Home » » ദരിദ്രവിഭാഗങ്ങള്‍ക്ക് ഭവന ബോര്‍ഡ് വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിയും അട്ടിമറിക്കുന്നു.

ദരിദ്രവിഭാഗങ്ങള്‍ക്ക് ഭവന ബോര്‍ഡ് വഴി സര്‍ക്കാര്‍ നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിയും അട്ടിമറിക്കുന്നു.

Written By Unknown on Tuesday, 11 March 2014 | 23:05

കോഴിക്കോട്: ദരിദ്രവിഭാഗങ്ങള്‍ക്ക് ഭവന ബോര്‍ഡ് വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിയും അട്ടിമറിക്കുന്നു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാന്‍ സ്പോണ്‍സര്‍മാര്‍ക്ക് അധികാരം നല്‍കുക വഴി ധനമന്ത്രിയുടെ ഇഷ്ടസംഘടനകള്‍ക്ക് മാത്രം വിഹിതം നല്‍കുന്നുവെന്നാണ് ആക്ഷേപം. ദുര്‍ബല വിഭാഗത്തിലെ ബി.പി.എല്‍, എ.പി.എല്ലുകാര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കും 525 വീടുകളാണ് ലക്ഷ്യമിടുന്നത്.
എല്ലാ വിഭാഗക്കാര്‍ക്കും സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വിഹിതം സബ്സിഡി നല്‍കും. ബാക്കി തുക എന്‍.ജി.ഒ, വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ വഴിയും ഗുണഭോക്തൃ വിഹിതമായും സ്വരൂപിക്കും.
എന്നാല്‍, ആഗസ്റ്റ് 26ന് ഉത്തരവ് ഇറങ്ങുന്നതിനുമുമ്പ് തന്നെ പദ്ധതി ലക്ഷ്യം കവിഞ്ഞത് വിവാദമായിരുന്നു. 312 സന്നദ്ധ സംഘടനകളും 300 കാരുണ്യവാന്മാരായ വ്യക്തികളും ചേര്‍ന്ന് 8934 വീടുകളുടെ പദ്ധതിയില്‍ പങ്കാളികളായിട്ടുണ്ട് എന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്.
മൊത്തം 10.50 കോടിയാണ് പദ്ധതിക്ക് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. എന്നാല്‍, വിവാദത്തത്തെുടര്‍ന്ന് വിവിധ സംഘടനകളുടെ യോഗം ചേര്‍ന്നെങ്കിലും ധനമന്ത്രിയുടെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കുകയാണുണ്ടായതെന്ന് മറ്റു സംഘടനാ പ്രതിനിധികള്‍ പറയുന്നു. യോഗം സംബന്ധിച്ച് പലരെയും അറിയിച്ചത് തൊട്ടുമുമ്പുള്ള ദിവസമാണ്. ഇത് കാരണം പലര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞില്ല. മുസ്ലിം സര്‍വീസ് സൊസൈറ്റി 70 വീടുകളാണ് ആവശ്യപ്പെട്ടതെങ്കിലും മൂന്നെണ്ണം മാത്രമാണ് അനുവദിച്ചത്.
എന്നാല്‍, ഇതിന്‍റ ഗുണഭോക്തൃ, സ്പോണ്‍സര്‍ വിഹിതം അനുവദിക്കാനുള്ള സമയം അവസാനിക്കാനിരിക്കെയാണ് സംഘടനയെ അറിയിച്ചത്.
ഇത് കാരണം ഈ വീടുകള്‍ സംഘടനക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. സി.എച്ച് കള്‍ചറല്‍ സെന്‍റര്‍, ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ എന്നിവക്കും പണം അടക്കാന്‍ കഴിഞ്ഞില്ല. മലങ്കര ഓര്‍ത്തഡോക്സ് സിറയന്‍ ചര്‍ച്ച്, കൊല്ലം-കോട്ടയം സോഷ്യല്‍ സര്‍വീസ്, എന്‍.എസ്.എസ് സംഘടനകള്‍ക്കാണ് വിഹിതം ഏറെയും ലഭിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭ 1000 വീടുകള്‍ ആവശ്യപ്പെട്ടപ്പോള്‍ 50 വീടുകള്‍ അനുവദിച്ചു.
വിഹിതം അനുവദിച്ച എന്‍.ജി.ഒകളില്‍ ഏറെയും മേല്‍പറഞ്ഞ സംഘടനകളുമായി ബന്ധപ്പെട്ടവരാണ്. കോഴിക്കോട് ജില്ലയില്‍ കായണ്ണ ബസാര്‍ നന്മ കാരുണ്യ സഹകരണ സംഘം, തിരുവമ്പാടിയിലെ പ്രതിച്ഛായ ജീവകാരുണ്യ സംഘം, പേരാമ്പ്ര കാട്ടുമല സെന്‍റ് മേരീസ് ചാരിറ്റബ്ള്‍ ട്രസ്റ്റ്, താമരശ്ശേരി ഐ.ഡി.സി തുടങ്ങിയ സംഘടനകള്‍ക്കാണ് വീട് അനുവദിച്ചത്. കൂടുതല്‍ അപേക്ഷകരില്ലാതെ വരുമ്പോള്‍ ഇപ്പോള്‍ പദ്ധതിയിലുള്ള സംഘടനകള്‍ക്ക് കൂടുതല്‍ വിഹിതം അനുവദിക്കും എന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.
വീട് നിര്‍മാണത്തിന് 50 സെന്‍റ് നല്‍കാമെന്ന ചില മതസ്ഥാപന മേധാവികളുടെവാഗ്ദാനം അംഗീകരിക്കപ്പെടുകയും ചെയ്തു.
ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത് പൂര്‍ണമായും സ്പോണ്‍സര്‍മാര്‍ക്ക് നല്‍കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനത്തെുടര്‍ന്ന് ഗുണഭോക്താക്കളെ ഭവനബോര്‍ഡ് പരിശോധിച്ച ശേഷമേ അംഗീകാരം നല്‍കൂ എന്ന പുതിയ ഉത്തരവ് ഇറക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. എന്നാല്‍, പകരം ആളുകളെ കണ്ടത്തൊനുള്ള അവകാശം അതേ സ്പോണ്‍സര്‍മാര്‍ക്ക് തന്നെ നല്‍കിയിരിക്കുകയാണ്.
അതേസമയം, 525 വീടുകളാണ് അനുവദിച്ചതെങ്കിലും 366 വീടുകളുടെ അംഗീകാരമാണ് ഇതുവരെ ആയതെന്ന് ഭവന ബോര്‍ഡ് അഡീ. സെക്രട്ടറി അജിതാറാണി പറഞ്ഞു. 8934 വീടുകള്‍ക്ക് സ്പോണ്‍സര്‍മാരായെങ്കിലും ഇവക്കുള്ള ഉപഭോക്തൃ വിഹിതം ലഭിക്കാത്തതിനാല്‍ പദ്ധതി പൂര്‍ത്തീകരിക്കാനായില്ല. മാര്‍ച്ചിനകം പൂര്‍ത്തീകരിക്കണമെന്നാണ് ചട്ടം.
എന്നാല്‍, തുടര്‍പദ്ധതി ആയതിനാല്‍ അടുത്ത ബജറ്റിലും ഇതിന് തുക വകകൊള്ളിക്കാനാവുമെന്നാണ് ഭവന ബോര്‍ഡ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.