Home » » കോടികളുടെ അഴിമതി നടത്തിയവര്‍ മാന്യന്മാരും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഭീകരവാദികളുമാകുന്ന വ്യവസ്‌ഥിതിയില്‍ ആശങ്ക;ആമി.

കോടികളുടെ അഴിമതി നടത്തിയവര്‍ മാന്യന്മാരും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഭീകരവാദികളുമാകുന്ന വ്യവസ്‌ഥിതിയില്‍ ആശങ്ക;ആമി.

Written By Unknown on Thursday, 7 May 2015 | 21:21

തൃശൂര്‍: കോടികളുടെ അഴിമതി നടത്തിയവര്‍ മാന്യന്മാരും സാധാരണക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഭീകരവാദികളുമാകുന്ന വ്യവസ്‌ഥിതിയിലാണ്‌ തനിക്ക്‌ ആശങ്കയെന്ന്‌  ആമി. മാവോയിസ്‌റ്റ്‌ നേതാക്കളായ രൂപേഷിന്റെയും ഷൈനയുടെയും മകളായതില്‍ അഭിമാനമുണ്ടെന്ന തന്റെ പ്രസ്‌താവന ആശങ്കയുളവാക്കുന്നുവെന്ന കെ.പി.സി.സി. വൈസ്‌ പ്രസിഡന്റ്‌ എം.എം. ഹസന്റെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു ആമി.
രൂപേഷും ഷൈനയും സ്വന്തം ജീവിതത്തിനോ മക്കളുടെ ഭാവിക്കോവേണ്ടി ഒന്നും ചെയ്യുന്നില്ല. ചൂഷിതരായവരോട്‌ ഒപ്പംനിന്ന്‌ അനീതി നിറഞ്ഞ വ്യവസ്‌ഥയെ മാറ്റാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. അവര്‍ ആരെയും കൊല്ലുകയോ കൊള്ള നടത്തുകയോ ചെയ്‌തിട്ടില്ല. എന്നിട്ടും തന്റെ മാതാപിതാക്കള്‍ തീവ്രവാദികളാകുന്നത്‌ എങ്ങനെയെന്ന്‌ മനസിലാകുന്നില്ലെന്നും ആമി പറഞ്ഞു.
കുഞ്ഞുങ്ങള്‍വരെ പീഡിപ്പിക്കപ്പെടുന്നു. നമ്മുടെ ഭരണവര്‍ഗത്തിനോ നേതാക്കള്‍ക്കോ അവരെക്കുറിച്ച്‌ ഒരാശങ്കയുമില്ല. എന്നാല്‍ തനിക്കും അനിയത്തിക്കും അമ്മൂമ്മയ്‌ക്കും രൂപേഷും ഷൈനയും കൊല്ലപ്പെടാമെന്ന ആശങ്ക ഇപ്പോഴുമുണ്ട്‌. അവര്‍ വിശ്വസിക്കുന്ന ആശയങ്ങള്‍ ഇവിടെ നിരോധിച്ചിട്ടില്ല. മാവോയിസ്‌റ്റ്‌ കൃതികള്‍ വായിക്കുന്നത്‌ കുറ്റകരമല്ലെന്ന്‌ സുപ്രീംകോടതിയും വ്യക്‌തമാക്കിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ നിലവിലുള്ള നിയമമനുസരിച്ച്‌ കാര്യങ്ങള്‍ നീങ്ങുകയാണെങ്കില്‍ രൂപേഷിനും മറ്റും പുറത്തുവരാനാകുമെന്ന്‌ ആമി പറഞ്ഞു.
കോയമ്പത്തൂര്‍ ജയിലില്‍ മാതാപിതാക്കളെ കാണാനെത്തിയ തന്നെയും അനുജത്തിയെയും മണിക്കൂറുകളോളം പോലീസ്‌ തടഞ്ഞുനിര്‍ത്തി. പിന്നീട്‌ മനുഷ്യാവകാശപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും ഇടപെടല്‍മൂലം കോടതി 10 മിനിറ്റ്‌ സമയം അനുവദിക്കുകയായിരുന്നു.
ജഡ്‌ജിയുടെ ചേംബറില്‍വച്ച്‌ മാതാപിതാക്കളെ കാണാനും വര്‍ഷങ്ങള്‍ക്കുശേഷം അവരുമായി സംസാരിക്കാനുമായി. അറസ്‌റ്റ്‌ നടന്നതിനുശേഷം സാംസ്‌കാരിക പ്രവര്‍ത്തകരും നക്‌സലൈറ്റ്‌ നേതാക്കളും വിളിച്ചിട്ടില്ലെന്നും അത്‌ പ്രതീക്ഷിക്കുന്നില്ലെന്നും ആമി പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.