Home » » നിയമസഭാ സ്‌പീക്കറായി എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു.

നിയമസഭാ സ്‌പീക്കറായി എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു.

Written By Unknown on Thursday, 12 March 2015 | 02:07

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി യുഡിഎഫ്‌ സ്ഥാനാര്‍ഥി എന്‍. ശക്തന്‍ തെരഞ്ഞെടുക്കപ്പെട്ടു. എട്ടു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ഐഷാ പോറ്റിയെ ശക്തന്‍ പരാജയപ്പെടുത്തിയത്‌. യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ 74 അംഗങ്ങളുടെയും ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക്‌ ഗണേഷ്‌കുമാറിന്റേത്‌ ഉള്‍പ്പെടെ 66 വോട്ടുമാണ്‌ ലഭിച്ചത്‌. ജി. കാര്‍ത്തികേയന്റെ നിര്യാണം മൂലമാണു സ്‌പീക്കര്‍ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തേണ്‌ടി വന്നത്‌.

വ്യാഴാഴ്‌ച രാവിലെ പ്രോ-ടെം സ്‌പീക്കറായ ഡൊമിനിക്‌ പ്രസന്റേഷന്റെ നിരീക്ഷണത്തിലാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. ആംഗ്ലോ- ഇന്ത്യന്‍ നോമിനി ഉള്‍പ്പെടെ 141 അംഗങ്ങളുള്ള സഭയില്‍ 76 അംഗങ്ങളാണ്‌ യുഡിഎഫിനുണ്‌ടായിരുന്നത്‌. എന്നാല്‍ കേരള കോണ്‍ഗ്രസ്‌-ബി നിലപാടു മാറ്റവും ജി. കാര്‍ത്തികേയന്റെ നിര്യാണവും മൂലം യുഡിഎഫ്‌ എംഎല്‍എമാരുടെ എണ്ണം 74 ആയി ചുരുങ്ങി. യുഡിഎഫിന്റെ ഭാഗമായി മത്സരിച്ചു ജയിച്ച കേരള കോണ്‍ഗ്രസ്‌- ബി ഇടതുമുന്നണി സ്ഥാനാര്‍ഥിയെ പിന്തുണയ്‌ക്കുമെന്നു ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം കാഞ്ഞിരംകുളത്ത്‌ 1951 മേയ്‌ അഞ്ചിനാണ്‌ എന്‍. ശക്തന്റെ ജനനം. 13-ാം കേരള നിയമസഭയിലേക്ക്‌ ജയിച്ചെത്തിയത്‌ കാട്ടാക്കട മണ്ഡലത്തില്‍ നിന്നാണ്‌. കെപിസിസി നിര്‍വാഹക സമിതി അംഗം, തിരുവനന്തപുരം ഡിസിസി ട്രഷറര്‍, ഡിസിസി ജനറല്‍ സെക്രട്ടറി, ജില്ലാ കൗണ്‍സില്‍ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ പാര്‍ട്ടിയില്‍ വഹിച്ചിട്ടുണ്‌ട്‌. കോവളത്തുനിന്ന്‌ ഒരു തവണയും നേമത്തുനിന്ന്‌ രണ്‌ടു തവണയും അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്‌ട്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.