കോഴിക്കോട്: മിഠായി തെരുവില്‍ വൻതീപിടുത്തം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. കോയന്‍കോ ബസാറിന് സമീപമുള്ള ബ്യൂട്ടി സ്റ്റോര്‍ എന്ന കടയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീടാണ് മറ്റ് കടകളിലേക്ക് തീപടര്‍ന്നത്.
ഷോട്ട്സര്‍ക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിന് കാരണം എന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ട്. ഫയര്‍ഫോഴ്സിന്‍റെ 8 യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. നാട്ടുകാരും തീ അണയ്ക്കുവാന്‍ ഫയര്‍ഫോഴ്സിനെ സഹായിക്കുന്നുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റുകളെ സമീപ ജില്ലകളില്‍ നിന്നും സ്റ്റേഷനുകളില്‍ നിന്നും വിളിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇദ്ദേഹം നേരിട്ടാണ് രക്ഷപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. സംഭവം അറിഞ്ഞ് കോയന്‍കോ ബസാറില്‍ എത്തുന്ന നാട്ടുകാരെ നിയന്ത്രിക്കാന്‍ പോലീസ് സംഘവും സ്ഥലത്തുണ്ട്. ആദ്യം തീപിടിച്ച ബ്യൂട്ടി സ്‌റ്റോഴ്‌സ് എന്ന ഷോറൂം വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി നസിറുദ്ദീന്റെ സ്ഥാപനമാണ്.
കോഴിക്കോട് വിമാനതാവളത്തില്‍ നിന്നും പ്രത്യേക അഗ്നിശമന വാഹനവും സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതോടോപ്പം തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം രംഗത്ത് എത്തിയിട്ടുണ്ട്. അതേ സമയം ആശങ്ക ഉണ്ടാക്കുന്ന സ്ഥിതിഗതികള്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സംഭവ സ്ഥലത്ത് എത്തിയ എഡിജിപി ശങ്കര്‍ റെഡ്ഡി പറഞ്ഞു.
ജനങ്ങള്‍ പൊലീസും ഫയര്‍ ഫോഴ്‌സുമായി സഹകരിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂട്ടമായി മിഠായിത്തെരുവിലേക്ക് എത്തരുതെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. ആവശ്യമായ പോലീസിനേയും ഫയര്‍ഫോഴ്സിനേയും സ്ഥലത്ത് എത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു,








