Home » » ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ ഇടപെടൽ സംസ്ഥാന സർക്കാരിന് പുതിയ വെല്ലുവിളി.

ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ ഇടപെടൽ സംസ്ഥാന സർക്കാരിന് പുതിയ വെല്ലുവിളി.

Written By Unknown on Sunday, 15 March 2015 | 17:24

തിരുവനന്തപുരം : നിയമസഭയിലെ അതിക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ ജസ്റ്റിസ് പി. സദാശിവം നടത്തിയ ഇടപെടൽ സംസ്ഥാന സർക്കാരിന് പുതിയ ഒരു വെല്ലുവിളിയാണ്. സർക്കാരിന് ഇതുവരെ പ്രതിപക്ഷത്തെ മാത്രം നേരിട്ടാൽ മതിയായിരുന്നു. സഭയിൽ ഭൂരിപക്ഷ പിന്തുണയുടെ ബലത്തിലും പുറത്ത് പൊലീസിന്റെ കരുത്തിലും പ്രതിപക്ഷത്തെ നേരിട്ടാൽ സുഗമമായി മുന്നോട്ട്  പോകാമെന്ന ഭരണപക്ഷത്തിന്റെ വിശ്വാസമാണ് ഗവർണറുടെ ഇടപെടലോടെ ഉലഞ്ഞത്.
ധനമന്ത്രി ബഡ്ജറ്റ് അവതരിപ്പിച്ചോയെന്ന് തീരുമാനിക്കാനുള്ള അധികാരം സ്പീക്കർക്ക്  ഗവർണർ വിട്ടുകൊടുത്തു. പക്ഷേ, തീരുമാനം വേണ്ടിവരുന്ന  ഒരു തർക്കപ്രശ്നമാണ് ബഡ്ജറ്റ് അവതരണമെന്ന സൂചന അതിലുണ്ട്. ബഡ്ജറ്റ് അവതരണം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ബി.ജെ.പിയുടെ ആവശ്യം അദ്ദേഹം അപ്പാടെ അവഗണിച്ചില്ലെന്ന് അർത്ഥം.

രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കിയതിന് പുറമേ 356-ാം വകുപ്പിനെക്കുറിച്ച് ഗവർണർ ഓർമ്മിപ്പിച്ചത് സർക്കാരിന് ഒരു ഭീഷണി തന്നെയാണ്. രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുന്നതുമായി ബന്ധപ്പെട്ടതാണ്  356-ാം വകുപ്പ്.  356-ാം വകുപ്പ്  പ്രകാരം റിപ്പോർട്ട്  അയച്ചാൽ പോലും സാധൂകരിക്കാനാവുമെന്നാണ്  അദ്ദേഹത്തിന്റെ  നിലപാട്. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക പഴയതുപോലെ ഇപ്പോൾ എളുപ്പമല്ല. എന്നാൽ, കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നത്  സംസ്ഥാന ഭരണത്തിന് നേതൃത്വം നൽകുന്ന കോൺഗ്രസ് അല്ല. കോൺഗ്രസ് നിയമിച്ച ഗവർണറുമല്ല ജസ്റ്റിസ് സദാശിവം. രാഷ്ട്രീയ ഔചിത്യം ഒരു പ്രശ്നമേയല്ലെന്ന സംസ്ഥാന ഭരണകൂടത്തിന്റെ നിലപാട് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പിയും സ്വീകരിച്ചാൽ ബുദ്ധിമുട്ടാകും. അതാണ് ഭീഷണി. രാജ്യസഭയിൽ അല്ലാതെ ദേശീയ തലത്തിൽ ശക്തമായി പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോൾ കോൺഗ്രസ്. സംസ്ഥാനത്തെ ബി.ജെ.പി ഘടകമാകട്ടെ, ഇനി ഒരു അവസരവും പാഴാക്കില്ലെന്ന സൂചനയാണ് നിയമസഭാ ഉപരോധത്തിന്  യുവമോർച്ചയെ നിയോഗിച്ചുകൊണ്ട് നൽകിയത്.
 
അദൃശ്യമായ പുതിയ ഒരു പോർമുഖം കൂടി തുറന്നിരിക്കുകയാണ്. ഇടതുമുന്നണിയെ മാത്രം നേരിട്ടാൽ പോരാ എന്ന സ്ഥിതിയാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. ക്രമസമാധാനനില തകർന്നാൽ 356-ാം വകുപ്പ്  ഒരു ഭീഷണിയായി വീണ്ടും തലപൊക്കും. ക്രമസമാധാനനില പാടേ തകർന്നെന്ന് തോന്നാത്ത വിധമേ പ്രതിപക്ഷ സമരങ്ങളെ നേരിടാൻ ഇനി പൊലീസിനെ നിയോഗിക്കാൻ കഴിയൂ. നടത്തിയത് അഡ്‌ജസ്റ്റ്മെന്റ് സമരങ്ങളാണെന്ന ആക്ഷേപം നേരിടുന്ന പ്രതിപക്ഷം ഈ സാഹചര്യം മുതലെടുക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.