Home » » വീരേന്ദ്രകുമാറിനുണ്ടായ പരാജയo യു.ഡി.എഫ്‌. ഉപസമിതിയില്‍ കടുത്ത ഭിന്നത.

വീരേന്ദ്രകുമാറിനുണ്ടായ പരാജയo യു.ഡി.എഫ്‌. ഉപസമിതിയില്‍ കടുത്ത ഭിന്നത.

Written By Unknown on Thursday, 23 April 2015 | 22:32

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പി. വീരേന്ദ്രകുമാറിനുണ്ടായ പരാജയത്തെക്കുറിച്ച്‌ പരിശോധിക്കുന്ന യു.ഡി.എഫ്‌. ഉപസമിതിയില്‍ കടുത്ത ഭിന്നത. യു.ഡി.എഫിനുള്ളില്‍ ജെ.ഡി(യു) തുടരുന്നതുതന്നെ സംശയത്തിലായ സാഹചര്യത്തില്‍ ഉപസമിതി റിപ്പോര്‍ട്ട്‌ മുന്നണിക്കു മറ്റൊരു പ്രതിസന്ധി സൃഷ്‌ടിക്കുകയാണ്‌.
 
തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒരു വര്‍ഷമായിട്ടും റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കാന്‍ യു.ഡി.എഫ്‌. തയാറാകാത്തതില്‍ ജെ.ഡി(യു) കടുത്ത അസംതൃപ്‌തിയിലാണ്‌. വീരേന്ദ്രകുമാറിനെ അനുനയിപ്പിക്കാന്‍ 28-ന്‌ ഉപസമിതി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എന്നാല്‍, റിപ്പോര്‍ട്ടിന്റെ അന്തിമരൂപം സംബന്ധിച്ച്‌ ഉപസമിതിയില്‍ ഇതുവരെ ധാരണയായിട്ടില്ല.
റിപ്പോര്‍ട്ടില്‍ പരാജയത്തിനു കാരണക്കാരായവരുടെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നാണ്‌ ജെ.ഡി(യു)വിന്റെ നിലപാട്‌. എന്നാല്‍, അതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കണ്‍വീനര്‍ എതിര്‍ക്കുകയാണ്‌. ഈ തര്‍ക്കം മൂലമാണ്‌ റിപ്പോര്‍ട്ട്‌ ഇതുവരെ തയാറാകാത്തത്‌. പരാജയത്തിനു കാരണക്കാരായവരുടെ പേരുകള്‍ ഉള്‍പ്പെടുത്താത്ത റിപ്പോര്‍ട്ട്‌ അംഗീകരിക്കില്ലെന്നാണ്‌ ജെ.ഡി(യു) പറയുന്നത്‌. എന്നാല്‍, റിപ്പോര്‍ട്ടില്‍ പേരുകള്‍ ഉള്‍പ്പെടുത്തിയാല്‍ താന്‍ അതില്‍ വിയോജനക്കുറിപ്പ്‌ എഴുതുമെന്ന്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
 
ഉപസമിതിയുടെ അന്തിമനിഗമനങ്ങള്‍ യു.ഡി.എഫിനു പ്രതിസന്ധികള്‍ സൃഷ്‌ടിക്കാം. ഇടതുപക്ഷ സഹയാത്രികനായ വി.എം. രാധാകൃഷ്‌ണന്റെ ചാക്കില്‍ പാലക്കാട്ടെ ഡി.സി.സി. ഭാരവാഹികള്‍ കയറി എന്നതാണ്‌ പ്രധാന കുറ്റാരോപണം. ആദിവാസി മേഖലകളില്‍ ഫണ്ട്‌ എത്തിച്ചിട്ടില്ല. വീരേന്ദ്രകുമാര്‍ അച്ചടിച്ചുനല്‍കിയ പോസ്‌റ്ററുകള്‍ പോലും എത്തിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ട്‌. ഇതിന്റെയൊക്കെ അടിസ്‌ഥാനത്തില്‍ പ്രതിസ്‌ഥാനത്ത്‌ വരുന്നത്‌ പാലക്കാട്‌ ഡി.സി.സി. പ്രസിഡന്റും യു.ഡി.എഫ്‌. കണ്‍വീനറും അവിടുത്തെ കോണ്‍ഗ്രസ്‌ എം.എല്‍.എമാരുമൊക്കെയാണ്‌. പേരുകള്‍ ഉള്‍പ്പെടുത്തിയാല്‍ അവര്‍ക്കെതിരേ നടപടിക്ക്‌ ആവശ്യമുയരും. ഇത്‌ വിഷയം വീണ്ടും വഷളാക്കും. എന്തായാലും അവിടെയുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച്‌ കെ.പി.സി.സി. വിശദമായി അന്വേഷിക്കണമെന്ന നിര്‍ദേശമായിരിക്കും റിപ്പോര്‍ട്ടിലുണ്ടാകുക.
 
ആര്‍. ബാലകൃഷ്‌ണപിള്ളയുടെ നേതൃത്വത്തിലാണ്‌ യു.ഡി.എഫ്‌. പാലക്കാട്ടെ തോല്‍വിയെക്കുറിച്ച്‌ പരിശോധിക്കാനുള്ള ഉപസമിതിക്ക്‌ രൂപം നല്‍കിയത്‌. പരാജയത്തിന്‌ കാരണക്കാരായവരുടെ പേരുകള്‍ കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന്‌ ബാലകൃഷ്‌ണപിള്ളയും ജെ.ഡി(യു) പ്രതിനിധിയായ ഷെയ്‌ഖ്‌ പി. ഹാരിസും ആവശ്യപ്പെട്ടിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.