തിനായി തിരുവനന്തപുരത്ത് യൂനിവേഴ്‌സിറ്റി കോളേജിലെത്തി. അപ്പോഴേക്കും സി.പി.എമ്മിന്റെ ഉശിരുള്ള പ്രവര്‍ത്തകനായി ബാലകൃഷ്ണന്‍ രൂപപ്പെട്ടിരുന്നു. ഇടക്ക് എവിടെയോ വെച്ച് നാടിന്റെ പേര് സ്വന്തം പേരിനൊപ്പം ആ യുവാവ് ചേര്‍ത്തുവെച്ചു. അങ്ങിനെ ആ യാത്ര സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയിലെത്തി. ഒടുവില്‍ ഇപ്പോള്‍ സി.പി.എമ്മിന്റെ കേരളത്തിലെ അമരക്കാരന്‍ എന്ന പദത്തിലേക്കും എതിരില്ലാതെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ തന്നെ ഇന്നത്തെ ഏറ്റവും വലിയ ഘടകത്തിന്റെ അമരക്കാരന് ഇത് പുതിയ അംഗീകാരമാണ്. 

പതിനാറുവര്‍ഷം പാര്‍ട്ടിയെ നയിച്ച പിണറായി വിജയനില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനിലേക്ക് നേതൃത്വം മാറുമ്പോള്‍ വലിയ വെല്ലുവിളികളും പ്രതിസന്ധികളും മുന്നിലുണ്ട്. തലശ്ശേരിക്കടുത്ത പിണറായി എന്ന പ്രദേശത്തെ സ്വന്തം പേരിനോട് ചേര്‍ത്തുവെച്ച വിജയനില്‍ നിന്ന് കോടിയേരിയെ പേരിലേക്ക് ആവാഹിച്ച ബാലകൃഷ്ണനിലേക്ക് നേതൃത്വം മാറുമ്പോള്‍ പൊതുസമൂഹവും ഏറെ കൗതുകത്തോടെയാണ് ആ തുടര്‍ച്ചയെ സമീപിക്കുന്നത്. പിണറായി എന്ന പ്രദേശത്തുനിന്ന് കോടിയേരി എന്ന നാട്ടിലേക്ക് ചെറിയ ദൂരമേയുള്ളു. 

എന്നാല്‍ വിജയനും ബാലകൃഷ്ണനും തമ്മില്‍ ആ ദൂരവ്യത്യാസം പോലുമില്ല. നാലാം ലോകവിവാദത്തില്‍ തുടങ്ങി ഒടുവില്‍ വി.എസ് അച്യുതാനന്ദന്റെ സമ്മേളന ബഹിഷ്‌കരണം വരെയെത്തിയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എക്കാലത്തും ബാലകൃഷ്ണന്‍ പിണറായിയോടൊപ്പമായിരുന്നു. എന്നാല്‍ ഒരു കാലത്തും വി.എസ്. അച്യുതാനന്ദനോട് വലിയ അകലം പാലിച്ചതുമില്ല. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി.എസ്.മന്ത്രിസഭയിലെ അംഗത്വവും കോടിയേരിയെ വി.എസിനോടും അടുപ്പിച്ചു നിര്‍ത്തി. അതേ സമയം ഔദ്യോഗിക പക്ഷത്തിന്റെ നേതൃനിരയിലെ വിശ്വസ്തനുമായി നിന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പിണറായി പക്ഷത്തിന് വി.എസ്. അച്യുതാനന്ദനിലേക്കുള്ള ഒരു വഴി എന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നുവെച്ചിരുന്നു. 

പക്ഷെ അധികമാരും ആ വഴി സഞ്ചരിക്കാനുണ്ടായിരുന്നില്ലെന്ന് മാത്രം. പി.ബി.യിലേക്ക് ഔദ്യോഗിക പക്ഷം കോടിയേരി ബാലകൃഷ്ണനെ ആലോചിച്ചപ്പോള്‍ വി.എസിനും ആ പേരിനോട് വിയോജിപ്പുണ്ടായിരുന്നില്ല. കാരണം കോടിയേരിയോട് വി.എസിനും എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അതാണ് കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവിന്റെ രാഷ്ട്രീയം. ഈ നയചാതുരി കോടിയേരിക്ക് സെക്രട്ടറി പദത്തില്‍ എങ്ങിനെ വിനിയോഗിക്കാം എന്ന് കാലം മറുപടി പറയും. പക്ഷെ കോടിയേരിയെ അടുത്തറിയുന്നവര്‍ക്ക് ഒന്നുറപ്പാണ്. ആരെയും വെറുപ്പിക്കാതിരിക്കാനുള്ള ഒരു രസതന്ത്രം കോടിയേരിക്ക് സ്വന്തമായുണ്ടെന്ന്. പിണറായിയുടെ കര്‍ക്കശ സ്വഭാവത്തില്‍ നിന്ന് ഏറെ ഭിന്നമാണ് എന്നും കോടിയേരി. ആരുമായും എളുപ്പത്തില്‍ ഇഴുകിച്ചേരാനും അവരിലൊരാളാവാനും കോടിയേരി ശ്രമിക്കാറുണ്ട്. ഒരു പക്ഷെ ദീര്‍ഘകാലത്തെ പാര്‍ലമെന്ററി രാഷ്ട്രീയം ആ നേതാവിനെ അത്തരത്തില്‍ രൂപപ്പെടുത്തിയതുമാവാം. 
 
തിരുവനന്തപുരത്ത് റിപ്പോഗ്രാഫിക് സെന്ററില്‍ ഉദ്യോഗസ്ഥയായിരുന്നു നേരത്തെ വിനോദിനി. ഗള്‍ഫിലുള്ള ബിനോയ് കോടിയേരിയും സിനിമാ നടനായ ബിനീഷ് കോടിയേരിയും മക്കളാണ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.