കോഴിക്കോട്: വി.എസ്. അച്യൂതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിനു നല്‍കിയ
കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെ ലക്ഷ്യമിട്ട് ടി.പി.
ചന്ദ്രശേഖരന്‍ വധക്കേസില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെടുന്ന കെപിസിസിയുടെ
പ്രമേയം കോണ്‍ഗ്രസിനും യുഡിഎഫിനും തിരിച്ചടിയാകുമെന്നു വിലയിരുത്തല്‍.
വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് വിഎസ് പാര്‍ട്ടി നേതൃത്വത്തിനു കത്തു നല്‍കിയിരുന്നു. ഇതു മലയാള മനോരമ പ്രസിദ്ധീകരിച്ചു. ഇതിന്റെ ചുവടു പിടിച്ചാണ് കെപിസിസിയുടെ പ്രമേയം. ടിപി വധക്കേസില്‍ പിണറായിക്കുള്ള പങ്ക് വിഎസിന്റെ കത്തില്‍ വ്യക്തമാണെന്നും പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ വിഎസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ആവശ്യം.
എന്നാല്‍ വിഎസ് ഈ ആരോപണം ഉന്നയിക്കുന്നത് ആദ്യമല്ല. ഇതേ വിഷയത്തില്‍ ടിപിയുടെ ഭാര്യ കെ.കെ. രമയും അന്വേഷണം ആശ്യപ്പെട്ടിരുന്നു. അന്നൊന്നും സര്‍ക്കാര്‍ അനങ്ങിയില്ല. വിഎസ് പോളിറ്റ്‌ബ്യൂറോയ്‌ക്കു നല്‍കിയ കത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുക എന്ന ലക്ഷ്യമാണു കെപിസിസി പ്രമേയത്തിനു പിന്നില്‍. എന്നാല്‍, വിഎസിന്റെ കത്ത് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മറ്റിയും തള്ളിയതാണ്. നേരത്തെ കേന്ദ്രനേതൃത്വവും ഇതു തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ വിഎസിന്റെ ആരോപണം മാത്രമാണിത്.
അതേ സമയം, ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വിഎസിനെതിരെ അഴിമതി ആരോപണങ്ങള്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്. കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മറ്റിയും ഒടുവില്‍ സംസ്ഥാന സമ്മേളനവും ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌ത് അംഗീകരിക്കുകയും ചെയ്‌തു. റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിനും സംസ്ഥാന സമ്മേളന പ്രതിനിധികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് ഇത് അംഗീകരിച്ചതില്‍ നിന്നു വ്യക്തമാകുന്നത്. സമ്മേളന റിപ്പോര്‍ട്ട് രേഖയുമാണ്.
വിഎസ് എന്ന വ്യക്തി നല്‍കി പാര്‍ട്ടി തള്ളിയ കത്തിന്റെ പേരില്‍ ടിപി കേസ് വീണ്ടും തുറക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ്, വിഎസിനെതിരെ രേഖാമൂലം തയാറാക്കി നേതൃത്വവും സംസ്ഥാന സമ്മേളന പ്രതിനിധികളും അംഗീകരിച്ച അഴിമതി ആരോപണങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതാണു തിരിച്ചടിയാവുന്നത്.
വിഎസ് നല്‍കിയ കത്തിനെക്കാള്‍ ഗൗരവമുള്ളതാണ് സംസ്ഥാന സെക്രട്ടറിയറ്റും സംസ്ഥാന കമ്മറ്റിയും അറുന്നൂറോളം സംസ്ഥാന സമ്മേളന പ്രതിനിധികളും പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്‌ത് അംഗീകരിച്ച റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്താല്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്‌ത് അംഗീകരിച്ച യോഗങ്ങളില്‍ പങ്കെടുത്ത കേന്ദ്ര-സംസ്ഥാന നേതാക്കളും സംസ്ഥാന സമ്മേളന പ്രതിനിധികളുമെല്ലാം സാക്ഷികളുമാണ്.
യുഡിഎഫിനു സിപിഎമ്മിനെക്കാള്‍ ഭീഷണിയെന്ന് അവര്‍ തന്നെ കരുകുകയും പാമോയില്‍ കേസിലടക്കം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ളവരെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന വിഎസിനെതിരെ ഇത്രയും ശക്തമായ ആയുധം ലഭിച്ചിട്ടും അതുപയോഗിക്കാതെ പിണറായിക്കെതിരെ തിരിയാന്‍ ശ്രമിക്കുന്നത് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രയാസപ്പെടുന്ന സ്ഥിതിയാണു സംജാതമാവുക.








