തിരുവനന്തപുരം: ബജറ്റ് ദിവസം നിയമസഭയില്‍ അടിപിടിയുണ്ടാക്കിയ എം.എല്‍.എമാര്‍ക്കെതിരെ നടപടി വേണമെന്ന് ഗവര്‍ണര്‍ പി.സദാശിവം ആവശ്യപ്പെട്ടു. ഭരണഘടനയുടെ 356ാം വകുപ്പനുസരിച്ച് രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ പര്യാപ്‌തമായ സംഭവങ്ങളാണ് സഭയില്‍ അരങ്ങേറിയത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗവര്‍ണറുടെ ഓഫീസില്‍ നിന്നുള്ള പത്രക്കുറിപ്പ് പറയുന്നു. ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടന്ന സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെങ്കിലും സ്‌പീക്കറുടെ വിശദീകരണം സ്വീകരിക്കുന്നു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. മാര്‍ച്ച് 31നു മുന്‍പ് ബജറ്റ് പാസാക്കണം. ഇല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഇന്നലെ ഉച്ചയ്‌ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണറെ സന്ദര്‍ശിച്ച് സഭയില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. അരമണിക്കൂറോളം ഗവര്‍ണറുമായുള്ള കൂടിക്കാഴ്‌ച നീണ്ടുനിന്നു. സ്‌പീക്കറുടെ അനുമതിയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതെന്നും എന്നാല്‍, ഖേദകരമായ സംഭവങ്ങള്‍ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു. വെളളിയാഴ്‌ച സഭയിലുണ്ടായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ഗവര്‍ണറെ കണ്ടിരുന്നു. സഭയില്‍ ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചതായി കണക്കാക്കാനാവില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നും വി.എസ്. ആവശ്യപ്പെട്ടു. ബജറ്റ് അവതരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ബി.ജെ.പി നേതാക്കളും ഗവര്‍ണറോട് അഭ്യര്‍ഥിച്ചിരുന്നു.മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സന്ദര്‍ശനത്തിനുശേഷമാണ് ഗവര്‍ണര്‍ പത്രക്കുറിപ്പ് ഇറക്കിയത്.
സഭയിലുണ്ടായ കാര്യങ്ങളെക്കുറിച്ച് സ്‌പീക്കര്‍ എന്‍.ശക്‌തനും ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. നിയമസഭാ സെക്രട്ടറിയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിയമസഭയിലെ വീഡിയോ ദൃശ്യങ്ങളും മാധ്യമ വാര്‍ത്തകളും ഗവര്‍ണര്‍ പരിശോധിക്കും. അതിനുശേഷം രാഷ്‌ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്‌പീക്കറുടെ മൈക്ക് വലിച്ചെറിയുകയും അദ്ദേഹത്തിന്റെ ഇരിപ്പിടം താഴേക്ക് തളളിയിടുകയും ചെയ്‌തു. ചിലര്‍ സഭയില്‍ മര്യാദവിട്ട് പെരുമാറുകയും സഭാനാഥനായ സ്‌പീക്കറോടുപോലും അപമര്യാദയായി പെരുമാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അച്ചടക്കവും മര്യാദയും പാലിക്കേണ്ട എം.എല്‍.എമാര്‍ അത് നിറവേറ്റാത്തത് ഗുരുതരമായ പ്രശ്‌നമാണ്. സഭയിലുണ്ടായ ഇത്തരം സംഭവങ്ങളില്‍ തനിക്ക് ആശങ്കയുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി ഭരണപ്രതിസന്ധി ഒഴിവാക്കണം -പത്രക്കുറിപ്പ് പറയുന്നു.








