Home » » മധു ഈച്ചരത്തിനെ വെട്ടിക്കൊന്ന കേസില്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തo.

മധു ഈച്ചരത്തിനെ വെട്ടിക്കൊന്ന കേസില്‍ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തo.

Written By Unknown on Friday, 8 May 2015 | 18:04

തൃശൂര്‍: കോണ്‍ഗ്രസ് നേതാവായിരുന്ന മധു ഈച്ചരത്തിനെ വെട്ടിക്കൊന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ്ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും ഏഴാം പ്രതിക്ക് ജീവപര്യന്തവും ശിക്ഷ വിധിച്ചു. കൂടാതെ ഏഴു ലക്ഷത്തി പതിനായിരം രൂപ പിഴയും നല്‍കണം. പിഴ ഒടുക്കിയില്ലെങ്കില്‍ പത്തുമാസം കൂടി തടവനുഭവിക്കണം. പിഴസംഖ്യയില്‍ മൂന്നു ലക്ഷം രൂപ  മധുവിന്റെ ഭാര്യക്ക് നല്‍കണം. തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് നാലാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.പി.സുധീറാണ് ശിക്ഷ വിധിച്ചത്. യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം  മുന്‍ പ്രസിഡന്റ് അയ്യന്തോള്‍ കൊള്ളന്നൂര്‍ വീട്ടില്‍ പ്രേംജി, അടാട്ട് പ്ലാക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍, ചാവക്കാട് മാങ്ങാട്ട് ഷിനോജ് (ചീനവടി) അയ്യന്തോള്‍ വടക്കേ കുന്നമ്പത്ത് പ്രവീണ്‍(കശു),  അടാട്ട് കോടിയില്‍ വീട്ടില്‍ പ്രജിത്ത്, അടാട്ട് പുത്തന്‍ വീട്ടില്‍ സുരേഷ് എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. ഏഴാം പ്രതി അടാട്ട് മഞ്ഞക്കാട്ടില്‍ വീട്ടില്‍ സനൂപിന് ജീവപര്യന്തം തടവാണ് ശിക്ഷ. സംഭവത്തിന് ശേഷം പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സഹായം ചെയ്തതിനാണ് സനൂപിനുള്ള ശിക്ഷ. ഇതില്‍ ഷിനോജ്, പ്രവീണ്‍, പ്രജിത് എന്നിവര്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് അഞ്ചുവര്‍ഷം കൂടുതലായി കഠിനതടവ് അനുഭവിക്കണം. പരിപാവനമായി കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയ പരിസരത്ത് നടത്തിയ കൃത്യം നീതീകരിക്കാനാവാത്തതാണെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി കണക്കാക്കേണ്ടതുമാണെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം സെക്രട്ടറിയായിരുന്ന മധു ഈച്ചരത്ത് 2013 ജൂണ്‍ ഒന്നിനാണ് കൊല്ലപ്പെട്ടത്. ഭാര്യ ജ്യോതിയോടൊപ്പം അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി മടങ്ങുന്നതിനിടെ  ഓട്ടോയിലെത്തിയ സംഘം ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അഞ്ചാം പ്രതി പ്രജിത്ത് ഓട്ടോയിലെത്തി മധുവിനെ ക്ഷേത്രത്തിന് മുന്നിലിട്ട് ഇടിച്ചു വീഴ്ത്തുകയും ഓട്ടോയിലുണ്ടായിരുന്ന മൂന്നാംപ്രതി ഷിനോജ് വാളുകൊണ്ട് വെട്ടുകയും നാലാം പ്രതി പ്രവീണ്‍ കത്തികൊണ്ട് കുത്തുകയും ആറാം പ്രതി സുരേഷ് കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയമാണ് കൊലപാതകത്തിലെത്തിയത്. തൃശൂര്‍ വെസ്റ്റ് സി.ഐ ആയിരുന്ന രാമചന്ദ്രനാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി തൃശൂര്‍ ജില്ല അഡീഷണല്‍ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിനു വര്‍ഗീസ് കാച്ചപ്പിള്ളിയും അഭിഭാഷകരായ ജോഷി പുതുശ്ശേരി, ഷിബു പുതുശ്ശേരി എന്നിവരും ഹാജരായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.