Home » » ബാര്‍ കോഴ വിവാദo;കേരള കോണ്‍ഗ്രസ്‌ സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തില്‍ വന്‍ പൊട്ടിത്തെറി.

ബാര്‍ കോഴ വിവാദo;കേരള കോണ്‍ഗ്രസ്‌ സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തില്‍ വന്‍ പൊട്ടിത്തെറി.

Written By Unknown on Saturday, 21 March 2015 | 20:14

കോട്ടയം: ബാര്‍ കോഴ വിവാദത്തിലും തുടര്‍ന്നുണ്ടായ ആരോപണങ്ങളിലും നഷ്‌ടമായ പ്രതിഛായ തിരികെ പിടിക്കാന്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ അടിയന്തര സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തില്‍ വന്‍ പൊട്ടിത്തെറി ഉണ്ടാകുമെന്ന പ്രതീക്ഷ അസ്‌ഥാനത്തായി.

കോട്ടയം അടിച്ചിറയില്‍ ചേര്‍ന്ന യോഗത്തില്‍ ഏറെ നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതമാകുമെന്നാണു പൊതുവേ വിലയിരുത്തപ്പെട്ടിരുന്നത്‌.

എന്നാല്‍, സ്‌റ്റിയറിങ്‌ കമ്മറ്റി യോഗത്തിന്‌ ശേഷം കെ.എം. മാണി തന്റെ നിലപാട്‌ ശക്‌തമാക്കുകയായിരുന്നു. യോഗം കഴിഞ്ഞ്‌ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച മാണി ബാര്‍ കോഴ എന്നൊരു സംഭവം നടന്നിട്ടില്ലെന്നും ഇതിന്റെ പേരില്‍ ചര്‍ച്ച നടത്താന്‍ തയാറല്ലെന്നും പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തുവിടാന്‍ ഒരുക്കമല്ലെന്നും വ്യക്‌തമാക്കി.

ബാര്‍ കോഴയില്‍ ചര്‍ച്ച വേണമെന്നും പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട്‌ പുറത്തു വിടണമെന്നും വൈസ്‌ ചെയര്‍മാനും സര്‍ക്കാര്‍ ചീഫ്‌ വിപ്പുമായ പി.സി. ജോര്‍ജ്‌ പറഞ്ഞതിന്‌ തൊട്ടുപിന്നാലെയാണു ശക്‌തമായ നിലപാടുമായി മാണി രംഗത്തെത്തിയത്‌. താനാണു പാര്‍ട്ടി ചെയര്‍മാനെന്നും താന്‍ പറയുന്നതാണു പാര്‍ട്ടി നയമെന്നും മാണി അസന്നിഗ്‌ധമായി വ്യക്‌തമാക്കുകയും ചെയ്‌തു.

വൈകുന്നേരം പാലായില്‍ കെ.എം. മാണിക്കു നല്‍കിയ സ്വീകരണത്തില്‍ നിന്നു പി.സി. ജോര്‍ജ്‌ വിട്ടു നിന്നു തനിക്കു പാര്‍ട്ടി നേതൃത്വത്തോടുള്ള എതിര്‍പ്പു വ്യക്‌തമാക്കുകയും ചെയ്‌തു.

പാര്‍ട്ടിക്കെതിരേ ഒരു ഗൂഢാലോചന നടന്നു, ഇതേപ്പറ്റി അന്വേഷിക്കാനാണ്‌ പാര്‍ട്ടി കമ്മിഷനെ നിയോഗിച്ചത്‌. ഇതു പാര്‍ട്ടിയുടെ ആഭ്യന്തരകാര്യം മാത്രമാണ്‌. അതിനാലാണ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കാന്‍ തയാറാകാത്തത്‌.
ബാര്‍ കോഴക്കേസില്‍ കുറ്റപത്രത്തില്‍ പേരു വന്നാലും രാജിവയ്‌ക്കേണ്ടതില്ലെന്നു പറഞ്ഞത്‌ പൊതുവായ നിലയിലാണ്‌.

കുറ്റപത്രത്തില്‍ പേരുണ്ടെങ്കിലും കോടതിയില്‍ ചെല്ലുമ്പോള്‍ മാത്രമാണ്‌ കുറ്റം ചെയ്‌തോ എന്ന്‌ കോടതി ചോദിക്കുന്നത്‌. ഇതിനര്‍ഥം അയാള്‍ കുറ്റം ചെയ്‌തു എന്നല്ല. യു.ഡി.എഫ്‌. തന്റെ പിന്നില്‍ ഒറ്റക്കെട്ടാണ്‌. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റുമൊക്കെയാണ്‌ യു.ഡി.എഫിന്റെ നിലപാട്‌ വ്യക്‌തമാക്കുന്നതെന്നു പറയാനും മാണി മറന്നില്ല.
ഇതോടെ പി.സി. ജോര്‍ജ്‌ പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെടുന്നതായാണ്‌ സൂചന. നേരത്തെ മാധ്യമങ്ങളോടു സംസാരിച്ച ജോര്‍ജ്‌ പാര്‍ട്ടി യോഗങ്ങള്‍ പ്രഹസനമാകരുതെന്നും ധാര്‍മികത എന്നത്‌ ഓരോ വ്യക്‌തിയെയും ആശ്രയിച്ചാണിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയിരുന്നു. കെ.എം. മാണിയെ പരിചയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.

ഇതിന്‌ മറുപടിയായി, ഒരു യോഗവും പ്രഹസനമല്ലെന്നും സീരിയസായ പാര്‍ട്ടി, സീരിയസായ യോഗം, സീരിയസായ ചര്‍ച്ച എന്നിവയാണു നടക്കുന്നതെന്നുമാണ്‌ മാണി പറഞ്ഞത്‌. മാണി രാജിവയ്‌ക്കണമെന്ന ആവശ്യം യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ഉന്നയിച്ചത്‌ ചൂണ്ടിക്കാട്ടിയപ്പോള്‍ ഒരു യൂത്ത്‌ നേതാവ്‌ മാത്രമേ ഈ ആവശ്യം ഉന്നയിച്ചിട്ടുളേളാ എന്നയിരുന്നു മറുപടി.
കെ.എം. മാണിക്കെതിരേ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും പി.സി. ജോര്‍ജ്‌ മാണിയെ കുഴപ്പത്തിലാക്കാന്‍ നടത്തിയ പ്രസ്‌താവനകളും ചര്‍ച്ച ചെയ്യാനാണ്‌ അടിയന്തരയോഗം വിളിച്ചിരുന്നതെങ്കിലും യോഗം കാര്‍ഷിക ചര്‍ച്ചയില്‍ അവസാനിക്കുകയായിരുന്നു.

പാര്‍ട്ടിക്കുണ്ടായ അവമതി ചര്‍ച്ച ചെയ്യണമെന്ന്‌ ജോര്‍ജ്‌ ആവശ്യപ്പെട്ടെങ്കിലും ആരും കാര്യമായി ഗൗനിച്ചില്ല. ഇതിനിടെ കെ.എം. മാണി അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യണമെന്നും റബര്‍, നെല്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണമെന്ന സി.എഫ്‌. തോമസിന്റെ നിര്‍ദേശം പാര്‍ട്ടി അംഗീകരിക്കുകയും ചെയ്‌തു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.