കൊച്ചി : പ്രവാചകനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിയെറിഞ്ഞ കേസില്‍ 10 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും പിഴയും. തെളിവു നശിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്‌ത മൂന്നുപേര്‍ക്കു രണ്ടുവര്‍ഷം വീതം കഠിനതടവും 10,000 രൂപ വീതം പിഴയും വിധിച്ചു.
ആക്രമണത്തില്‍ നേരിട്ടു പങ്കെടുക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്‌തവരെയാണു തീവ്രവാദനിരോധനനിയമം, സ്‌ഫോടകവസ്‌തു നിരോധനനിയമം എന്നിവയുടെ വിവിധ വകുപ്പുകള്‍പ്രകാരം ഒരുമാസം മുതല്‍ എട്ടുവര്‍ഷം വരെ കഠിനതടവിനു ശിക്ഷിച്ചത്. ശിക്ഷകള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയായി ഈടാക്കുന്ന 8,90,000 രൂപയില്‍ എട്ടുലക്ഷവും ആക്രമണത്തിനിരയായ പ്രഫ. ടി.ജെ. ജോസഫിനു നല്‍കാന്‍ എറണാകുളം എന്‍.ഐ.എ. പ്രത്യേകകോടതി ജഡ്‌ജി പി. ശശിധരന്‍ ഉത്തരവിട്ടു.
ആലുവ ശ്രീമൂലനഗരം കളപ്പുരയ്‌ക്കല്‍ വീട്ടില്‍ ജമാല്‍ (40), കോതമംഗലം വെണ്ടുവഴി താണിമോളേല്‍ വീട്ടില്‍ കെ.എം. മുഹമ്മദ് ഷോബിന്‍ (24), അറക്കപ്പടി വെങ്ങോല വാരിയത്തുമുറി വീട്ടില്‍ ഷംസുദ്ദീന്‍ (33), കോട്ടുവള്ളി വള്ളുവള്ളി പുന്നക്കല്‍ വീട്ടില്‍ ഷാനവാസ് (ഷെമി-28), വാഴക്കുളം മനക്കമൂല കൈപ്പിള്ളി വീട്ടില്‍ കെ.എ. പരീത് (32), കുട്ടമംഗലം നെല്ലിമറ്റം കരയില്‍ വെള്ളിലാവുങ്കല്‍ വീട്ടില്‍ യൂനുസ് അലിയാര്‍ (30), ഇരമല്ലൂര്‍ പൂവത്തൂര്‍ ഭാഗത്ത് പരുത്തിക്കാട്ടുകുടി വീട്ടില്‍ ജാഫര്‍ (29), ഇരമല്ലൂര്‍ ചെറുവട്ടൂര്‍ കുരുമ്പാനംപാറ കുഴിതോട്ടില്‍ വീട്ടില്‍ കെ.കെ. അലി (30), കടുങ്ങല്ലൂര്‍ മുപ്പത്തടം എരമം അയ്യരുകുടി വീട്ടില്‍ ഷെജീര്‍ (28), കുഞ്ഞുണ്ണിക്കര കാപ്പൂരില്‍ കെ.ഇ. കാസിം (43) എന്നിവര്‍ക്കാണ് എട്ടുവര്‍ഷം കഠിനതടവ്. ഇവരെ സഹായിച്ച കടുങ്ങല്ലൂര്‍ ഉളിയന്നൂര്‍ കരിമ്പയില്‍ വീട്ടില്‍ അബ്‌ദുള്‍ ലത്തീഫ് (40), മുപ്പത്തടം ഏലൂക്കര തച്ചുവല്ലത്ത് ടി.എച്ച്. അന്‍വര്‍ സാദിഖ്, മദ്രസപ്പറമ്പില്‍ റിയാസ് (31) എന്നിവര്‍ക്കു രണ്ടുവര്‍ഷം കഠിനതടവ്. വിചാരണക്കാലയളവില്‍ അഞ്ചുവര്‍ഷം തടവില്‍ കഴിഞ്ഞ ഏഴു പ്രതികള്‍ ഇനി മൂന്നുവര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതി. രണ്ടുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട റിയാസിന് ഈ കാലാവധി തീരാന്‍ 10 ദിവസം കൂടിയേ ശേഷിക്കുന്നുള്ളൂ. പാര്‍ലമെന്റ് ആക്രമണം പോലെയുള്ള കേസുകളുടെ വിചാരണയ്‌ക്കാണു തീവ്രവാദനിരോധനനിയമം ഉപയോഗിക്കുന്നതെന്നും ഇത് ഒരു വ്യക്‌തിക്കു നേരേയുള്ള ആക്രമണം മാത്രമാണെന്നും പ്രതിഭാഗം വാദിച്ചു. അതിനാല്‍ ശിക്ഷയില്‍ ഇളവു നല്‍കണമെന്നായിരുന്നു അഭ്യര്‍ഥന. എന്നാല്‍, കുറ്റത്തിന്റെ സ്വഭാവത്തിനും തീവ്രതയ്‌ക്കുമനുസരിച്ചുള്ള ശിക്ഷ നല്‍കേണ്ടതു കോടതിയുടെ ഉത്തരവാദിത്വമാണെന്നു ജഡ്‌ജി ചൂണ്ടിക്കാട്ടി.
രണ്ട്, മൂന്ന്, അഞ്ച്, ഒന്‍പത്, 12, 27, 29 പ്രതികള്‍ക്കെതിരേ വധശ്രമം തെളിയിക്കാന്‍ സാധിച്ചെങ്കിലും വെറുതേവിട്ട 18 പേര്‍ക്കെതിരേ കുറ്റം തെളിയിക്കാനായില്ല. രണ്ട്, മൂന്ന്, ഏഴ് പ്രതികളാണ് അധ്യാപകന്റെ കൈ വെട്ടിമാറ്റിയത്. ആറാംപ്രതി സ്‌ഫോടകവസ്‌തു ഉപയോഗിച്ചു ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചു. എട്ട്, 29, 32 പ്രതികള്‍ ചേര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനു വേണ്ടി ആളുകളെ റിക്രൂട്ട് ചെയ്‌ത് ആക്രമണം നടപ്പാക്കിയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍, 32-ാം പ്രതിക്കെതിരേ ഒരു തെളിവും ഹാജരാക്കാന്‍ സാധിച്ചില്ല.
2010 ജൂലൈ നാലിനാണു പ്രഫ. ടി.ജെ. ജോസഫ് ആക്രമിക്കപ്പെട്ടത്. വാനില്‍ എത്തിയ സംഘം, പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ജോസഫിന്റെ കാര്‍ വീടിനു സമീപം തടഞ്ഞുനിര്‍ത്തി ഗ്ലാസ് അടിച്ചുതകര്‍ത്ത് വലിച്ചുപുറത്തിറക്കിയാണ് ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന മാതാവ് ഏലിക്കുട്ടി, സഹോദരി സിസ്‌റ്റര്‍ മേരി സ്‌റ്റെല്ല എന്നിവരെ തടഞ്ഞുവച്ചശേഷം പ്രഫസറെ റോഡില്‍ പിടിച്ചുകിടത്തി മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നു.








