Home » » ``മനസുവച്ചാല്‍ കേരളത്തിന്റെ സ്വര്‍ണഖനിയാണ്‌ കൃഷി''

``മനസുവച്ചാല്‍ കേരളത്തിന്റെ സ്വര്‍ണഖനിയാണ്‌ കൃഷി''

Written By Unknown on Thursday, 19 March 2015 | 16:50


ഇസ്രേലി മലയാളി ഹോര്‍ട്ടികള്‍ച്ചറിസ്റ്റ്‌ ഏലിയാഹു ബസാലേലുമായുള്ള അഭിമുഖത്തില്‍ നിന്ന്‌...

``മനസുവച്ചാല്‍ കേരളത്തിന്റെ സ്വര്‍ണഖനിയാണ്‌ കൃഷി'' മരുഭൂമിയില്‍ പൂക്കള്‍ വിരിയിച്ച്‌ ഇസ്രയേലിലെ ഏറ്റവും വലിയ കയറ്റുമതിക്കാരനായി മാറിയ എലിയാഹു ബസാലേലിന്റെ വാക്കുകളാണ്‌. എറണാകുളത്തെ പറവൂരിനടുത്തുളള ചേന്ദമംഗലത്തുനിന്ന്‌ ഇസ്രായേലിലേയ്‌ക്ക്‌ കുടിയേറിയ ബസാലേല്‍ ജന്മഭൂമിയായ കേരളം കൃഷിയില്‍ അതിശയമായി മാറണമെന്ന്‌ ആഗ്രഹിക്കുന്നു. അതിനുളള എല്ലാ സാഹചര്യങ്ങളും കേരളത്തിനും ഇന്ത്യയ്‌ക്കുമുണ്‌ട്‌.

കാലാവസ്ഥ മുതല്‍ രാഷ്‌ട്രീയ സ്ഥിരത വരെ കേരളത്തിനും ഇന്ത്യയ്‌ക്കും അനുകൂലമാണ്‌. ഇനി കഠിനാധ്വാനത്തിനുളള മനസ്‌ മാത്രമാണ്‌ വേണ്‌ടതെന്ന്‌ അദ്ദേഹം പറയുന്നു.

ഗവണ്മെന്റ്‌ അടിസ്ഥാന സൗകര്യം നല്‌കട്ടെ

ഇസ്രയേലില്‍ എല്ലാം ഓട്ടോ മാറ്റിക്കാണ്‌. വെളളം നല്‌കുന്നതും ചൂടു നിയന്ത്രിക്കുന്നതുമെല്ലാം. ഇത്തരത്തിലുളള ഹൈടെക്‌ അടിസ്ഥാനസൗകര്യങ്ങള്‍ നിര്‍മിക്കാന്‍ ഗവണ്മെന്റ്‌ കര്‍ഷകര്‍ക്ക്‌ ഗ്രാന്റ്‌ നല്‌കണം. അവര്‍ വളര്‍ന്നു കഴിയുമ്പോള്‍ സഹായം നിര്‍ത്താം. പിന്നീട്‌ അവര്‍ അതു നടത്തുക്കൊണ്‌ടു പൊയ്‌ക്കൊളളും.

ലാഭമുണ്‌ടാകാതെ വരുകയും ജീവിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുമ്പോഴാണ്‌ കര്‍ഷകന്‍ കൃഷി ഉപേക്ഷിച്ചു പോകുന്നത്‌. ഇവിടെ ഗവണ്മെന്റ്‌ സഹായവുമായി എത്തണം. കൃഷിയ്‌ക്ക്‌ അടിസ്ഥാന സൗകര്യമുണ്‌ടാക്കാന്‍ ഗവണ്മെന്റ്‌ നിക്ഷേപം നടത്തണം. 100 രൂപ മുടക്കുമ്പോള്‍ 10 രൂപ കൃഷിക്ക്‌ മുടക്കിക്കൂടേ.

ഇവിടെ ഒരു ഏക്കറില്‍ 20 ടണ്‍ കിട്ടുമ്പോള്‍ ഇസ്രയേലില്‍ കിട്ടുന്നത്‌ 200 ടണ്ണാണ്‌. ഇത്തരത്തില്‍ ഉത്‌പാദനക്ഷമത വര്‍ധിപ്പിക്കുന്ന തരത്തില്‍ അടിസ്ഥാനസൗകര്യമൊരുക്കാന്‍ ഗവണ്മെന്റ്‌ നിക്ഷേപം നടത്തണം. വലിയ സാധ്യതയുണ്‌ടായിട്ടും ഗവണ്മെന്റ്‌ അതു ചെയ്യുന്നില്ലായെന്നത്‌ ദു:ഖകരമായ സംഗതിയാണ്‌.

ഉത്‌പാദനം വര്‍ധിപ്പിക്കുന്നതിനുളള സാങ്കേതിക വിദ്യ കൃഷിയില്‍ സ്വീകരിക്കണം. അത്‌ എളുപ്പമാണ്‌. തുളളിജലസേചനം, അതുവഴി വളം നല്‌കല്‍ തുടങ്ങിയവയെല്ലാം സ്വീകരിക്കണം. പക്ഷേ, ഇതിനെല്ലാം വേണ്‌ടത്‌ നിക്ഷേപമാണ്‌. അതു ഗവണ്മെന്റ്‌ ചെയ്യണം.

കേരളത്തില്‍നിന്നും ഇന്ത്യയില്‍നിന്നുമുളള നിരവധി രാഷ്‌ട്രീയ-ഭരണാധികാരികള്‍ ഇസ്രയേലിലെ തന്റെ ഫാമില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്‌ട്‌. കൃഷിരീതികള്‍ പറഞ്ഞുകൊടുത്തിട്ടുണ്‌ട്‌. കേരളത്തില്‍നിന്നുളള ഒരു മന്ത്രിയെ കൈപിടിച്ച്‌ ഇതെല്ലാം കാണിച്ചു കൊടുത്തതാണ്‌. ഈ കൃഷിരീതികള്‍ നടപ്പാക്കമെന്നും പറഞ്ഞു. പക്ഷേ, പിന്നീട്‌ ഒന്നും കണ്‌ടില്ല.

പക്ഷേ ചില വ്യക്തികള്‍ വന്ന്‌ ഫാം കണ്‌ട്‌ പഠിക്കുകയും അതു പ്രാക്‌ടീസ്‌ ചെയ്യുകയും ചെയ്യുന്നുണ്‌ട്‌. പൂനയിലെ ബാരമതിയില്‍നിന്ന്‌ ഒരാള്‍ വന്ന്‌ കൃഷിരീതികള്‍ പഠിച്ച്‌ അത്‌ പ്രാക്‌ടീസ്‌ ചെയ്യുന്നുണ്‌ട്‌. ഇടയ്‌ക്കിടെ അവര്‍ വന്ന്‌ കണ്‍സള്‍ട്ട്‌ ചെയ്യും. ഇന്ന്‌ പൂനിയിലെ ഏറ്റവും നല്ല നഴ്‌സറിയുടെ ഉടമയാണ്‌ അദ്ദേഹം.

മുംബൈയില്‍നിന്നുളള ഒരു ഡോക്‌ടറെ ഓര്‍മിക്കുന്നു. ഒരു മാസത്തോളം ഫാമില്‍വന്നു പഠിച്ചു. അദ്ദേഹം മുംബൈയില്‍ തിരിച്ചുചെന്ന്‌ ഫാം തുടങ്ങി. ഇന്ന്‌ നീലം മാങ്ങ കയറ്റി അയയ്‌ക്കുന്ന വിലയ ബിസിനസിന്റെ ഉടമയാണ്‌ ഡോക്‌ടര്‍. പഠിച്ചത്‌ പ്രാക്‌ടീസ്‌ ചെയ്‌തുപോരുന്നതാണ്‌ അവരുടെ വിജയം.

കേരളത്തില്‍ ഹൈടെക്‌ കൃഷി നല്ല രീതിയില്‍ ചെയ്യാവുന്നതേയുളളു. അതിന്‌ അനുകൂലമായ എല്ലാ ഘടകങ്ങളും ഇവിടുണ്‌ട്‌. എല്ലാ ഉത്‌പന്നങ്ങള്‍ക്കും ആവശ്യക്കാരുമുണ്‌ട്‌. പക്ഷേ, ചെയ്യുന്നില്ല. ഗവണ്മെന്റ്‌ വിവിധ സ്ഥലങ്ങളിലായി അഞ്ചോ എട്ടോ മോഡല്‍ ഹൈ ടെക്‌ ഫാമുകള്‍ ഉണ്‌ടാക്കിയിടുക. അവിടെ വന്ന ആളുകള്‍ കാണട്ടെ; പഠിക്കട്ടെ. ആരെങ്കിലും തുടങ്ങും. പത്ത്‌ പേര്‌ ചെയ്‌തു കാണിച്ചുകൊടുക്കട്ടെ. അത്‌ മറ്റുളളവര്‍ക്ക്‌ പ്രചോദനമാകും.

അനുകൂല ഘടകങ്ങള്‍


കേരളത്തിന്‌ വളരെ അനുകൂല ഘടകങ്ങളാണ്‌ കൃഷിയിലുളളത്‌. ഗള്‍ഫ്‌ രാജ്യങ്ങളിലേയ്‌ക്ക്‌ ഇവിടെനിന്നും രണേ്‌ടാ മൂന്നോ മണിക്കൂറിന്റെ യാത്രയേയുളളു. ഗള്‍ഫ്‌ രാജ്യങ്ങളിലാവട്ടെ വന്‍ വികസനമാണ്‌ നടക്കുന്നത്‌. കോടിക്കണക്കിന്‌ ഡോളറാണ്‌ ലക്ഷ്വറിയില്‍ നിക്ഷേപിക്കുന്നത്‌. ഹോട്ടലുകളില്‍ നിക്ഷേപിക്കുന്നത്‌. ഇവിടേയ്‌ക്കുളള ഭക്ഷ്യവസ്‌തുക്കളും പച്ചക്കറികളും പഴങ്ങളുമൊക്കെ മറ്റ്‌ രാജ്യങ്ങളില്‍നിന്ന്‌ ഇറക്കുമതി ചെയ്യുകയാണ്‌. മെക്‌സിക്കോ, ബ്രസീല്‍ തുടങ്ങി പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്‌ ഇവയൊക്കെ നല്‌കുന്നത്‌.

ഇന്ത്യയില്‍നിന്ന്‌ വെറും മൂന്നു മണിക്കൂര്‍ താഴെ മാത്രം അകലെയുളള ഈ സമ്പന്ന ഗള്‍ഫ്‌ രാജ്യങ്ങളുടെ അടുക്കളയില്‍ വളരെ എളുപ്പം ഉത്‌പന്നം എത്തിക്കാവുന്നതേയുളളു. അതും തോട്ടത്തില്‍നിന്ന്‌ അവ പറിച്ച്‌ രണേടാ മൂന്നോ മണിക്കൂറിനുള്ളില്‍!

കേരളത്തിലെ വയനാട്ടിലും മൂന്നാറിലുമൊക്കെ പഴം, പച്ചക്കറികള്‍ കുറഞ്ഞ ചെലവില്‍ ഉത്‌പാദിപ്പിക്കാവുന്നതേയുളളു. നല്ല വെളളം, നല്ല സൂര്യപ്രകാശം തുടങ്ങിയവ ചെലവു കുറച്ച്‌ ഉത്‌പാദനം നടത്താന്‍ സഹായിക്കും. കേരളം ഹൈടെക്‌ കൃഷിയിലേക്ക്‌ മാറണം.

കൃഷി മധുര ജീവിതം

കൃഷി നല്‌കുന്നത്‌ മധുരവും സുന്ദരവും സമാധാനപൂര്‍ണവുമായ ജീവിതമാണ്‌. അത്‌ ബഹുമാനം നല്‌കുന്ന ഒരു ബിസിനസ്‌ കൂടിയാണ്‌. കഠിനാധ്വാനം ചെയ്യാന്‍ തയാറുളള ചെറുപ്പക്കാര്‍ക്ക്‌ യോജിച്ച ജീവിതചര്യയാണ്‌ കൃഷി. ഇത്‌ മാന്യമായ ജീവിതം തരുന്നു. ജീവിക്കാനുളള വകയും തരുന്നു. ഭാര്യയ്‌ക്കും ഭര്‍ത്താവിനും ഒരുമിച്ചു ജോലി ചെയ്യാന്‍ സാധിക്കുന്നു. അതിനാല്‍ തന്നെ മധുരതരമാണ്‌ ജീവിതം: എണ്‍പത്തഞ്ചുകാരനായ ബസാലേല്‍ പറയുന്നു.

``ഫാമിലി ഫാമിംഗ്‌ കേരളത്തില്‍ വളരണം. അത്യാധുനിക രീതിയിലുളള കൃഷി പഠിക്കണം. എന്റെ കാര്യം നോക്കാം. ഞാന്‍ ഇസ്രയേലില്‍ ചെല്ലുമ്പോള്‍ എനിക്ക്‌ കൃഷി എന്തെന്നറിയില്ലായിരുന്നു. തുടക്കത്തില്‍ ആടിനെ മേയ്‌ക്കലായിരുന്നു ജോലി. പിന്നീട്‌ മണ്ണു കിട്ടിയപ്പോള്‍ കൃഷിയിലേയ്‌ക്ക്‌ മാറി. യൂറോപ്പിലും മറ്റുപോയി കൃഷി പഠിച്ചു. അത്യാധുനിക കൃഷി പഠിച്ചതോടെ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിച്ചു. അഞ്ചുവര്‍ഷംകൊണ്‌ട്‌ മരുഭൂമിയായി കിടന്നയിടം ലക്ഷക്കണക്കിന്‌ പൂക്കള്‍ വിരിയുന്ന സ്ഥലമായി മാറി.'' പുതിയ തലമുറയിലെ കുട്ടികള്‍ കൃഷിയിലേയ്‌ക്ക്‌ കടന്നുവരണം. ഒരു വീട്ടില്‍നിന്ന്‌ ഒരു കൃഷിക്കാരന്‍ ഉണ്‌ടാവട്ടെ. ഹൈടെക്‌ കൃഷിയിലേയ്‌ക്ക്‌ മാറിയാല്‍ മറ്റേതൊരു ജോലിയിലേയും പോലെ വരുമാനം ലഭിക്കും.

ചെറിയ ഇന്‍പുട്ട്‌ കൊടുത്ത്‌ വലിയ ഔട്ട്‌പുട്ട്‌ നേടുകയെന്നതാണ്‌ ഹൈടെക്‌ കൃഷിയില്‍ ചെയ്യുന്നത്‌. വളം നല്‌കിയാലേ ഫലമുണ്‌ടാകുകയുളളു. ഹൈടെക്‌ കൃഷി സ്വീകരിക്കുന്നതുമൂലം കീടാനാശിനിയുടെ ഉപയോഗം ഇപ്പോഴത്തേതിന്റെ 10 ശതമാനമായി കുറയ്‌ക്കാം.

`നമുക്ക്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാം'

കേരളത്തിന്‌ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കഴിയും. കാരണം നേരത്തെ പറഞ്ഞതുപോലെ സൂര്യപ്രകാശവും മഴയും വെള്ളവുമുണ്‌ട്‌. ഇതൊന്നിമില്ലാത്ത ഇസ്രായേലിലെ മരുഭൂമിയിലാണ്‌ തങ്ങള്‍ കൃഷിയുടെ മാജിക്‌ കാണിച്ചത്‌.

കൃഷിക്ക്‌ മുന്തിയ പരിഗണന നല്‌കണം. കേരളത്തിന്‌ ഒരു ഹോളണ്‌ടായി മാറുവാന്‍ കഴിയുമെന്ന്‌ ആവേശത്തോടെ അദ്ദേഹം പറയുന്നു. കേരളം കയറ്റുമതി മനസില്‍ വച്ച്‌ കൃഷി ചെയ്യണം. സമ്പന്നമായ ഗള്‍ഫ്‌ രാജ്യങ്ങളുടെ ഫുഡ്‌ സപ്‌ളെയര്‍ ആയി കേരളത്തിന്‌ മാറാന്‍ കഴിയും; ഇന്ത്യയ്‌ക്ക്‌ മാറാന്‍ കഴിയും. അല്ലെങ്കില്‍ ചൈനയുള്‍പ്പെടെയുളള രാജ്യങ്ങള്‍ അവിടേയ്‌ക്ക്‌ കടന്നുവരുമെന്ന്‌ ഉറപ്പാണ്‌.

നമ്മുടെ ഇവിടെ മൂന്നുതരം ഭൂഉടമകളുണ്‌ട്‌. ഒന്ന്‌ വലിയ തോതില്‍ കൃഷി ഭൂമിയുളളവര്‍. രണ്‌ട്‌ ഇടത്തരക്കാര്‍. മൂന്ന്‌, തൊഴിലാളികള്‍. ഗവണ്മെന്റ്‌ രണ്‌ടും മൂന്നും വിഭാഗത്തിലുളളവരെ സഹായിക്കണം. നമുക്ക്‌ ഒന്നാംതരം ഇടത്തരക്കാരുണ്‌ട്‌. അവര്‍ ഭൂമിയില്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കും.

അഞ്ചു സെന്റ്‌ ഭൂമിയുളളവര്‍ക്കും നല്ല തോതില്‍ കൃഷി ചെയ്യാം. അഞ്ചു സെന്റില്‍ വീട്‌ കഴിഞ്ഞശേഷമുളള ഭാഗത്ത്‌ ഹൈടെക്‌ സൗകര്യങ്ങള്‍ ഉണ്‌ടാക്കാം. ഉയരത്തില്‍ ഒരു വാട്ടര്‍ ടാങ്ക്‌ വച്ചാല്‍ ഡ്രിപ്‌ ഇറിഗേഷന്‍ സാധ്യമായി. അതുവഴിതന്നെ വളവും നല്‌കാം. ഭാര്യയ്‌ക്കും ഭര്‍ത്താവിനും രാവിലെയും വൈകുന്നേരവും അല്‌പ സമയം ചെലവഴിച്ചാല്‍ മതി. സ്വന്തം ആവശ്യത്തിനു മാത്രമല്ല വില്‌ക്കാന്‍ കൂടി പച്ചക്കറിസാധനങ്ങള്‍ ഉണ്‌ടാക്കിയെടുക്കാന്‍ സാധിക്കും.

പക്ഷേ ഗവണ്മെന്റ്‌ സഹായിക്കണം. ഹൈടെക്‌ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ ഗ്രാന്റും മറ്റും നല്‌കണം. പരിശീലനവും നല്‌കണം.

പത്തു പേര്‍ ഇത്തരത്തില്‍ കൃഷി ചെയ്‌തു വിജയിപ്പിച്ചു കാണിച്ചാല്‍ കൂടുതല്‍ പേര്‍ ഈ രംഗത്തേയ്‌ക്കു വരും. കേരളത്തിന്‌ ഇത്‌ വലിയ സാധ്യതയാണ്‌ തുറന്നു നല്‌കുന്നത്‌.

മറ്റൊരു പ്രധാന സംഗതി ഗവേഷണരംഗത്തുളളവരും കൃഷിക്കാരും തമ്മില്‍ സംയോജനമുണ്‌ടാകണം. പ്രായോഗിക കൃഷിയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും അതിനു പരിഹാരം കാണുവാനും ഇതു സഹായിക്കുമെന്ന്‌ അനുഭവത്തില്‍നിന്ന്‌ ബസാലേല്‍ പറയുന്നു.

``എന്നെപ്പോലെ കൃഷിയെപ്പറ്റി ഒരു വിവരവുമില്ലാത്ത ഒരാള്‍ക്ക്‌ വരണ്‌ടുണങ്ങിയ മരൂഭൂമിയില്‍ പൂക്കൃഷിയുടെ വിജയം തീര്‍ക്കാമെങ്കില്‍ ആവശ്യത്തിനു വെളളവും സൂര്യപ്രകാശവും ഫലഭൂയിഷ്‌ഠമായ ഭൂമിയും ജോലിക്കാരുമുളള കേരളത്തില്‍ എന്തെന്ത്‌ അതഭുതങ്ങള്‍ സൃഷ്‌ടിക്കാം'' അദ്ദേഹം ചോദിക്കുന്നു.

- ജോയി ഫിലിപ്പ്‌ 
   കടപ്പാട് ദീപിക
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.