Home » » ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ ലഭിച്ച സംഭാവനകള്‍;ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കുകളില്‍ കൃത്രിമം.

ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ ലഭിച്ച സംഭാവനകള്‍;ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കുകളില്‍ കൃത്രിമം.

Written By Unknown on Wednesday, 25 February 2015 | 17:22

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത്‌ ലഭിച്ച സംഭാവനകള്‍ സംബന്ധിച്ചു ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കുകളില്‍ കൃത്രിമം. പാര്‍ട്ടി നല്‍കിയ കണക്കുകളില്‍ ഒരേ ചെക്കു നമ്പറില്‍ വ്യത്യസ്‌ത ഇടപാടുകള്‍ നടന്നതായാണു കാണിക്കുന്നത്‌. ഇതിനു പുറമേ നാലു ലക്ഷം രൂപയുടെ സംഭാവനകളുടെ ഉറവിടവും വ്യക്തമാക്കിയിട്ടില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്‌ടിലേക്കു കോര്‍പറേറ്റ്‌ വ്യവസായികള്‍ 158 കോടി രൂപ നല്‍കിയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണു തെരഞ്ഞെടുപ്പു കമ്മീഷനു യാഥാര്‍ഥ്യം മറച്ചു വച്ചു കണക്കു നല്‍കിയ വിവരവും പുറത്തു വന്നത്‌.

ഒരേ നമ്പറിലുള്ള ചെക്കില്‍ ആറ്‌ ഇടപാടുകള്‍ നടന്നിട്ടുണ്‌ട്‌. പൂനയിലെ എടുഇസഡ്‌ എന്ന ഓണ്‍ലൈന്‍ കമ്പനി 84 ലക്ഷം രൂപ സംഭവാന നല്‍കിയതും ജുമാന ഗുലാം വഹന്‍വതി 20 ലക്ഷം കൊടുത്തതും കാണിച്ചിരിക്കുന്നത്‌ ഒരേ ചെക്ക്‌ നമ്പറിലാണ്‌. ഒരേ ചെക്ക്‌ നമ്പറില്‍ തന്നെ രവി ഡവലപ്പേഴ്‌സ്‌ 7.5 ലക്ഷം രൂപ നല്‍കിയിരിക്കുന്നതായി രണ്‌ടിടത്ത്‌ കാണിച്ചിട്ടുണ്‌ട്‌. ഇതിനു പുറമേ പല സംഭാവനകള്‍ സ്വീകരിച്ചിരിക്കുന്ന വ്യക്തികളുടെ പേരിനൊപ്പം വിലാസമോ പാന്‍കാര്‍ഡ്‌ വിവരങ്ങളോ ഇല്ല. നാലു ലക്ഷം രൂപ സംഭാവന നല്‍കിയ വ്യക്തിയുടെ പേരിനു നേരെ വി.വി എന്നു മാത്രമാണെഴുതിയിരിക്കുന്നത്‌. 1.25 ലക്ഷം രൂപ നല്‍കിയ വ്യക്തിയുടെ പേരെഴുതേണ്‌ട സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്‌. അതേ സമയം ചെക്കുകള്‍ക്ക്‌ ഒരേ നമ്പര്‍ വന്നത്‌ അച്ചടിപ്പിശകാണെന്നാണു ബിജെപിയുടെ വിശദീകരണം. അന്വേഷണം നടത്തി വിശദീകരണം നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്‌ റിഫോംസ്‌ ആണ്‌ ബിജെപിയുടെ തെരഞ്ഞെടുപ്പു സംഭാവന സംബന്ധിച്ച നല്‍കിയ കണക്കുകളില്‍ അപാകതയുണെ്‌ടന്ന്‌ കണെ്‌ടത്തിയത്‌. കഴിഞ്ഞ ഒക്ടോബര്‍ 31 നായിരുന്നു കണക്കുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതിയെങ്കിലും ഡിസംബര്‍ 20നാണ്‌ ബിജെപി കമ്മിഷനു കണക്ക്‌ സമര്‍പ്പിച്ചത്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു വിവിധ വ്യവസായ ഗ്രൂപ്പുകളില്‍ നിന്നായി ബിജെപിക്കു 157.84 കോടി രൂപയാണ്‌ സംഭാവനയായി ലഭിച്ചത്‌. 170.86 കോടി രൂപയാണു ബിജെപിക്ക്‌ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ ലഭിച്ച സംഭാവനയെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ നല്‍കിയ കണക്ക്‌. ഭാരതി ഗ്രൂപ്പിന്റെ കീഴിലുള്ള സത്യ ഇലക്ടോറല്‍ ട്രസ്റ്റ്‌, സ്റ്റെര്‍ലൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌, കെയിന്‍ ഇന്ത്യ എന്നീ കമ്പനികളാണ്‌ ഈ തുക സംഭാവന ചെയ്‌തത്‌. അതേസമയം, ഈ മൂന്നു കമ്പനികളും 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു സംഭാവനകളൊന്നും നല്‍കിയിരുന്നില്ല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.