തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയുടെ ആവശ്യം പരിഗണിച്ച് യു.ഡി.എഫ് മധ്യമേഖല ജാഥ മാറ്റിവയ്ക്കാന്‍ യു.ഡി.എഫ് യോഗത്തില്‍ തീരുമാനം. 27ന് മധ്യമേഖലാ ജാഥ തുടങ്ങുമെന്ന് യോഗത്തിനു ശേഷം യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു. എന്നാല്‍ മറ്റു മേഖലാ ജാഥകള്‍ മുന്‍ നിശ്ചയപ്രകാരം മാറ്റമില്ലാതെ തുടരും. കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ചാണ് ജാഥ മാറ്റുന്നതെന്നാണ് യു.ഡി.എഫിന്റെ വിശദീകരണം.
ജാഥ നയിക്കുന്നത് കേരള കോണ്‍ഗ്രസ് ആയതിനാലും മുതിര്‍ന്ന നേതാവായ മാണിയുടെ അസൗകര്യം കൂടി പരിഗണിക്കേണ്ടതിനാലുമാണ് ജാഥ മാറ്റിയത്. രണ്ടു ദിവസത്തേക്ക് മാറ്റാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും രാഹുല്‍ ഗാന്ധി വരുന്നതിനാല്‍ 25, 26 തീയതികളില്‍ ജാഥ നടത്തുന്നതിന് കോണ്‍ഗ്രസിനും ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് 27നു നടത്താന്‍ നിശ്ചിയിച്ചതെന്നും പി.പി തങ്കച്ചന്‍ അറിയിച്ചു. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ഉള്‍പ്പെടുന്നതാണ് മധ്യമേഖലാ ജാഥ.
കെ.എം മാണിയുടെ വ്യക്തിപരമായ അസൗകര്യവും പാര്‍ട്ടി സംഘടനാ പരിപാടികള്‍ ഉള്ളതിനാലുമാണ് ജാഥ കുുറച്ചുദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് കേരള കോണ്‍ഗ്രസ് പ്രതിനിധി ജോയി ഏബ്രഹാം എം.പി പറഞ്ഞു. എന്നല്‍ ഇതു മുഴുവനായും അംഗീകരിച്ചിട്ടില്ല. മഴയ്ക്കു മുന്‍പ് സംഘടനാ പ്രവര്‍ത്തനവും ജാഥകളും പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹം. 25ന് കോട്ടയത്ത് ജനസമ്പര്‍ക്ക പരിപാടി നടക്കുന്നുണ്ട്. 26ന് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമുണ്ട്. അതിനാലാണ് 27ന് ജാഥ തുടങ്ങാന്‍ നിശ്ചയിച്ചത്. ബാര്‍ കോഴക്കേസുമായി ഇതിന് ഒരു ബന്ധവുമില്ല. ചിലര്‍ ഉന്നയിക്കുന്ന ആരോപണങ്ങളും അത് ഏറ്റുപിടിക്കാന്‍ മറ്റു ചിലരും വരുന്നുവെന്നേയുള്ളൂ. അല്ലാതെ ആരോപണത്തില്‍ കഴമ്പില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും ജോയി ഏബ്രഹാം പറഞ്ഞു. മധ്യ മേഖല ജാഥ ക്യാപ്റ്റനെ കെ.എം മാണി മടങ്ങിയെത്തിയ ശേഷം നിശ്ചയിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജാഥ പൂര്‍ണ്ണമായും മാറ്റണമെന്ന പാര്‍ട്ടി ആവശ്യം അംഗീകരിച്ചില്ലെങ്കിലും മധ്യമേഖല ജാഥയെങ്കിലും മാറ്റാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനായെന്ന ആശ്വാസം കേരള കോണ്‍ഗ്രസിനുമുണ്ട്.
ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടു മതി മേഖലാ ജാഥകള്‍ എന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. നിലവിലെ സാഹചര്യത്തില്‍ ജാഥകള്‍ കൊണ്ട് സര്‍ക്കാരിന്റെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസിന്റെ വാദം. പാര്‍ട്ടി കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജാഥ നയിക്കാനുള്ള ബുദ്ധിമുട്ടായിരുന്നു മാണിയുടെ മുമ്പിലുള്ള പ്രശ്‌നം. മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനം കേരള കോണ്‍ഗ്രസിനായിരിക്കേ ജനങ്ങളോട് വിശദീകരിക്കാന്‍ പാര്‍ട്ടി നന്നേ ബുദ്ധിമുട്ടുമെന്ന് മാണിക്കറിയാം. ഈ സാഹചര്യത്തിലാണ് ബാര്‍കോഴയിലെ അന്വേഷണം വിഷയമാക്കി കോണ്‍ഗ്രസിനോട് വിലപേശിയത്.
അതിനിടെ, സ്വകാര്യ ആവശ്യത്തിനായി മാണി കുടുംബ സമേതം ദുബായിലേക്ക് പോയതും ജാഥയില്‍ സാന്നിധ്യമുണ്ടാകില്ലെന്ന സൂചന നല്‍കിയാണ്. മുഴുവന്‍ മേഖലകളിലെയും ജാഥകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യമാണ് മാണി ഉന്നയിച്ചതെങ്കിലും യു.ഡി.എഫ് നേതൃത്വം അതിനു വഴങ്ങിയില്ല.
മേഖലാ ജാഥകള്‍ മാറ്റേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ പ്രസിഡന്റ് വി.എം സുധീരന്‍ വ്യക്തമാക്കിയിരുന്നു. ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങേണ്ട എന്നായിരുന്നു സുധീരന്റെ നിലപാട്. ഐ ഗ്രൂപ്പിന്റെ പൂര്‍ണ്ണ പിന്തുണയും ഇക്കാര്യത്തില്‍ സുധീരനു ലഭിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.എം മാണിയും ഞായറാഴ്ച വയനാട്ടില്‍ വച്ചു നടത്തിയ ചര്‍ച്ചയില്‍ മധ്യമേഖല ജാഥയെങ്കിലും മാറ്റിവയ്ക്കണമെന്ന നിലപാടില്‍ മാണി ഉറച്ചുനില്‍ക്കുകയായിരുന്നു.








