Home »
News
» സലിംരാജിനെ ജോലിയില്‍ തിരികെ കയറ്റാന്‍ വകുപ്പുതല രഹസ്യനീക്കം
സലിംരാജിനെ ജോലിയില്‍ തിരികെ കയറ്റാന്‍ വകുപ്പുതല രഹസ്യനീക്കം
കോട്ടയം: സോളാര്‍ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിനെ ജോലിയില്‍ തിരികെ കയറ്റാന്‍ വകുപ്പുതല രഹസ്യനീക്കം നടന്നു. നിലവിലുള്ള വകുപ്പുതല അന്വേഷണം ഒതുക്കിത്തീര്‍ത്ത് ഇടുക്കി എസ്.പി. ഓഫീസിലേക്കു നിയമിക്കാനായിരുന്നു തീരുമാനം. വിവാദം ഭയന്ന് തെരഞ്ഞെടുപ്പിനുശേഷം ഉത്തരവിറക്കാനായിരുന്നു ധാരണ.
ഒരു കൂട്ടം ഉന്നത ഉദ്യോഗസ്‌ഥരായിരുന്നു ഇതിനു പിന്നില്‍. ജോലിയില്‍ തിരികെ കയറ്റണമെന്ന് ആവശ്യപ്പെട്ട് സലിംരാജ് ഡി.ജി.പിക്കു അപേക്ഷ നല്‍കിയിരുന്നു. പതിനൊന്നാം തീയതി ജോലിയില്‍ പ്രവേശിപ്പിക്കാനായിരുന്നു നീക്കം.
എന്നാല്‍ ഭൂമിയിടപാടുകേസില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നീക്കത്തിനു തിരിച്ചടിയായി. സലിംരാജിനെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയില്‍ നിന്നൊഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഈ റിപ്പോര്‍ട്ട് മുക്കി സര്‍വീസില്‍ തുടരുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സോളാര്‍ കേസില്‍ ആരോപണ വിധേയനായത്.
സലിംരാജും സരിതയും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതും പുറത്തുവന്നു. ഇതോടെ സസ്‌പെന്‍ഷനിലായി.കൂടാതെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവായി. ജോലിയില്‍നിന്നു പുറത്തായതോടെയാണു സലിംരാജിനെ പ്രതിയാക്കികൊണ്ടുള്ള ഭൂമിയിടപാടുകേസുകള്‍ പുറത്തായത്.
വകുപ്പുതല അന്വേഷണത്തില്‍ സരിതയെ വിളിച്ചതു ബന്ധുവിന്റെ വീട്ടില്‍ സോളാര്‍ പാനല്‍ വയ്‌ക്കുന്നതിനും മറ്റൊരു ബന്ധുവിന്റെ ജോലിക്കാര്യത്തിനും വേണ്ടിയാണെന്നുമായിരുന്നു വിശദീകരണം. ഇതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ഒതുക്കിതീര്‍ത്തു ജോലിയില്‍ തിരികെ കയറ്റാനായിരുന്നു നീക്കം.