എടക്കര: മരുത തണ്ണിക്കടവ് മുക്കണംപൊട്ടിയിലെ
ആദിവാസി ചാത്തന്റെ വീട്ടിലെത്തിയ അഞ്ച് മാവോയിസ്റ്റുകളെ പോലീസ്
തിരിച്ചറിഞ്ഞു. സര്‍ക്കാര്‍ ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിച്ചിട്ടുള്ള വിക്രം
ഗൗഡ, സുന്ദരി, ജയണ്ണ എന്ന മഹേഷ്, കന്യാകുമാരി, മലയാളിയായ സോമന്‍
എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. കൂടുതല്‍ പേര്‍ ഇവിടെ
തമ്പടിച്ചിട്ടുള്ളതായാണ് വിവരം. ഇവര്‍ നടുകാണി, കബനി എന്നീ ദളങ്ങളിലെ
പോരാളികളാണ്. ദളങ്ങളുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുന്നതിനും
തുടര്‍പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയാണ് രണ്ട്
ദളങ്ങളിലേയും പ്രവര്‍ത്തകര്‍ മരുത, തണ്ണിക്കടവ് വനമേഖലകളില്‍
തമ്പടിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ അനുമാനം. ഇേതാടൊപ്പം ഗ്രാമീണ
ജനങ്ങളില്‍ ആശയപ്രചരണവും മാവോയിസ്റ്റുകള്‍ ലക്ഷ്യമാക്കുന്നുണ്ട്.
തണ്ണിക്കടവ് വനമേഖലയില്‍ തമ്പടിച്ചിരിക്കുന്ന മാവോവാദികള്‍ക്ക് ആദിവാസി
കുടുംബം സഹായങ്ങള്‍ നല്‍കിയതിന് വ്യക്തമായ തെളിവുകള്‍ പോലീസിന്റെ
കൈവശമുണ്ട്. കരിയംമുരിയം വനാതിര്‍ത്തിയായ മുക്കണംപൊട്ടിയിലെ ചാത്തന്‍,
മക്കളായ ഭാസ്‌കരന്‍, രാജന്‍ എന്നിവരെ ഇതിന്‍െറ പേരില്‍ കഴിഞ്ഞ വ്യാഴാഴ്‌ച
വഴിക്കടവ് എസ്.ഐ പി. ജ്യോതീന്ദ്രകുമാറും സംഘവും കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്‌തിരുന്നു. മുക്കണ്ണംപൊട്ടി വനാതിര്‍ത്തിയില്‍ ചാത്തനും
കുടംബവും താമസിക്കുന്ന വീട്ടില്‍ ആയുധധാരികളായ സംഘം പതിവായി വന്ന്
പോകുന്നുവെന്ന രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ
നിരീക്ഷണത്തിലാണ് ഇക്കാര്യം പൊലീസിന് നേരിട്ട് ബോധ്യമായത്. മൂന്ന്
ദിവസത്തോളം ചാത്തന്‍െറ വീട്ടില്‍ ആറും അഞ്ചും പേരടങ്ങുന്ന അജ്ഞാത സംഘം
എത്തുന്നുണ്ടെന്നറിഞ്ഞ പൊലീസ് നാലാം ദിവസം പ്രദേശത്ത് നിരീക്ഷണം നടത്തി.
കാട്ടിലൂടെ ചുറ്റും ടോര്‍ച്ചടിച്ച് എത്തിയ രണ്ട് ആയുധധാരികള്‍ ചാത്തന്‍െറ
വീട്ടില്‍ എത്തുന്നതും തുടര്‍ന്ന് ഭക്ഷണവുമായി മടങ്ങുന്നതുമെല്ലാം
പൊലീസിന് നേരിട്ട് കണ്ടിരുന്നു. ചാത്തനും മക്കളും ആയുധധാരികള്‍ക്ക്
മുന്നിലും പിന്നിലുമായി കവചമായി അണിനിരന്നാണ് സംഘം കാട്ടിലേക്ക്
മടങ്ങിയത്. ഈസമയം നടപടിക്ക് തണ്ടര്‍ ബോള്‍ട്ട് അടങ്ങുന്ന പോലീസ് അനുമതി
ചോദിച്ചെങ്കിലും സായുധ സംഘട്ടനം ഒഴിവാക്കുകയാണ് ഉന്നത പോലീസ്
ഉദേ്യാഗസ്ഥര്‍ ചെയ്‌തത്. ആക്രമണത്തിന് മുതിര്‍ന്നാല്‍ ചാത്തന്‍െറയും
മക്കളുടെയും ജീവന്‍ അപകടത്തിലാകുമെന്ന കണ്ട പോലീസ് സംയമനം
പാലിക്കുകയായിരുന്നു. പൊലീസിന്‍െറ നിരീക്ഷണം ചാത്തനും കുടുംബവും
അറിഞ്ഞിരുന്നില്ല. തുടര്‍ന്നുള്ള ദിവസം നടത്തിയ നിരീക്ഷണത്തില്‍ വ്യാഴാഴ്‌ച
രാത്രി ഒമ്പതിന് കാട്ടില്‍ നിന്നും വീട്ടിലേക്ക് വരികയായിരുന്ന സംഘത്തെ
സാഹസികമായി നേരിട്ട് എസ്.ഐയും സംഘവും കസ്റ്റഡിയിലെടുത്തു.
മാവോയിസ്റ്റുകളാണെന്ന് ധരിച്ചായിരുന്നു ഇരുട്ടിലെത്തിയവരെ പോലീസ്
പിടികൂടിയത്. എന്നാല്‍ അത് ചാത്തനും മക്കളുമായിരുന്നു. ആയുധധാരികള്‍ക്ക്
ഭക്ഷണം കൊണ്ടുപോയിരുന്ന ബക്കറ്റ് ഇവരുടെ പക്കലുണ്ടായിരുന്നു.പോലീസ്
കസ്റ്റഡിയിലായതോടെ ചാത്തനും മക്കളും മാവോവാദികള്‍ക്ക് അപായ സൂചന നല്‍കും
വിധം ഉച്ചത്തില്‍ ബഹളം വെച്ചക്കുകയും ചെയ്‌തു. നാട്ടുകാര്‍ക്ക്
മുന്നിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ രണ്ട് തവണകളായി ഇരുപതിനായിരം
രൂപ ആയുധധാരികള്‍ തങ്ങള്‍ക്ക് പാരിതോഷികം നല്‍കിയിട്ടുണ്ടെന്ന് ഇവര്‍
സമ്മതിച്ചിരുന്നു. കല്‍പറ്റ ചുഴലി സ്വദേശിയായ സോമന്‍ ഉള്‍പ്പെടെയുള്ള
സംഘത്തിന്‍െറ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാറുണ്ടെന്നും ഇവരുടെ ഫോണുകള്‍
ഉപയോഗിച്ച് മറ്റുള്ളവരുമായി ബന്ധപ്പെടാറുണ്ടെന്നും ചാത്തനും മക്കളും
സമ്മതിക്കുകയും ചെയ്‌തിരുന്നു. കാട്ടിലുള്ള ആയുധധാരികള്‍ ഭക്ഷണം
ആവശ്യപ്പെട്ട് ചാത്തന്‍െറ ഫോണിലേക്ക് ഉച്ചക്ക് ഒന്നിന് വിളിച്ചതിനെ
തുടര്‍ന്ന് വൈകിട്ട് ഏഴിന് ഭക്ഷണവുമായി പോയ സംഘം രാത്രി ഒമ്പതോടെ
ബക്കറ്റുമായി തിരിച്ചുവരുമ്പോഴാണ് പൊലീസിന്‍െറ പിടിയിലാകുന്നത്. ഇതിന്‍െറ
കോള്‍ റെക്കോഡിങ്ങും രാത്രിയിലെ വീഡിയോ ദൃശ്യങ്ങളും പൊലീസിന്‍െറ
പക്കള്ളതായാണ് വിവരം. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാവോവാദികളുടെ
സങ്കേതം കാണിച്ചുതരാന്‍ ആവശ്യപ്പെട്ട് നിലമ്പൂര്‍ സി.ഐ പി. അബ്ദുല്‍
ബഷീര്‍, പൂക്കോട്ടുംപാടം എസ്.ഐ സുനില്‍ പുളിക്കല്‍ എന്നിവരുടെ
നേതൃത്വത്തില്‍ ചാത്തനെയും മകന്‍ ഭാസ്‌കരനെയും കൂട്ടി ഒരു വഴിയിലൂടെയും
മറ്റൊരു മകനായ രാജനെ കൂട്ടി നിലമ്പൂര്‍ എസ്.ഐ. വി. ബാബുരാജ്, വഴിക്കടവ്
എസ്.ഐ പി. ജ്യോതീന്ദ്രകുമാറിന്‍െറ നേതൃത്വത്തില്‍ തീവ്രവാദ വിരുദ്ധ
സേനയുമായി രണ്ട്‌് സംഘങ്ങളായി പുറപ്പെട്ടു. എന്നാല്‍ കാട്ടില്‍
ആയുധധാരികള്‍ സ്ഥിരമായി ഭക്ഷണം കഴിക്കാനിരിക്കുന്ന പയറ്റുംപൊട്ടിലെ പാറ
കാണിച്ച് കൊടുത്ത ശേഷം പൊലീസ് സംഘത്തിന്‍െറ കണ്ണുവെട്ടിച്ച് രാജന്‍
ഉള്‍ക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. രാത്രിയില്‍ കാട്ടുവഴികള്‍
അറിയാത്ത പൊലീസ് സംഘം പിന്നീട് തിരിച്ച് പോന്നു. ഇതിനുശേഷമാണ് പൊലീസ്
മര്‍ദിച്ചുവെന്ന പരാതിയുമായി ചാത്തനും സംഘവും രംഗത്തെത്തിയത്. രാജ്യദ്രോഹ
കുറ്റം ചെയ്യുന്നവര്‍ക്ക് ഒത്താശ ചെയ്യുന്നത് യു.എ.പി.എ പ്രകാരം
കുറ്റകരമാണ്. എന്നാല്‍ ആദിവാസികള്‍ എന്ന പരിഗണന നല്‍കിയും ഇവരുടെ അജ്ഞത
കൊണ്ടാണ് മാവോയിസ്റ്റുകളെ സഹായിച്ചതെന്നുമുള്ള തിരിച്ചറിവ് കൊണ്ടാണ്
ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത്. മാവോയിസ്റ്റ് കബനീദളം,
നാടുകാണി ദളം, ഭവാനി ദളം എന്നിവയുടെ പ്രവര്‍ത്തകരാണ് നിലമ്പൂര്‍
വനമേഖലയിലുള്ളത്. ഇതില്‍ നാടുകാണി ദളത്തിന്റെ പോരാളികളാണ് മറ്റ് രണ്ട്
ദളങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മീഡിയേറ്റര്‍മാരായി
പ്രവര്‍ത്തിക്കുന്നത്. തണ്ണിക്കടവില്‍ എത്തിയ കബനി ദളക്കാരോടൊപ്പവും,
പാലക്കാട് മുക്കുറുത്തിയില്‍ ഭവാനി ദളക്കാരോടൊപ്പവും നാടുകാണി ദളത്തിന്റെ
പ്രവര്‍ത്തകരെ കണ്ടെത്തിയിട്ടുണ്ട്.








