Home » » ജയലളിത നിയമപോരാട്ടത്തില്‍ വിജയം നേടി. ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി.

ജയലളിത നിയമപോരാട്ടത്തില്‍ വിജയം നേടി. ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രി.

Written By Unknown on Monday, 11 May 2015 | 03:09

ബംഗലൂരു:  അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെയും മറ്റു പ്രതികളായ എന്‍. ശശികല, ജെ.ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവരെയും ശിക്ഷിച്ച വിചാരണ കോടതിയുടെ വിധി കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ജയലളിതയും മറ്റും ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് സി.ആര്‍ കുമാരസ്വാമിയുടെ ഉത്തരവ്. 'അപ്പീല്‍ അംഗീകരിച്ചു' എന്ന ഒറ്റ വാചകത്തില്‍ തന്നെ ജഡ്ജി വിധി പറഞ്ഞ് ചേംബറില്‍ നിന്ന് എഴുന്നേറ്റു. 'വരുമാന സ്രോതസ്സ് ജയലളിതയ്ക്ക് തെളിയിക്കാന്‍ കഴിഞ്ഞുവെന്നും ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും' വിധിയില്‍ പറയുന്നു.

2014 സെപ്തംബര്‍ 27നാണ് ജയലളിതയെയും കൂട്ടാളികളെയും നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴത്തുകയും ശിക്ഷിച്ച് വിചാരണ കോടതി ഉത്തരവിട്ടത്. ഈ ശിക്ഷയാണ് കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ജഡ്ജി സി.ആര്‍ കുമാരസ്വാമി പൂര്‍ണ്ണമായും റദ്ദാക്കപ്പെട്ടത്.

ഇതോടെ ജയലളിത വീണ്ടും തമിഴ്‌നാട് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. 17ന് ജയലളിത സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുണ്ട്. പാര്‍ട്ടി ചാനല്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. വിചാരണ കോടതി ശിക്ഷിച്ചതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ജയലളിതയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന അയോഗ്യതയും ഈ വിധിയോടെ മാറും. വിധി വന്നതോടെ കോടതി പരിസരത്ത് അഭിഭാഷകരടക്കമുള്ള എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ആഹ്‌ളാദപകടനത്തിലാണ്. തമിഴ്‌നാട്ടില്‍ വിവിധയിടങ്ങില്‍ ആഹ്‌ളാദ പ്രകടനം തുടരുകയാണ്. പടക്കം പൊട്ടിച്ചും മധുര പലഹാരം വിതരണം ചെയ്തുമാണ് പ്രവര്‍ത്തകര്‍ വിധിയെ സ്വീകരിച്ചത്. പാര്‍ലമെന്റിനു മുന്നിലും അണ്ണാ ഡി.എം.കെ എം.പിമാരുടെ പ്രകടനം നടന്നു. ജയലളിതയുടെ വസതിക്കു മുന്നിലും ആഹ്‌ളാദ പ്രകടനം നടക്കുന്നുണ്ട്.

അതിനിടെ മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും മറ്റ് മന്ത്രിമാരും ജയലളിതയെ കാണാന്‍ പോയസ് ഗാര്‍ഡനില്‍ എത്തി. മന്ത്രിസഭ വൈകാതെ രാജിവച്ച് ജയലളിതയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യത തെളിയുകയാണ്. ആറു മാസത്തിനകം തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍മതിയെന്ന വ്യവസ്ഥയുള്ളതിനാല്‍ മുഖ്യമന്ത്രിയാകുന്നതിന് തടസ്സമില്ല.

അതേസമയം, ശിക്ഷ റദ്ദാക്കിയ വിധി ഞെട്ടിച്ചുകളഞ്ഞുവെന്ന് പരാതിക്കാരായ സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടത്തിന് കിട്ടിയ തിരിച്ചടിയാണിത്. ഇതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു.

വിധി അനുകൂലമാകുന്നതിനായി തമിഴ്‌നാട്ടില്‍ രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ത്ഥനകളും മറ്റും നടക്കുകയായിരുന്നു. ജയലളിതയുടെ വസതിക്കു പുറത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതോടെ വസതിക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ ശക്തമാക്കിയിരുന്നു. ബംഗലൂരു ഹൈക്കേടതിയിലും വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. കോടതിക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും മാത്രമാണ് കോടതി പരിസരത്തേക്ക് കടത്തിവിട്ടത്. പതിനൊന്ന് മണിയോടെ തന്നെ കേസ് പരിഗണിച്ച 14ാം നമ്പര്‍ കോടതിമുറിയില്‍ ജഡ്ജിയെത്തി വിധി പ്രസ്താവിച്ചു. ഇതോടെ അഭിഭാഷകര്‍ 'അമ്മ വാഴ്ക' എന്ന മുദ്രാവാക്യം വിളിയുമായി കോടതിക്കു പുറത്തേക്കു വന്നു. കോടതിയുടെ പല ഗേറ്റുകളിലേക്ക് അഭിഭാഷകര്‍ സന്തോഷ വാര്‍ത്ത പ്രവര്‍ത്തകരുമായ പങ്കുവച്ചു. ആഹ്‌ളാദപ്രകടനം അതിരുകടക്കാതിരിക്കാന്‍ പോലീസും ശ്രദ്ധിച്ചിരുന്നു. മൈക്കിലുടെ വിളിച്ചുപറഞ്ഞ് പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു. പ്രദേശത്തുണ്ടായ ഗതാഗതക്കുരുക്കും അല്പ സമയത്തിനകം പരിഹരിക്കാന്‍ കഴിഞ്ഞു.

പത്തൊമ്പതു വര്‍ഷം നീണ്ട നിയമപോരാട്ടത്തിലാണ് ജയലളിത ഇപ്പോള്‍ വിജയം നേടിയിരിക്കുന്നത്. വിചാരണ കോടതി 2014 സെപ്തംബര്‍ 27ന് ശിക്ഷിച്ചതോടെ രണ്ടാഴ്ചയിലേറെ നീണ്ട ജയില്‍ വാസത്തിനു ശേഷം ജാമ്യം നേടി പോയസ് ഗാര്‍ഡനിലേക്ക് ചുരുങ്ങിക്കൂടിയ ജയലളിത കൂടുതല്‍ വരുത്തോടെ അധികാരത്തില്‍ തിരിച്ചെത്തുന്ന കാഴ്ചയാകും വരും നാളുകളില്‍ കാണാനാവുക. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനായ സുബ്രഹ്മണ്യം സ്വാമിക്ക് അവകാശമുണ്ടെങ്കിലും അവിടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുമ്പോഴേക്കും തമിഴ്‌നാട് നിയമസഭയുടെ കാലാവധിയും അവസാനിച്ചേക്കും. ഇപ്പോള്‍ മുഖ്യമന്ത്രിയാകുന്ന ജലളിതയ്ക്ക് ആറു മാസത്തിനകം ജനവിധി തേടിയാല്‍ മതാകും. എന്നാല്‍ ആറു മാസത്തില്‍ താഴെയാണ് നിയമസഭയുടെ കാലാവധിയെന്നതിനാല്‍ ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത വിരളമായിരിക്കും.
1991-1996 വര്‍ഷത്തില്‍ ആദ്യമായി മുഖ്യമന്ത്രിയാകവെ, നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയാണ് 1996 ജൂണ്‍ 14ന് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്. 1997 ജൂണ്‍ നാലിന് ജയലളിത, ശശികല, സുധാകരന്‍, ഇളവരശി എന്നിവര്‍ക്കെതിരെ ചെന്നൈ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2002 നവംബര്‍ 18ന് വിചാരണ നടപടികള്‍ ബംഗലൂരുവിലെ പ്രത്യേക കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി ഉത്തരവിട്ടു. 2003ല്‍ കര്‍ണാടക വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിച്ചു. ബി.വി ആചാര്യയെ സ്‌പെഷ്യല്‍ പബ്ലിക പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചു. 2011ല്‍ കോടതിയില്‍ നേരിട്ടെത്തി ജയലളിത ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി. 2012 ഓഗസ്റ്റ് 13ന് ഭവാനി സിംഗിനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി നിയമിച്ചു.

2012 ഓഗസ്റ്റ് 26ന് കര്‍ണാടക സര്‍ക്കാര്‍ ഭവാനി സിംഗിനെ നീക്കിയെങ്കിലും അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ച് വീണ്ടും പദവിയില്‍ തിരിച്ചെത്തി. 2012ല്‍ പ്രത്യേക കോടതി ജഡ്ജിയായി ജോണ്‍ മൈക്കിള്‍ കുണ നിയമിതനായി. ജയലളിതയെ ശിക്ഷിച്ച വിധി ഇദ്ദേഹത്തിന്റേതായിരുന്നു. 2014 സെപ്തംബര്‍ 27ന് ജയലളിതയെ നാലു വര്‍ഷം തടവിനും 100 കോടി രൂപ പിഴയും ശിക്ഷിച്ചു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നിഷേധിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചു അനുകൂല വിധി നേടി. പല ഘട്ടങ്ങളിലായി ജാമ്യകാലവധി കോടതി നീട്ടി നല്‍കി. ജയലളിതയുടെ അപ്പീല്‍ പരിഗണിക്കുന്നതിന് പ്രത്യേക ബെഞ്ച് സ്ഥാപിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിക്ക് സുപ്രീം കോടതി ഡിസംബര്‍ 18ന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് 2015 ജനുവരി ഒന്നിന് പ്രത്യേക കോടതി രൂപീകരിക്കുന്നു. ജസ്റ്റീസ് സി.ആര്‍ കുമാരസ്വാമിയെ ജഡ്ജിയായും നിയമിച്ചു. സ്‌പെഷ്യല്‍ പബ്ലിക പ്രോസിക്യുട്ടര്‍ ആചാര്യയെ മാറ്റണമെന്ന ജയലളിതയുടെ വാദം കോടതി ഇതിനിടിടെ നിഷേധിച്ചു. കോടതിയില്‍ നിന്ന് സമ്പൂര്‍ണ്ണ വിജയം പാര്‍ട്ടിയോ അഭിഭാഷകരോ പ്രതീക്ഷിക്കാതിരിക്കേയാണ് ശിക്ഷതന്നെ റദ്ദാക്കിക്കൊണ്ട്
ഉത്തരവായത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.