കോഴിക്കോട്;തങ്ങളെ വരിഞ്ഞുമുറുക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും സമാശ്വാസവും തേടി
ജില്ലയുടെ നാനാദിക്കുകളില്‍ നിന്നുള്ള ആയിരങ്ങള്‍ ഇന്ന് ക്രിസ്‌ത്യന്‍
കോളജ് ഗ്രൗണ്ടിലേക്കൊഴുകിയെത്തും. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും
ലക്ഷ്യമിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിവരുന്ന `കരുതല്‍ 2015'
ജനസമ്പര്‍ക്ക പരിപാടിയുടെ മൂന്നാമത് എഡിഷന്‍ ഇവിടെ സജ്ജമാക്കിയ പ്രത്യേക
വേദിയിലാണ് നടക്കുക. രോഗങ്ങളും അപകടങ്ങളും ദുരന്തങ്ങളും മൂലം ജീവിതം
ദുരിതപൂര്‍ണമായവര്‍ക്ക് മുഖ്യമന്ത്രിയുടെ കരുതലും സഹായവും ആശ്വാസം പകരും.
നിയമങ്ങളുടെയും ചട്ടങ്ങളുടെയും ചുവപ്പുനാടകളില്‍ ജീവിതം
കുരുങ്ങിക്കിടക്കുന്നവര്‍ക്ക് പരിഹാരത്തിന്റെ വഴിതുറക്കും. കടുത്ത
അനീതികള്‍ക്കിരയായി ജീവിതം വഴിമുട്ടിപ്പോയവര്‍ക്കു മുമ്പില്‍ നീതിയുടെ
വാതില്‍തുറക്കും. വിവിധ ആവശ്യങ്ങളുന്നയിച്ച് നേരത്തേ പരാതികള്‍ നല്‍കിയ
ആയിരങ്ങളെക്കൂടാതെ പുതിയ പരാതികളുമായി നിരവധി പേരാണ് ഇന്ന് ജനസമ്പര്‍ക്ക
വേദിയിലെത്തുക.
രാവിലെ എട്ട് മണിയോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പഞ്ചായത്ത്-സാമൂഹ്യനീതി മന്ത്രി ഡോ. എം.കെ മുനീറും വേദിയിലെത്തിച്ചേരും. പഴുതടച്ച ക്രമീകരണങ്ങളാണ് ജനസമ്പര്‍ക്ക പരിപാടിക്കായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. നേരത്തേ പരാതി നല്‍കിയവര്‍ക്ക് അവയുടെ നിലവിലെ സ്ഥിതിയെന്തെന്നറിയാന്‍ 15 പ്രത്യേക അന്വേഷണ കൗണ്ടറുകള്‍ വഴി സാധിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു. ഇതുകൂടാതെ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ പരാതിയുടെ ഡോക്കറ്റ് നമ്പര്‍ നല്‍കിയാലും വിവരങ്ങള്‍ ലഭിക്കും. പരിപാടിക്കെത്താന്‍ വില്ലേജ് ഓഫീസ് വഴി മുന്‍കൂട്ടി അിറിയിപ്പ് ലഭിച്ചവര്‍ കൗണ്ടറുകളില്‍ പോവേണ്ടതില്ല. അവര്‍ക്കായി വേദിയുടെ മുന്‍വശത്ത് പ്രത്യേകമായി ഇരിപ്പിടം (എ സെക്ഷന്‍) ഒരുക്കിയിട്ടുണ്ട്.
പുതുതായി വരുന്ന പരാതികള്‍ സ്വീകരിക്കുന്നതിന് 25 അക്ഷയ കൗണ്ടറുകളും പ്രധാന വേദിയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇവിടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാത്ത ഒരു പരാതിയും മുഖ്യമന്ത്രി മുമ്പാകെ സമര്‍പ്പിക്കാന്‍ പാടില്ല. നാല് താലൂക്ക് കൗണ്ടറുകള്‍ വഴിയാണ് പരിഹരിച്ച പരാതിയില്‍ ധനസഹായവും മറ്റും വിതരണം ചെയ്യുക. കൗണ്ടറുകള്‍ രാവിലെ 7.30നു തന്നെ തുറന്നു പ്രവര്‍ത്തിക്കും. പരിപാടിയിലേക്ക് വരുന്നവര്‍ ആധാര്‍ കാര്‍ഡോ അതില്ലെങ്കില്‍ മറ്റേതെങ്കിലും തിരിച്ചറിയല്‍ രേഖയോ കൈവശം വയ്‌ക്കണം.
കിടപ്പുരോഗികളുമായി ജനസമ്പര്‍ക്ക പരിപാടിക്കെത്തുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. അവരുടെ ഫോട്ടോയുമായി സഹായി വന്നാല്‍ മതിയാവും. ശയ്യാവലംബികളുമായി ബന്ധപ്പെട്ട പുതിയ പരാതികളില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അര്‍ഹമായ സഹായം നല്‍കും.
പരിപാടിയുമായി ബന്ധപ്പെട്ട റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ രാവിലെ 6.30നു തന്നെ ജനസമ്പര്‍ക്ക വേദിയിലെത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജനസമ്പര്‍ക്ക പരിപാടിയോടനുബന്ധിച്ച് ക്രിസ്‌ത്യന്‍ കോളജ് റോഡ് രാവിലെ എട്ടു മണി മുതല്‍ അടച്ചിടും. വാഹനങ്ങള്‍ സി.എച്ച് ഓവര്‍ബ്രിഡ്‌ജ് വഴി പോകണമെന്ന് ട്രാഫിക് പോലിസ് അറിയിച്ചു. ക്രിസ്‌ത്യന്‍ കോളേജ് ക്രോസ് റോഡ് വഴിയുള്ള ഗതാഗതവും രാവിലെ മുതല്‍ നിരോധിക്കും.







