Home » » ഇസ്‌തിരിപ്പെട്ടിക്കുള്ളിലും ഇലക്‌ട്രോണിക്‌ ഹോണുകള്‍ക്കുള്ളിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 4.3 കിലോഗ്രാം സ്വര്‍ണം പിടികൂടി.

ഇസ്‌തിരിപ്പെട്ടിക്കുള്ളിലും ഇലക്‌ട്രോണിക്‌ ഹോണുകള്‍ക്കുള്ളിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 4.3 കിലോഗ്രാം സ്വര്‍ണം പിടികൂടി.

Written By Unknown on Monday, 10 March 2014 | 16:07

കരിപ്പൂര്‍;  ഇസ്‌തിരിപ്പെട്ടിക്കുള്ളിലും ഇലക്‌ട്രോണിക്‌ ഹോണുകള്‍ക്കുള്ളിലും ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 1.3 കോടി രൂപയുടെ 4.3 കിലോഗ്രാം സ്വര്‍ണം കോഴിക്കോട്‌ വിമാനത്താവളത്തില്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടി.
ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍നിന്ന്‌ എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കൊടുവള്ളി അവിലോറ സ്വദേശി തടത്തില്‍ സിറാജുദ്ദീന്‍ (29) കൊണ്ടുവന്ന ബാഗേജില്‍നിന്നാണ്‌ സ്വര്‍ണം കണ്ടെടുത്തത്‌.

ഇയാള്‍ ജിദ്ദയില്‍നിന്നു ഷാര്‍ജ വഴിയാണ്‌ കോഴിക്കോട്ടെത്തിയത്‌. അതിവിദഗ്‌ധമായി 18 സ്വര്‍ണ ബിസ്‌കറ്റുകള്‍ രണ്ട്‌ ഇലക്‌ട്രോണിക്‌ ഹോണുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നു. ഇവ 2.1 കിലോഗ്രാം ഉണ്ട്‌. സ്വര്‍ണവും ചെമ്പും ചേര്‍ത്ത്‌ കോയില്‍ രൂപത്തിലാക്കിയാണ്‌ ഇസ്‌തിരിപ്പെട്ടിക്കുള്ളില്‍ ഒളിപ്പിച്ചത്‌.

സ്വര്‍ണം വേര്‍തിരിക്കാന്‍ ജ്വല്ലറി റിഫൈനറി ലാബില്‍ രാസപരിശോധന നടത്തി. 2.6 കിലോയുള്ള കോയിലില്‍നിന്ന്‌ ചെമ്പ്‌ നീക്കിയപ്പോള്‍ 2.2 കിലോഗ്രാം തങ്കം ലഭിച്ചു. കോഴിക്കോട്ട്‌ അടുത്തിടെ പിടികൂടിയ വലിയ കള്ളക്കടത്താണിത്‌.

അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ ലോകേഷ്‌ ദാമോറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടി.എന്‍.സുനില്‍, ജി. ബാലഗോപാല്‍, പി. ഗിരീഷ്‌ ബാബു, എം. രാജു, ഇ.സി. ശശിധരന്‍, എം. പ്രവീണ്‍, ഇന്‍സ്‌പെക്‌ടര്‍മാരായ പി. ദിനേശ്‌ ബാബു, കെ. സെയ്‌ത്‌ ഫസല്‍, അഭിജിത്‌ സിങ്‌, ശത്രുഘ്‌നന്‍ കുമാര്‍, വി. പൗലോസ്‌, അജയ്‌ റായ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ സ്വര്‍ണം പിടികൂടിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.