ഓക്ക്‌ലണ്ട്: സിംബാബ്‌വെ മുന്നോട്ട് വെച്ച 287 റണ്‍ 48.4 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യയുടെ മധ്യനിര ഫോമിലല്ലെന്ന വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് നായകന്‍ ധോണിയും റെയ്‌നയും കൂടി കാഴ്‌ചവെച്ചത്.
നായകന്‍ ടെയ്‌ലറുടെ സെഞ്ചുറി കരുത്തില്‍ സിംബാബ്‌വെ 287 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. ടെയ്‌ലറുടെ സെഞ്ചുറിക്ക് റെയ്‌ന പുറത്താകാതെ നേടിയ സെഞ്ചുറിയിലൂടെയാണ് ഇന്ത്യ മറുപടി പറഞ്ഞത്. റെയ്‌ന 104 പന്തില്‍ 110 റണ്‍ നേടി. ഒമ്പത് ഫോറും നാലു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്‌സ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ മുന്‍ നിര പതിവിനു വിപരീതമായി പരാജയപ്പെട്ടു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ 16നും, ധവാന്‍ നാലു റണ്ണിനും പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ കോഹ്ലിയും(38) രഹാനെയും(19) ചെറുത്തു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ടീം തോല്‍വിയിലേക്ക് കൂപ്പുകുത്തുന്നു എന്ന ഘട്ടത്തിലാണ് നായകന്‍ ധോണിയും റെയ്‌നയും ബാറ്റേന്തിയത്. മെല്ലെത്തുടങ്ങിയ ഇരുവരും പിന്നീട് സിംബാബ്‌വെയുടെ ബൗളര്‍മാരെ കണക്കിന് പ്രഹരിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ ധോണി റെയ്‌നയ്‌ക്ക് മികച്ച പിന്തുണ നല്‍കി. ധോണി 76 പന്തുകളില്‍ നിന്നും 85 റണ്‍ നേടി. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. സിംബാബ്‌വെയ്‌ക്ക് വേണ്ടി പന്യന്‍ഗാത രണ്ടും, സിക്കന്ദര്‍ റാസ ഒരു വിക്കറ്റും നേടി.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിങ്ങിയ സിംബാബ്‌വെ 48.4 ഓവറില്‍ 287ന് ഓള്‍ഔട്ട് ആവുകയായിരുന്നു. ടെയ്‌ലറിന്റെ സെഞ്ചുറി കരുത്തിലാണ് സിംബാബ്‌വെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്. 110 പന്തില്‍ നിന്നും 138 റണ്ണാണ് ടെയ്‌ലര്‍ നേടിയത്. അഞ്ച് സിക്‌സും 15 ബൗണ്ടറികളും അടങ്ങുന്നതാതയിരുന്നു ടെയ്‌ലറിന്റെ ഇന്നിംഗ്‌സ്. ഇതോടെ രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ സിംബാബ്‌വെന്‍ താരമായിരിക്കുകയാണ് ടെയ്‌ലര്‍. വില്യംസ്(50) അര്‍ദ്ധ സെഞ്ചുറിയും നേടിയിരുന്നു. ഇന്ത്യയ്‌ക്ക് വേണ്ടി ഹാമി, യാദവ്, ശര്‍മ എന്നിവര്‍ മൂന്നും അശ്വിന്‍ ഒരു വിക്കറ്റും നേടി. വിക്കറ്റ് നേട്ടത്തോടെ ലോകകപ്പിലെ ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാമതുള്ള ബോള്‍ട്ടിനൊപ്പം എത്തിയിരിക്കുകയാണ് ഷാമി. ആറു മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് ബോള്‍ട്ട് നേടിയപ്പോള്‍, അഞ്ചു കളികളില്‍ നിന്നാണ് ഷാമി 15 വിക്കറ്റ് നേടിയത്.








