തിരുവനന്തപുരം : സദാചാര ഗുണ്ടായിസത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം പിണറായി വിജയന്‍.സദാചാര ഗുണ്ടായിസം എന്നത് കേരളത്തില്‍ പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. ചാവക്കാട്ടെ സംഭവം ഒടുവിലത്തേതാണെന്നും പിണറായി പറഞ്ഞു. അയല്‍വാസിയായ ഒരു യുവതിയുമായി പ്രണയബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ചാവക്കാട്ട് യുവാവിനെ തല്ലിക്കൊന്നത്. കോഴിക്കോട് കൂടരഞ്ഞിയില്‍ ഹാള്‍ ടിക്കറ്റ് വാങ്ങാന്‍ പോയ സഹോദരങ്ങളെ കമിതാക്കളെന്ന് ആരോപിച്ച് ആക്രമിച്ചിരുന്നു. കുലുക്കല്ലൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തി. കേരളത്തിന്റെ തിരിച്ചുപോക്കിന്റെ സൂചനകളാണ് ഇതെന്നും നമ്മുടെ സമൂഹം എത്തിപ്പെട്ട ഭീതിജനകമായ അവസ്‌ഥയുടെ പ്രതിഫലനമാണിതെന്നും പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.
ജാതിക്കും മതത്തിനും അതീതമായ പ്രണയ ബന്ധങ്ങളും സ്‌ത്രീ-പുരുഷ സൗഹൃദങ്ങളും സദാചാര ലംഘനമാണെന്ന് ആരോപിച്ച് കൈകാര്യം ചെയ്യുന്ന പ്രവണത ഇല്ലാതാക്കണം. നിയമം കയ്യിലെടുത്ത് അഴിഞ്ഞാടുന്നവരെയും അതിന് പിന്തുണ നല്‌കുന്നവരെയും ഒറ്റപ്പെടുത്തുകയും തിരിച്ചറിയുകയും വേണം. പോലീസ് ഇത്തരം വിഷയങ്ങളില്‍ നീതിപൂര്‍വമായി ഇടപെടണമെന്നും ഇല്ലെങ്കില്‍ സമൂഹം ആരാജകത്വത്തിലേയ്‌ക്ക് പതിക്കുമെന്നും പിണറായി ഫേസ്‌ബുക്ക് പോസ്‌റ്റില്‍ കുറിച്ചു.








