Home » » എ.പി.അബ്ദുള്ളക്കുട്ടി. യു.ഡി.എഫിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അപ്രഖ്യാപിത വിലക്ക്.

എ.പി.അബ്ദുള്ളക്കുട്ടി. യു.ഡി.എഫിന്റെ പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അപ്രഖ്യാപിത വിലക്ക്.

Written By Unknown on Saturday, 15 March 2014 | 02:44

കണ്ണൂര്‍ : സ്ത്രീപീഡനക്കേസില്‍ പ്രതിയായ എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അപ്രഖ്യാപിത വിലക്ക്.

വെള്ളിയാഴ്ച കണ്ണൂരില്‍നടന്ന യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ അബ്ദുള്ളക്കുട്ടി പങ്കെടുത്തില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്ന യോഗത്തില്‍ കേസില്‍ പ്രതിയായ ഒരാള്‍ പങ്കെടുക്കുന്നത് ശരിയല്ലാത്തതിനാലാണ് അബ്ദുള്ളക്കുട്ടി വരാഞ്ഞതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. എന്നാല്‍, ബുധനാഴ്ച കൈയേറ്റത്തിനിരയായ സാഹചര്യത്തില്‍ തത്കാലം പാര്‍ട്ടിപരിപാടികളില്‍നിന്ന് അബ്ദുള്ളക്കുട്ടി മാറിനില്ക്കണമെന്ന് നേതാക്കള്‍ നിര്‍ദേശം നല്കിയതായാണ് അറിയുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ അബ്ദുള്ളക്കുട്ടിക്ക് ഒരു വിലക്കുമില്ലെന്ന് ഡി.സി.സി. പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. അബ്ദുള്ളക്കുട്ടി യു.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പങ്കെടുക്കാഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ബുധനാഴ്ചയാണ് ഒരുസംഘം ഡി.വൈ.എഫ്.ഐ.ക്കാര്‍ ഡി.സി.സി. യോഗത്തിനെത്തിയ അബ്ദള്ളക്കുട്ടിയെ കൈയേറ്റംചെയ്തത്. ഇത് പ്രതിഷേധത്തിനിടയാക്കി. അബ്ദുള്ളക്കുട്ടി പങ്കെടുക്കുന്ന പരിപാടികളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സി.പി.എം. നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, രാഷ്ട്രീയപരിപാടികളില്‍ അബ്ദുള്ളക്കുട്ടി പങ്കെടുക്കുന്നത് തടയാന്‍ സി.പി.എം. ഉദ്ദേശിച്ചിട്ടില്ലെന്ന് എം.വി.ജയരാജന്‍ പറഞ്ഞു. ഒരു കേസില്‍ പ്രതിയായ ആളെ അറസ്റ്റുചെയ്യാത്തതും അയാള്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതും തുറന്നുകാട്ടുകയാണ് സി.പി.എം. ചെയ്യുക. അല്ലാതെ തടയലല്ല -അദ്ദേഹം പറഞ്ഞു.

അബ്ദുള്ളക്കുട്ടിയെ തടയുന്നത് യു.ഡി.എഫിനാണ് ഗുണം ചെയ്യുകയെന്നത് സി.പി.എം. തിരിച്ചറിഞ്ഞിട്ടുണ്ട്. മാത്രമല്ല, സ്ത്രീപീഡനവിഷയം ചര്‍ച്ചയാകുന്നതോടെ പി.ശശിപ്രശ്‌നവും ഗോപി കോട്ടമുറിക്കല്‍ പ്രശ്‌നവുമൊക്കെ കത്തിപ്പടരുമെന്ന് സി.പി.എം. ഭയക്കുന്നു. ആരോപണവിധേയനായ അബ്ദുള്ളക്കുട്ടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ പങ്കെടുക്കുന്നത് യു.ഡി.എഫിനെ ബാധിക്കുമെന്ന ആശങ്ക യു.ഡി.എഫ്. നേതാക്കള്‍ക്കുണ്ട്. കേസ് കഴിയുന്നതുവരെ തത്കാലം മാറിനില്ക്കുന്നതാണ് നല്ലതെന്ന് ഒരുവിഭാഗം നേതാക്കള്‍ പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.