Home » » സംസ്ഥാന ഡി.ജി.പി ടി.പി സെന്‍കുമാര്‍.

സംസ്ഥാന ഡി.ജി.പി ടി.പി സെന്‍കുമാര്‍.

Written By Unknown on Wednesday, 20 May 2015 | 03:45

തിരുവനന്തപുരം: സംസ്ഥാന ഡി.ജി.പിയായി ടി.പി സെന്‍കുമാറിനെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ക്രമസമാധാന ചുമതലയുള്ള ഡി.ജി.പിയായാണ് നിയമനം. നിലവിലെ ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യം വിരമിക്കുന്ന ഒഴിവിലാണ് സെന്‍കുമാറിന്റെ നിയമനം. നിലവില്‍ ജയില്‍ ഡി.ജി.പിയാണ് സെന്‍കുമാര്‍. 2017 ജൂണ്‍ വരെ നിയമന കാലാവധി.
തൃശൂര്‍ സ്വദേശിയാണ് സെന്‍കുമാര്‍. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നിയമ ബിരുദവുമുണ്ട്. ഇന്ത്യന്‍ എക്കനോമികിസ് സര്‍വീസില്‍ ആയിരുന്നു ആദ്യ നിയമനം. തുടര്‍ന്ന് 1983ല്‍ ഐ.പി.എസില്‍ എത്തി. കഴിഞ്ഞ 32 വര്‍ഷവും കേരളത്തില്‍ തന്നെയാണ് സേവനം അനുഷ്ഠിച്ചത്. കൈവച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഉദ്യോഗസ്ഥനാണ്. പോലീസ് തലപ്പത്ത് വിശ്വാസ്യതയുടെ പര്യായം കൂടിയാണ് ഈ ഓഫീസര്‍.
കേസ് അന്വേഷണത്തിലുള്ള വിശ്വാസ്യത മാത്രമല്ല, തനിക്ക് സത്യമെന്ന് ബോധ്യപ്പെടുന്ന വിഷയത്തില്‍ പരസ്യമായ നടപടി സ്വീകരിക്കാനും മടിക്കാത്ത ഉദ്യോസ്ഥന്‍ കൂടിയാണ് സെന്‍കുമാര്‍. തിരുവനന്തപുരത്തെ ഒരു കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തന്റെ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിച്ച് പരസ്യമായി ചോദ്യം ചെയ്യാനും തൊപ്പി തട്ടിത്തെറിപ്പിക്കാനും സെന്‍കുമാര്‍ മടിച്ചില്ല. ഉദ്യോഗസ്ഥനെതിരെ സെന്‍കുമാര്‍ പിന്നീട് അച്ചടക്ക നടപടിയും സ്വീകരിച്ചു.
കോളിളക്കം സൃഷ്ടിച്ച വിതുര, പന്തളം പെണ്‍വാണിഭ കേസുകളും ഫ്രഞ്ച് ചാരക്കേസും ലിസ് സാമ്പത്തിക തട്ടിപ്പ് കേസും അന്വേഷിച്ചത് സെന്‍കുമാറായിരുന്നു. 2008ല്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയായി. 2010ല്‍ കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായി ചുമതല തുടര്‍ന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു. ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഉപയോഗിച്ച വിവാദത്തെ തുടര്‍ന്ന് അന്നത്തെ ജയില്‍ ഡി.ജി.പിയെ നീക്കിയാണ് സെന്‍കുമാറിനെ ആ പദവിയില്‍ നിയമിച്ചത്.
കോടതികളില്‍ സാക്ഷികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞ ആദ്യ ഓഫീസറാണ് സെന്‍കുമാര്‍. വനംവകുപ്പുമായുള്ള കേസില്‍ കലാഭവന്‍ മണിയെ പോലീസ് വേട്ടയാടിയതിനെയും പോലീസ് യോഗത്തില്‍ സെന്‍കുമാര്‍ വിമര്‍ശിച്ചിരുന്നു.
2009ല്‍ പരമോന്നത പോലീസ് ബഹുമതിയായ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ സെന്‍കുമാറിന് ലഭിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.