തിരുവനന്തപുരം: പതിമൂന്നാം നിയമസഭയുടെ സമ്മേളനം പ്രതിപക്ഷത്തിന്റെ പ്രതിഷേധച്ചൂടില്‍ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ധനവിനിയോഗ ബില്ലും വോട്ട് ഓണ്‍ അക്കൗണ്ടും ചര്‍ച്ച കൂടാതെ പാസാക്കിയാണ് ബജറ്റ് സമ്മേളനത്തിന് വിരാമമായത്. അടുത്ത പതിറ്റാണ്ടുകളിലൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള പ്രക്ഷോഭങ്ങള്‍ക്കാണ് ഈകാലയളവില്‍ സഭ സാക്ഷ്യംവഹിച്ചത്. മാര്‍ച്ച് ആറിന് തുടങ്ങി ഏപ്രില്‍ ഒമ്പതുവരെ ചേരേണ്ടിയിരുന്ന സഭാസമ്മേളനമാണ് അവസാനിപ്പിച്ചത്. ഇരുപത്തിമൂന്ന് ദിവസം ചേരേണ്ടിയിരുന്ന സഭാനടപടികള്‍ പത്തു ദിവസം പോലും സുഗമമായി ചേര്‍ന്നിട്ടില്ല.
തിങ്കളാഴ്ച സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തങ്ങളുടെ ആവശ്യമുന്നയിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭാ നടപടികള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാത്ത് സാഹചര്യത്തില്‍ സഭ അനിശ്ചിത കാലത്തേക്ക് പിരിയണമെന്ന പ്രമേയം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചു. ഇതോടെ സുപ്രധാന ബില്ലുകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കാന്‍ സ്പീക്കര്‍ എന്‍.ശക്തന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ച കൂടാതെ ശബ്ദവോട്ടൊടെ പാസാക്കി. ധനവിനിയോഗ ബില്‍ ഉള്‍പ്പെടെ അഞ്ചു ബില്ലുകളാണ് രണ്ടരമിനിറ്റിനുള്ളില്‍ പാസാക്കി സഭ പിരിഞ്ഞത്.
അഞ്ച് എം.എല്‍.എമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക, വനിതാ എം.എല്‍.എമാരെ ആക്രമിച്ച യു.ഡി.എഫ് അംഗങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിപക്ഷം ഇന്ന് സഭയില്‍ ഉന്നയിച്ചത്. രാവിലെ സഭ ചേര്‍ന്നയുടന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യൂതാനന്ദന്‍ ഇക്കാര്യങ്ങള്‍ സ്പീക്കറോട് ആവശ്യപ്പെട്ടൂ. എന്നാല്‍, ബജറ്റ് ദിവസം നടന്ന സംഭവങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണെന്നും തെറ്റുചെയ്തവര്‍ക്കെതിരായ നടപടി ഒഴിവാക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വനിതാ എം.എല്‍.എമാരെ ആക്രമിച്ചുവെന്ന പരാതിയില്‍ വീഡിയോ ദൃശ്യങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ടശേഷം തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. ജമീലാ പ്രകാശം ഉന്നയിച്ച കാര്യങ്ങളും ലോകം മുഴുവന്‍ കണ്ടതാണെന്നും വി.എസ് മറുപടി നല്‍കി. അഞ്ച് എം.എല്‍.എമാര്‍ക്കെതിരായ നടപടിയും ഒരുമിച്ചിരുന്ന് വീഡിയോ കണ്ടശേഷം മതിയായിരുന്നല്ലോ എന്നും വി.എസ് ചോദിച്ചു. തുടര്‍ന്ന് മാണിക്കെതിരായ ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവച്ചു.
സഭയില്‍ പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കര്‍ രാവിലെ ഭരണ-പ്രതിപക്ഷ നേതാക്ക്‌ളുമായി ചര്‍ച്ച നടത്തിയിരുന്നു. അഞ്ച് എം.എല്‍.എമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുയും അത് അംഗീകരിക്കാന്‍ ഭരണപക്ഷം തയ്യാറാകാതെ വരുകയും ചെയ്തതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.








