Home » » എം.പി. വീരേന്ദ്രകുമാറിന്റെ തോൽവി ഉപസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി.

എം.പി. വീരേന്ദ്രകുമാറിന്റെ തോൽവി ഉപസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി.

Written By Unknown on Saturday, 9 May 2015 | 03:29


തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ട് എം.പി. വീരേന്ദ്രകുമാറിന്റെ ദയനീയ തോൽവിയെ കുറിച്ചന്വേഷിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൈമാറി. ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറും കെ.പി.സി.സി സെക്രട്ടറിയുമായ സി. ചന്ദ്രൻ, തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല വഹിച്ച പി. ബാലഗോപാൽ, തിരഞ്ഞെടുപ്പിന് അട്ടപ്പാടി മേഖലയുടെ ചുമതലയുണ്ടായിരുന്ന ബ്ളോക്ക് പ്രസിഡന്റ് പി.സി. ബേബി എന്നിവർക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള നേതാക്കൾക്കെതിരെ നടപടി എടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വമാണ് ഇനി തീരുമാനമെടുക്കേണ്ടത്. റിപ്പോർട്ട് കിട്ടിയശേഷം നടപടി സ്വീകരിക്കാമെന്ന് കഴിഞ്ഞദിവസം എം.പി. വീരേന്ദ്രകുമാറുമായി നടത്തിയ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു. റിപ്പോർട്ട് അടുത്ത യു.ഡി.എഫ് യോഗം ചർച്ച ചെയ്യും.

ആർ. ബാലകൃഷ്ണപിള്ള ചെയർമാനായാണ് യു.ഡി.എഫ് കമ്മിഷൻ അന്വേഷണം ആരംഭിച്ചതെങ്കിലും അദ്ദേഹം യു.ഡി.എഫ് വിട്ടശേഷം അന്വേഷണം പൂർത്തിയാക്കിയത് യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചന്റെ നേതൃത്വത്തിലാണ്. ഡി.സി.സി പ്രസിഡന്റ് അടക്കമുള്ള കോൺഗ്രസ് നേതാക്കളെ കുറ്റക്കാരായി കണ്ടെത്തിയെങ്കിലും റിപ്പോർട്ടിൽ ആരുടെയും പേര് പരാമർശിക്കണ്ട എന്നായിരുന്നു കമ്മിഷൻ തീരുമാനിച്ചത്. എന്നാൽ കുറ്റക്കാരുടെ പേര് റിപ്പോർട്ടിൽ പരാമർശിക്കണമെന്ന് സോഷ്യലിസ്റ്റ് ജനത വാശി പിടിച്ചു. അതിന് വഴങ്ങിയാണ് റിപ്പോർട്ടിൽ അവരുടെ പേര് ചേർത്തത്. 

പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥി മോഹം ഉണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എതിർപക്ഷത്തെ ആളായ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയത് സംശയകരമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥിയുടെ മെച്ചം പൊതുജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടാൻ മിനക്കെട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള സാമഗ്രികൾ യഥാസമയം എല്ലായിടത്തും എത്തിച്ചില്ല. അട്ടപ്പാടിയിൽ ദൂരം കൂടുതലുള്ള ബൂത്തുകളിലേക്ക് പ്രവർത്തകരെ എത്തിക്കുന്നതിന് വാഹനം ഏർപ്പെടുത്തിയില്ലെന്നും റിപ്പോർട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.