തിരുവനന്തപുരം: കെ.എം മാണിയെ ധനമന്ത്രിയായി അംഗീകരിക്കില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. മാണിയുടെ എല്ലാ പരിപാടികളും ബഹിഷ്‌കരിക്കും. മാണിയെ വഴിയില്‍ തടയും. അഴിമതിക്കെതിരായ സമരത്തില്‍ തൂക്കിലേറാന്‍ വരെ താന്‍ തയാറെന്നും കോടിയേരി പറഞ്ഞു. അഴിമതിക്കേസില്‍ പ്രതിയായിട്ടുള്ള കെ.എം. മാണി രാജി സമര്‍പ്പിക്കണം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിലപാട് മാറ്റാതെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നിലപാടാണ് ഇപ്പോഴത്തെ സ്‌ഥിതിഗതികള്‍ക്കു കാരണമെന്നും കോടിയേരി പറഞ്ഞു.
നിയമസഭയില്‍ നടന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കും ധനമന്ത്രിക്കുമാണ്. മുഖ്യമന്ത്രിയാണ് ബജറ്റ് അവതരിപ്പിച്ചിരുന്നതെങ്കില്‍ പ്രശ്‌നങ്ങളുണ്ടാകുമായിരുന്നില്ല. മാണി സഭയില്‍ കാട്ടിയത് മാജിക്കുകാരന്റെ റോളാണെന്നും കോടിയേരി പറഞ്ഞു. മാണിയുടെ സീറ്റ് മാറ്റിയെന്ന മുഖ്യമന്ത്രിയുടെ വാദം കള്ളമാണ്. അങ്ങനെ മാറ്റുകയാണെങ്കില്‍ അത് എല്ലാവരെയും അറിയിക്കണം. മുഖ്യമന്ത്രി ഒഴികെയുള്ള മറ്റൊരു മന്ത്രിയും സ്വന്തം സീറ്റിലുണ്ടായിരുന്നില്ലെന്നും കോടിയേരി വ്യക്‌തമാക്കി. മുന്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് ദുഃഖാചരണം നിലനില്‍ക്കവേ ആയിരുന്നു സഭയില്‍ ലഡുവിതരണം നടത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.
യുഡിഎഫിന്റെ നിലപാടാണ് സഭയില്‍ സംഘര്‍ഷത്തിനു കാരണമായത്. വാച്ച് ആന്‍ഡ് വാര്‍ഡിനൊപ്പം കോണ്‍ഗ്രസുകാരെയും സഭയില്‍ ഉള്‍പ്പെടുത്തി. വനിത എംഎല്‍എമാരെ ആക്രമിച്ചവര്‍ക്കെതിരെ 354-ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.








