തിരുവനന്തപുരം : ആര്‍. ബാലകൃഷ്‌ണപിള്ളയേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (ബി)യേയും യുഡിഎഫില്‍ നിന്നും പുറത്താക്കി. യുഡിഎഫ് ഘടക കക്ഷികള്‍ക്കിടയില്‍ ഇതു സംബന്ധിച്ചു തത്വത്തില്‍ തീരുമാനമായതായാണ് സൂചന. സാങ്കേതികമായി ബാലകൃഷ്‌ണപിള്ള യുഡിഎഫിനു പുറത്താണെന്നും അടുത്ത യുഡിഎഫ് യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വ്യക്‌തമാക്കി. വ്യാഴാഴ്‌ചയോ വെള്ളിയാഴ്‌ചയോ ചേരുന്ന യുഡിഎഫ് യോഗത്തിനുശേഷം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. യുഡിഎഫില്‍ നിന്നു പുറത്താക്കിയിട്ടില്ലെങ്കിലും കഴിഞ്ഞ രണ്ട് യുഡിഎഫ് യോഗത്തിലേക്കും പിള്ളയെ ക്ഷണിച്ചിരുന്നില്ല.
ഇതിനിടെ, ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് നാളെ നടക്കാനിരിക്കുന്ന സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടതു സ്‌ഥാനാര്‍ഥിയായ ഐഷ പോറ്റിയെ പിന്തുണയ്‌ക്കുമെന്ന് ബാലകൃഷ്‌ണപിള്ള ഇന്ന് വ്യക്‌തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിള്ളയെ പുറത്താക്കുമെന്ന യു.ഡി.ഫ് നിലപാട് അറിയിച്ചുകൊണ്ട് പി.പി. തങ്കച്ചന്‍ രംഗത്തെത്തിയത്.
അതേസമയം, യുഡിഎഫില്‍ നിന്നും താന്‍ നേരത്തെ തന്നെ മാനസികമായി അകന്നിരുന്നുവെന്നും തന്നെ പുറത്താക്കാണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു എന്നും പിള്ള പ്രതികരിച്ചു. അഴിമതി ചൂണ്ടിക്കാട്ടിയതിന്റെ പേരിലാണ് താന്‍ പുറത്താകുന്നതെന്നും തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാര്യമാണ് ഇതെന്നും പിള്ള പ്രതികരിച്ചു. സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് പാര്‍ട്ടിയെ കുറ്റപ്പെടുത്തിയതിന്റെ പകുതിപോലും താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍, നടപടി നേരിടേണ്ടി വന്നത് തനിക്ക് മാത്രമാണ്. താനും ജോര്‍ജും രണ്ട് രക്‌തമാണ്. രണ്ട് സമുദായ സംഘടനകളുടെ പ്രതിനിധികളാണ്. ഇതിന്റ അടിസ്‌ഥാനത്തിലാണ് വിഭിന്ന നടപടി ഉണ്ടാകുന്നതെന്നും പിള്ള ആരോപിച്ചു. യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തില്‍ എല്‍ഡിഎഫുമായി സഹകരിക്കുന്ന കാര്യം ആലോചിച്ചു തീരുമാനിക്കുമെന്നു ബാലകൃഷ്‌ണപിള്ള പറഞ്ഞു.








