Home » » പട്ടികജാതി യുവതിയെ പന്ത്രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണത്തിനിരയാക്കിയ ബന്ധുക്കളടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു.

പട്ടികജാതി യുവതിയെ പന്ത്രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണത്തിനിരയാക്കിയ ബന്ധുക്കളടക്കം എട്ടുപേരെ അറസ്റ്റ് ചെയ്തു.

Written By Unknown on Monday, 31 March 2014 | 21:32

ചാലക്കുടി: വെള്ളിക്കുളങ്ങര മോനടിയിൽ പട്ടികജാതി യുവതിയെ പന്ത്രണ്ടുവർഷത്തോളം ലൈംഗികമായി ചൂഷണത്തിനിരയാക്കിയ ബന്ധുക്കളടക്കം എട്ടുപേരെ ചാലക്കുടി ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യനും സംഘവും അറസ്റ്റ് ചെയ്തു. പത്തിലധികം പേരെ ഇനിയും പിടികിട്ടാനുണ്ട്. പിതൃസഹോദരിമാരും അവരുടെ ഭർത്താക്കൻമാരും ചേർന്ന് യുവതിയെ പണത്തിനായി പലർക്കും കാഴ്​ചവയ്​ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


ബന്ധുക്കളും മോനടി സ്വദേശികളുമായ കൊരട്ടിക്കാരൻ തങ്കപ്പൻ (50),​ വെട്ടിയാട്ടിൽ അരവിന്ദാക്ഷൻ (48),​  അരവിന്ദാക്ഷന്റെ ഭാര്യ ഭവാനി (40),​  ഏണാശ്ശേരി വള്ളോന്റെ ഭാര്യ രാധ (50), പെൺകുട്ടിയെ പീഡിപ്പിച്ച മോനടി പൈനാടത്ത് ഡേവിസ് (46),​ കിഴക്കേപുരയ്ക്കൽ നന്ദനൻ (38),​ തൂവപ്പറമ്പിൽ വിജയൻ ((38),​ പടിയൂർ സുനിൽകുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. ഇരുപത്തിനാലു വയസുപ്രായമുള്ള  പെൺകുട്ടിയെ ഒമ്പതാം ക്ലാസുമുതൽ ബന്ധുക്കൾ പണംവാങ്ങി പലർക്കും കാഴ്​ചവയ്​ക്കുകയായിരുന്നു.


മൂന്നു വയസു പ്രായമുള്ളപ്പോൾ അമ്മ മരിച്ച കുട്ടിയുടെ പിതാവ് മറ്റൊരുവിവാഹം കഴിച്ച് വീടുവിട്ടുപോയി. പിന്നീട് പിതൃസഹോദരിമാരുടെ സംരക്ഷണയിൽ വളർന്ന കുട്ടിയെ ഏഴാംക്ലാസു മുതൽ അമ്മായിമാർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി. സ്വന്തം വീടുകളിൽ പെൺകുട്ടിയെ താമസിപ്പിച്ച് ഇവർ ആളുകളെ അവിടേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നീട് കൊരേച്ചാലിലെ വാടകവീട്ടിലും ചൊക്കന റബ്ബർ എസ്റ്റേറ്റിലെ ഏറുമാടത്തിലും പാർപ്പിച്ച് പലർക്കും കാഴ്​ചവച്ചു. ചുങ്കാൽ വനത്തിൽവച്ച് മാനഭംഗത്തിനും ഇരയാക്കി. പീ‌ഡനം സഹിക്കാതെയായപ്പോൾ യുവതി തന്ത്രപൂർവ്വം രക്ഷപ്പെട്ടു.

പാലക്കാട് കൊഴിഞ്ഞാമ്പാറയിലുള്ള ഗുരുപ്രസാദം ചാരിറ്റബിൾ ട്രസ്റ്റ് എന്ന സ്ഥാപനത്തിൽ എത്തിച്ചേർന്ന യുവതി അവിടെ ജോലിചെയ്​തു വരുന്നതിനിടെ ട്രസ്​റ്റ് ഭാരവാഹികളോട് താൻ അനുഭവിച്ച ക്രൂര പീഡനകഥ വിവരിച്ചു. ഇതെതുടർന്നു ഭാരവാഹികൾ കൊഴിഞ്ഞാമ്പാറ വനിതാ സെല്ലിലെ സി.ഐയ്​ക്ക് പരാതി നൽകി. പിന്നീട് കേസ് ത‌ൃശൂർ ജില്ലാ സൂപ്രണ്ടിന് കൈമാറുകയും ചാലക്കുടി ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപ്പിക്കുകയുമായിരുന്നു. കൊടകര സി.ഐ. കെ.സുമേഷ്, വെള്ളിക്കുളങ്ങര എസ്.ഐ.എം.എസ്. വർഗ്ഗീസ്, ജി.എസ്.ഐ മോഹൻദാസ്, സി.പി.ഒമാരായ സജീവ്കുമാർ, രാജേഷ്, ജിജു, ജാഫർ, ത്രേസ്യ, സുധീഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.