സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ അനാഥാലയങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വിശദമായ വിവര ശേഖരണം ആരംഭിച്ചു. മനുഷ്യാവകാശ കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റിവ് ഓഫീസര്‍ എസ്.ശ്രീജിത്ത് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അനാഥാലയം നടത്തിപ്പുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.
അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളെ ചൂഷണം ചെയ്യുന്നതായും മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നതായുമുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിനും വിവരശേഖരണത്തിനും നിര്‍ദ്ദേശം നല്‍കിയത്. സ്ഥാപനത്തിന്റെ ഉടമസ്ഥത സംബന്ധിച്ച വിശദവിവരം, സംഭാവനയായും മറ്റുവിധത്തിലും ലഭിക്കുന്ന പണത്തിന്റെ വിവരം, പണം കൈകാര്യം ചെയ്യുന്ന ബാങ്ക് അൗക്കണ്ടിന്റെ വിവരം, പണത്തിന്റെ വിനിയോഗം, കുട്ടികളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും, ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യത, സ്ഥാപനത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിശദാംശം, പ്രായപൂര്‍ത്തിയായ ശേഷം അനാഥാലയത്തില്‍ നിന്നു പുറത്തുപോകുന്ന കുട്ടികളെ സംബന്ധിച്ച വിവരം തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ഫെബ്രുവരി 20നകം വിവരങ്ങള്‍ ലഭ്യമാക്കണം. വില്ലേജ് ഓഫീസര്‍മാരുടെയും പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍മാരുടെയും സഹായത്തോടെ വിവരശേഖരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിയമപരമായ രജിസ്‌ട്രേഷന്‍ എല്ലാ അനാഥാലയങ്ങള്‍ക്കും നിര്‍ബന്ധമാക്കും.
ലൈംഗികചൂഷണം, അറബിക്കല്യാണം, മൈസൂര്‍ കല്യാണം എന്നിവ സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദ വിവരശേഖരണത്തിനുശേഷം നടപടികളുണ്ടാകും. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ചാര്‍ട്ടര്‍, യു.എന്‍. ഉടമ്പടി, ഇതുവരെ ലഭിച്ചിട്ടുള്ള പരാതികള്‍ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയന്ത്രണ നടപടികളുണ്ടാവുക. ജില്ലാ കലക്‌ടര്‍ സി.എ.ലത, സിറ്റി പോലീസ് കമ്മീഷണര്‍ സ്‌പര്‍ജന്‍കുമാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാമേനോന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.







