Home » , » ഇടക്കൊച്ചി സ്‌റ്റേഡിയത്തിനു പരിസ്‌ഥിതി അനുമതി നിഷേധിച്ചതിനു പിന്നില്‍ ശശി തരൂർ;ടി.സി. മാത്യു.

ഇടക്കൊച്ചി സ്‌റ്റേഡിയത്തിനു പരിസ്‌ഥിതി അനുമതി നിഷേധിച്ചതിനു പിന്നില്‍ ശശി തരൂർ;ടി.സി. മാത്യു.

Written By Unknown on Saturday, 9 May 2015 | 21:15

കോഴിക്കോട്‌: ഇടക്കൊച്ചി സ്‌റ്റേഡിയത്തിനു പരിസ്‌ഥിതി അനുമതി നിഷേധിച്ചതിനു പിന്നില്‍ ശശി തരൂരിന്റെ ഇടപെടലാണെന്നു ബി.സി.സി.ഐ. വൈസ്‌ പ്രസിഡന്റ്‌ ടി.സി. മാത്യു. കേസില്‍ കുറ്റവിമുക്‌തനായാല്‍ ശ്രീശാന്തിന്‌ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നതിനു തടസങ്ങളൊന്നുമുണ്ടാകില്ലെന്നും അദ്ദേഹം കാലിക്കറ്റ്‌ പ്രസ്‌ ക്ലബിന്റെ മുഖാമുഖത്തില്‍ അറിയിച്ചു.
തരൂരുമായുള്ള ബന്ധത്തിന്റെ അടിസ്‌ഥാനത്തില്‍ ഫയല്‍ പോലും കാണാതെയാണു യു.പി.എ. സര്‍ക്കാരിലെ പരിസ്‌ഥിതി മന്ത്രി ജയറാം രമേശ്‌ അനുമതി നിഷേധിച്ചത്‌. സ്‌റ്റേഡിയം തിരുവനന്തപുരത്തേ അനുവദിക്കാവൂ എന്നായിരുന്നു തരൂരിന്റെ ആവശ്യം. സ്‌റ്റേഡിയത്തിനെതിരേയുള്ള എതിര്‍പ്പൊഴിവാക്കാന്‍ ചില പരിസ്‌ഥിതി പ്രവര്‍ത്തകരും ഗുണ്ടകളും 25 ലക്ഷം രൂപ കോഴ ചോദിച്ചിരുന്നു. കോഴ കൊടുക്കാന്‍ തയാറല്ലെന്നു വ്യക്‌തമാക്കിയതോടെ സ്‌ഥലത്തിന്റെ വീഡിയോ ചിത്രീകരിച്ച്‌ കണ്ടല്‍ക്കാടുകളുണ്ടെന്നു കാട്ടി പരിസ്‌ഥിതി പ്രവര്‍ത്തകരെ രംഗത്തിറക്കി.
പാടം എന്ന്‌ രേഖകളിലുള്ള സ്‌ഥലമാണ്‌ സ്‌റ്റേഡിയത്തിനായി തെരഞ്ഞെടുത്തത്‌. 2005-നു മുമ്പുള്ള ഗൂഗിള്‍ മാപ്പില്‍ ഇവിടെ കണ്ടല്‍ക്കാടുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അവിടെ കണ്ടല്‍ക്കാടുകള്‍ ഉണ്ടെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ - ദക്ഷിണാഫ്രിക്ക ടെസ്‌റ്റ്‌ ക്രിക്കറ്റിനു മുന്നോടിയായി ദക്ഷിണാഫ്രിക്കന്‍ ടീമിനെ പങ്കെടുപ്പിച്ച്‌ വയനാട്‌ കൃഷ്‌ണഗിരിയില്‍ ഓഗസ്‌റ്റില്‍ പരിശീലന മത്സരം നടത്തും. ഐ.പി.എല്‍. മാതൃകയില്‍ സമാന്തര ലീഗ്‌ വീണ്ടും നടത്താനുള്ള ശ്രമത്തെ ബി.സി.സി.ഐ. ചെറുക്കും. ക്രിക്കറ്റ്‌ ബോര്‍ഡ്‌ മെമ്പര്‍മാരുടെ രഹസ്യം ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട്‌ അതു തടയാന്‍ ബോര്‍ഡ്‌ നടപടി കൈക്കൊണ്ടിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഇംഗ്ലണ്ടില്‍ താമസമായ ഒരാളെയാണ്‌ സംശയിക്കുന്നത്‌.
ക്രിക്കറ്റിനായുള്ള അടിസ്‌ഥാന വികസനത്തില്‍ രാജ്യത്ത്‌ ഒന്നാം സ്‌ഥാനത്താണ്‌ കേരളം. ഈയിടെ തെരഞ്ഞെടുത്ത 54 അമ്പയര്‍മാരില്‍ 11 പേരും ക്യുറേറ്റര്‍മാരില്‍ രണ്ടുപേരും മലയാളികളാണ്‌. സംസ്‌ഥാനത്ത്‌ പുതുതായി നാല്‌ ക്രിക്കറ്റ്‌ സ്‌റ്റേഡിയങ്ങള്‍ നിര്‍മിക്കും. 2020 ഓടെ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും ക്രിക്കറ്റ്‌ അസോസിയേഷനും സ്വന്തം സ്‌റ്റേഡിയവും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.