Home » » നാലുപേരുടെ ജീവന്‍ അവസാനിച്ചു കാരണമായത് ഒരു പ്രണയവും.

നാലുപേരുടെ ജീവന്‍ അവസാനിച്ചു കാരണമായത് ഒരു പ്രണയവും.

Written By Unknown on Saturday, 15 March 2014 | 18:09

ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തി വ്യത്യസ്ത സമയങ്ങളിലായി നാലുപേരുടെ ജീവന്‍ അവസാനിച്ചു .കാരണമായത് ഒരു പ്രണയവും .കാമുകനായ യുവാവും,യുവാവ് പ്രണയിച്ച പെണ്‍കുട്ടിയും അവളുടെ മാതാപിതാക്കളുമാണ് മരണമടഞ്ഞത് .

യുവാവിന്റെ തൊട്ടടുത്ത വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടി . തായിക്കാട്ടുകര ബംഗ്ലാംപറമ്പ് മിഥുനത്തില്‍ സുരേഷിന്റെ മകന്‍ മിഥുന്‍ (19), തൊട്ടടുത്ത് വീടിന്റെ മുകളില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കട്ടപ്പന കാഞ്ചിയാര്‍ പേഴുക്കണ്ടം ഭദ്രവിലാസം വീട്ടില്‍ സുധീരന്‍ (51), ഭാര്യ കട്ടപ്പന കക്കാട്ടുക്കട സ്വദേശി ബിന്ദു (46), മകള്‍ അഖില (14) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചയോടെ തായിക്കാട്ടുകര പെട്രോള്‍ പമ്പിനു സമീപത്തുള്ള റെയില്‍വെ ട്രാക്കിലാണ് മിഥുനെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടരയോടെ മാന്ത്രയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ റെയില്‍വെ ട്രാക്കിലാണ് സുധീരന്റെയും കുടുംബത്തിന്റെയും മൃതദേഹം കണ്ടെത്തിയത്. മിഥുന്‍ പുലര്‍ച്ചെ മരിച്ച വിവരമറിഞ്ഞ വിഷമത്തില്‍ മറ്റ് മൂന്ന് പേര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് അനുമാനം. മിഥുന്റെ ഇളയച്ഛന്‍ സുനിലിന്റെ വീടിനു മുകളിലായിരുന്നു ആറ് മാസമായി സുധീരനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത്.

തുടര്‍ന്ന് ഇരുവരും അടുക്കുകയായിരുന്നു ഏതാനും മാസങ്ങളായതെയുള്ളു ഇരുവരും അടുപ്പത്തിലായിട്ട് .എന്നാല്‍ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ്‌ സുധീരന്‍ ഈ വിവരം അറിയുന്നത്. പ്രണയത്തില്‍ നിന്ന് പിന്‍മാറണമെന്ന് പറഞ്ഞ് ഇരുവരേയും വെള്ളിയാഴ്ച രാത്രി സുധീരന്‍ ഉപദേശിച്ചു. മിഥുന്റെ വീട്ടുകാരെയും ഇക്കാര്യം അറിയിച്ചിരുന്നു. വീട്ടുകാരും മിഥുനെ ഉപദേശിച്ചത്രെ.വീട്ടുകാരുടെയും മറ്റും പെരുമാറ്റത്തില്‍ മാനസികമായി തളര്‍ന്ന മിഥുന്‍ രാത്രി വീട്ടില്‍നിന്നുമിറങ്ങി തീവണ്ടിക്ക് മുന്‍പില്‍ ചാടി മരിക്കുകയായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മിഥുന്റെ മരണവാര്‍ത്ത അറിഞ്ഞ് നടുങ്ങിപ്പോയ സുധീരനും കുടുംബവും, ബൈക്കില്‍ മാന്ത്രയ്ക്കല്‍ ക്ഷേത്രത്തിലെത്തി തൊഴുത ശേഷം റെയില്‍വെ പാളത്തിലേക്ക് നീങ്ങുകയായിരുന്നു .അതിനുശേഷമാണ് മൂവരും തീവണ്ടിക്ക് മുന്‍പില്‍ ചാടി ജീവിതം അവസാനിപ്പിച്ചത് . ഇതിനിടെ ക്ഷേത്രദര്‍ശനത്തിനായി മകന്‍ അനന്തുവിനേയും സുധീരന്‍ വിളിച്ചിരുന്നു. എന്നാല്‍ അനന്തു വരുന്നില്ലെന്ന് അറിയിച്ചു. പത്ത് വര്‍ഷത്തോളമായി കമ്പനിപ്പടിയില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു സുധീരനും കുടുംബവും.

അമ്പലമേട് ഫാക്ടിലെ കരാര്‍ ഡ്രൈവറാണ് സുധീരന്‍. പെയിന്‍റിങ് കരാര്‍ ജോലിയും ചെയ്യുന്നു. ബിന്ദു കമ്പനിപ്പടിയിലെ കെ.എസ്.മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരിയാണ്. ആലുവ വിദ്യാധിരാജ വിദ്യാഭവന്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അഖില. ഇതേ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സഹോദരന്‍ അനന്തു. തൃക്കാക്കര ഉണിച്ചിറ കെ.എം.എം. കോളേജിലെ രണ്ടാം വര്‍ഷ ബി.കോം. വിദ്യാര്‍ത്ഥിയാണ് മിഥുന്‍. ഉഷയാണ് മിഥുന്റെ മാതാവ്. മിഥിലയാണ് സഹോദരി. പിതാവ് സുരേഷ് കളമശ്ശേരി അപ്പോളോ ടയേഴ്‌സ് ജീവനക്കാരനാണ്. ആലുവ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. മിഥുന്റെ അമ്മവീടായ കുഞ്ചാട്ടുകരയില്‍ എത്തിച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്. കട്ടപ്പനയില്‍ നിന്നും ബിന്ദുവിന്റെ സഹോദരിയും ബന്ധുക്കളും എത്തിയ ശേഷം മരിച്ച മറ്റ് മൂന്ന് പേരുടേയും മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.