തളിപ്പറമ്പ്: പന്നിയൂര്‍ പ്രദേശത്തെ രണ്ട് ബുത്തുകളില്‍ നിന്നായി അകാരണമായി വോട്ടുകള്‍ തള്ളിയെന്നാരോപിച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തളിപ്പറമ്പ് തഹസില്‍ദാറെയും ഇലക്ഷന്‍ ഉദ്യോഗസ്‌ഥരെയും ഉപരോധിച്ചു. തളിപ്പറമ്പ നിയോജകമണ്ഡലത്തിലെ 41, 42 ബൂത്തുകളിലെ 17 വോട്ടുകള്‍ തള്ളിയത് സംബന്ധിച്ചാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രശ്‌നത്തില്‍ നടപടി ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ തഹസില്‍ദാര്‍ ബി.രാധാകൃഷ്‌ണന്‍, അഡി. തഹസില്‍ദാര്‍ പി.വി.ഗോപാലകൃഷ്‌ണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ടോം ജോസഫ് എന്നിവരെ ഉപരോധിച്ചത്. തള്ളപ്പെട്ട 17 വോട്ടര്‍മാരും ബി.എല്‍.ഒ.യുടെ ഹിയറിങ്ങില്‍ യോഗ്യത നേടിയിരുന്നത്രെ. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനായി ആവശ്യമായ ഫോട്ടോയും രേഖകളും ബി.എല്‍.ഒ.ക്ക് നല്‍കിയിരുന്നെന്നും അതിന്റെ അടിസ്‌ഥാനത്തില്‍ ഇവരുടെ പേര് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇലക്‌ട്രല്‍ രജിസ്‌ട്രര്‍ ഓഫീസര്‍ക്ക് ബി.എല്‍.ഒ. റിപ്പോര്‍ട്ട് നല്‍കിയിരുന്നതായും ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണത്രെ പതിനേഴ് വോട്ടുകള്‍ തള്ളിയത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലെ ഒരു ഉദ്യോഗസ്‌ഥന്‍ തന്നിഷ്‌ടപ്രകാരം മേല്‍ റിപ്പോര്‍ട്ട് എഴുതി വോട്ട് നിഷേധിക്കുകയായിരുന്നുവെന്നാണ് ഉപരോധക്കാര്‍ ആരോപിക്കുന്നത്. വോട്ട് തള്ളിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തഹസില്‍ദാര്‍ അനേ്വഷണം നടത്താമെന്ന് സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. ഇതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തിന് പന്നിയൂര്‍ വാര്‍ഡ് യു.ഡി.എഫ്.ചെയര്‍മാന്‍ കെ.നാസര്‍, നൗഷാദ് പന്നിയൂര്‍, ടി.പി.സയ്യിദ് എന്നിവര്‍ നേതൃത്വം നല്‍കി.