കൊച്ചി: തൃശൂര്‍ റേഞ്ച് ഐജി ടി.ജെ. ജോസ് കോപ്പിയടിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. സംഭവം പോലീസിന് മൊത്തം നാണക്കേടാണെന്നും ഇത്തരക്കാര്‍ സര്‍വ്വീസില്‍ തുടരണോയെന്ന് ആലോചിക്കുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഐജി കോപ്പിയടിച്ചതായി തെളിവില്ലെന്ന് എഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നു. ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഇതില്‍ക്കൂടുതലൊന്നും ക്രൈംബ്രാഞ്ചും കണ്ടെത്താന്‍ പോകുന്നില്ല. വിവാദം തേച്ചുമായ്ച്ചു കളയാനും കണ്ണില്‍പ്പൊടിയിടാനുമുള്ള പ്രഖ്യാപനം മാത്രം. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ തന്നെ തൊടാനാകില്ലെന്ന് ജോസ് വീണ്ടും തെളിയിച്ചിരിക്കുന്നു. വിവാദ നായകനായ ജോസിനെ ആദ്യമായല്ല സര്‍ക്കാര്‍ ചുമക്കുന്നത്. സോളാര്‍ വിവാദം ഉമ്മന്‍ചാണ്ടിയെ കുരുക്കിലാക്കിയപ്പോള്‍ സരിതയുടെ ഫോണ്‍ വിളി രേഖകള്‍ പുറത്തുവിട്ട് ഉപകാരം ചെയ്തിട്ടുണ്ട് ജോസ്. സോളാര്‍ അഴിമതിയില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജോപ്പന്‍ ഉള്‍പ്പെടെ അറസ്റ്റിലായത് ഉമ്മന്‍ചാണ്ടിയെ കുരുക്കിയിരുന്നു. പാര്‍ട്ടിക്കുള്ളിലെ ചിലരും അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂരും ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാന്‍ ക്രൈം റെക്കോഡ്‌സ് ഐജിയായിരുന്ന ജോസിനെ ഉപയോഗിച്ച് സരിത വിളിച്ചവരുടെയും സരിതയെ വിളിച്ചവരുടെയും ഫോണ്‍ വിവരങ്ങള്‍ പുറത്തുവിടുകയായിരുന്നു. സരിതയുടെ കോള്‍ ലിസ്റ്റില്‍ തിരുവഞ്ചൂരിനെയും സെക്രട്ടറി രവീന്ദ്രനെയും വിളിച്ചതിനുള്ള തെളിവുകളും ഉണ്ടായിരുന്നു. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലുണ്ടായിരുന്ന സി.ഡി മാധ്യമങ്ങള്‍ക്ക് ജോസ് ചോര്‍ത്തിനല്‍കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. നടപടിയെടുക്കുമെന്ന് തിരുവഞ്ചൂര്‍ പരസ്യമായി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ നടപടി മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞു. ജോസിനെ പിന്നീട് ക്രൈംബ്രാഞ്ചിലേക്കും തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഐജിയായും മാറ്റി. പേരിന് സസ്‌പെന്‍ഷന്‍പോലും ലഭിക്കാതെ ജോസ് രക്ഷപ്പെട്ടു.കോപ്പിയടി വിവാദമുയര്‍ന്നപ്പോള്‍ രമേശ് ചെന്നിത്തലയുടെ ശക്തമായ പ്രതികരണം ജോസ് മുഖ്യന്റെ മുതലാണെന്നറിഞ്ഞ് തന്നെയായിരുന്നു. എന്നാല്‍ അതേ ചെന്നിത്തല തന്നെ ഇപ്പോള്‍ ജോസിനെ രക്ഷിക്കാനുള്ള നടപടിയിലാണ്.








