Home » » കെ.എം. മാണിക്ക് രാഷ്ട്രീയവനവാസം ഒരുക്കാന്‍ ഉമ്മന്‍ചാണ്ടി.

കെ.എം. മാണിക്ക് രാഷ്ട്രീയവനവാസം ഒരുക്കാന്‍ ഉമ്മന്‍ചാണ്ടി.

Written By Unknown on Sunday, 22 March 2015 | 09:14

തിരുവനന്തപുരം: മന്ത്രി കെ.എം. മാണിക്ക് രാഷ്ട്രീയവനവാസം ഒരുക്കാന്‍ ഉമ്മന്‍ചാണ്ടി. രഹസ്യമായി പി.സി. ജോര്‍ജിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസില്‍ തമ്മിലടിമൂപ്പിച്ച് തന്റെ ഇരിപ്പിടം സുഗമമാക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെ തന്ത്രം വിജയത്തിലേക്ക്. മാണിയെ കഴിയുന്നത്ര പൊതുജനമദ്ധ്യത്തില്‍ നാണംകെടുത്തി നാറ്റിക്കുകയെന്നതാണ് തന്ത്രം. അതിന് പ്രത്യക്ഷത്തില്‍ ശത്രുതകാട്ടിക്കൊണ്ട് ജോര്‍ജിനെ ആയുധമാക്കി ഉപയോഗിക്കുകയാണ് ഉമ്മന്‍ചാണ്ടി. ആന്റണിയെ നാടുകടത്താന്‍ സ്വീകരിച്ച അതേ തന്ത്രമാണ് ഇക്കുറിയും പയറ്റുന്നത്. ഇതോടെ മധ്യതിരുവിതാംകൂറിലെ കിരീടം വയ്ക്കാത്ത രാജാവായി ഉമ്മന്‍ചാണ്ടി അവരോധിക്കപ്പെടുകയും ചെയ്യും.
ബാര്‍ക്കോഴ കേസില്‍ ആരോപണ വിധേയനായ മന്ത്രി മാണിയെ പിന്തുണയ്ക്കുന്നതായി ഉമ്മന്‍ചാണ്ടി നടിക്കുന്നതിന് പിന്നില്‍ കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കുകയെന്ന ഗൂഢലക്ഷ്യമാണുള്ളത്. ഇപ്പോള്‍തന്നെ ഇത്രയേറെ ആരോപണവിധേയനായ മാണിയെ സംരക്ഷിക്കുന്നുവെന്ന പേരില്‍ അദ്ദേഹത്തെ കൂടുതല്‍ കേരള സമൂഹത്തിന് മുന്നില്‍ നാണംകെടുത്തുകയെന്ന തന്ത്രമാണുളളത്. നാണംകെട്ട് പിന്നീട് ഒരു നിവൃത്തിയുമില്ലാതെ വരുമ്പോള്‍ മാണി സ്വയം രാജിവച്ച് ഒഴിയും. അതോടെ മാണി എന്ന പ്രതിഭാസം കേരളരാഷ്ട്രീയത്തിലില്ലാതാകുകയും ചെയ്യുമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ തന്ത്രം.
മദ്ധ്യതിരുവിതാംകൂറില്‍ ആരാണ് നേതാവ് എന്നതാണ് ഇന്ന് യു.ഡി.എഫില്‍ പുകയുന്ന പ്രധാനപ്രശ്‌നം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെയാണ് ഇത് ആളിപ്പടരാന്‍ തുടങ്ങിയത്. നേതാവ് താനാണെന്ന് ഉമ്മന്‍ചാണ്ടിയും അല്ല തലയെടുപ്പുള്ള നേതൃത്വം തന്റേതാണെന്ന് മാണിയും വാദിച്ചിരുന്നു. മാണിയുടെ മുഖ്യമന്ത്രി മോഹവും കൂടിയായപ്പോള്‍ ഉമ്മന്‍ചാണ്ടി കളിതുടങ്ങി. മാണി പണം വാങ്ങിയെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒരു സംശയവുമില്ല. എന്നാല്‍ ആരോപണം വന്നയുടന്‍ തന്നെ മാണിയെക്കൊണ്ട് രാജിവയ്പ്പിച്ചാല്‍ അത് തനിക്ക് തിരിച്ചടിയാകുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കണക്കുകൂട്ടല്‍. എന്തായാലും മാണിയെ കുറ്റവാളിയാക്കിക്കൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് ഇക്കാര്യത്തിലുണ്ടാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ നേരത്തെ രാജിവച്ചിരുന്നെങ്കില്‍ മാണി അഗ്‌നിശുദ്ധി നേടി തിരിച്ചുവരുമായിരുന്നു. അത് നിരവധി ആരോപണങ്ങള്‍ക്കും വിജിലന്‍സ് കേസുകള്‍ക്കുമിടയില്‍ കിടക്കുന്ന തനിക്ക് തിരിച്ചടിയാകുമെന്ന് ഉമ്മന്‍ചാണ്ടി വിലയിരുത്തിയിരുന്നു.
അതുകൊണ്ടാണ് എന്തുവിലകൊടുത്തും മാണിയെ സംരക്ഷിക്കുകയെന്ന ഒരു തന്ത്രം ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. പുറമെ മാണിയെ പിന്തുണയ്ക്കുന്നുവെന്ന് വരുത്തിക്കൊണ്ട് അദ്ദേഹത്തെ പരമാവധി നാറ്റിച്ച് കേരളമൊട്ടാകെ ഏറ്റവും വലിയ കള്ളനാണെന്ന് വരുത്തി തിര്‍ക്കുകയാണ് ലക്ഷ്യം. ബജറ്റവതരണത്തെ തടസ്സപ്പെടുത്തുമെന്ന പ്രതിപക്ഷത്തിന്റെ മുന്നറിയിപ്പിനെ പ്രകോപനപരമായി നേരിട്ട് നിയമസഭയില്‍ ഇത്രയും വിഷയങ്ങള്‍ ഉണ്ടാക്കിയതിന് പിന്നിലെ ലക്ഷ്യവും ഇതായിരുന്നു. ഈ സംഭവങ്ങളോടെ മാണി കോഴ വാങ്ങിയെന്ന് കേരളത്തിലെ ജനങ്ങളെ മുഴുവന്‍ ബോധ്യപ്പെടുത്തുകയാണ് ഉമ്മന്‍ചാണ്ടി. ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയില്‍ തന്നെ പടയൊരുക്കം തുടങ്ങിയ സാഹചര്യത്തില്‍ ഇനി മാണിക്ക് അധികം പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. ഇതോടെ മധ്യതിരുവിതാംകൂറിലെ ചോദ്യംചെയ്യാത്ത രാജാവായി ഉമ്മന്‍ചാണ്ടിക്ക് മാറാന്‍ കഴിയും. അതുകൊണ്ടാണ് മാണിയെ രാജവയ്പ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിക്കുന്നത്.
കേരള കോണ്‍ഗ്രസിനുള്ളില്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെ ഉപയോഗിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നതും. പുറമെ ഉമ്മന്‍ചാണ്ടിയും ജോര്‍ജും അത്ര രസത്തിലല്ലെന്ന് വരുത്തിക്കൊണ്ട് രഹസ്യമായി ഇരുമെയ്യും ഒരു കരളുമായാണ് പ്രവര്‍ത്തിക്കുന്നത്. പാമോലിന്‍ കേസില്‍ പ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടി വരുമെന്നായപ്പോള്‍ അന്ന് വിജിലന്‍സ് ജഡ്ജിക്കെതിരെ പരസ്യമായി രംഗത്തിറക്കിയ ചാവേറാണ് ജോര്‍ജ്. ആ ജോര്‍ജിനെ ഉപയോഗിച്ചാണ് ഇപ്പോള്‍ മാണിയെ ഒതുക്കാന്‍ നീക്കം നടക്കുന്നത്. അതിന്റെ ഭാഗമായാണ് ബാര്‍ക്കോഴ വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്യണമെന്ന ആവശ്യം ജോര്‍ജ് ഉന്നയിച്ചത്. കഴിഞ്ഞതവണ ചേര്‍ന്ന കമ്മിറ്റിയില്‍ ജോര്‍ജിന്റെ കൈയാളായ ടി.എസ്. ജോണിനെക്കൊണ്ട് ഇക്കാര്യം കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി ഇത് ചര്‍ച്ചചെയ്തില്ലെങ്കിലും ജോര്‍ജ് വിടാനുളള ഒരുക്കമില്ല. ​കേരളാ കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്ന ജോര്‍ജി​ന്റെ പരാമര്‍ശവും ഇതിനോട് ചേര്‍ത്ത് വായിക്കവുന്നതാണ്. പാര്‍ട്ടിയില്‍ ഒരാളെങ്കിലും ഇതിനെക്കുറിച്ച് സംസാരിച്ചുപോയാല്‍ അത് വ്യാപിക്കും. ഇതോടെ മാണിക്ക് പാര്‍ട്ടിയിലുള്ള അപ്രമാദിത്വം നഷ്ടപ്പെടുകയും ചെയ്യും. അതാണ് ഉമ്മന്‍ചാണ്ടിയും ജോര്‍ജും ലക്ഷ്യമിടുന്നത്. ഇത് മനസിലാക്കിയാണ് മാണി ഇന്നലെ ഇക്കാര്യം ചര്‍ച്ചചെയ്യിക്കാതെ ഒഴിവാക്കിയത്. എന്നാല്‍ താമസിക്കാതെ ഇത് ചര്‍ച്ചചെയ്യേണ്ടിവരും. അത് കേരള കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ ജോര്‍ജിനെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തി പുറത്താക്കാനാണ് മാണി ശ്രമിക്കുന്നത്. ജോസഫ് ഗ്രൂപ്പിന്റെ പിന്തുണയും മാണിക്ക് അതിന് ലഭിക്കും. ജോര്‍ജിനെതിരെ മാണി നേരിട്ട് രംഗത്തുവരാതെ ജോസഫിനെയും മറ്റും മുന്നില്‍ നിര്‍ത്തികളക്കാനാണ് നീക്കം. ഇത് പിളര്‍പ്പിലേക്ക് നയിക്കുകയും ചെയ്യും. അതോടെ ഉമ്മന്‍ചാണ്ടിയുടെ ദൗത്യവും പൂര്‍ത്തിയാകും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.