Home »
News
» കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി.
കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി.

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി
കസ്‌തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിനുള്ള കരട്
വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തി. 112 പേജുള്ള കരട്
വിജ്ഞാപനം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണു
പ്രസിദ്ധപ്പെടുത്തിയത്. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതു
സംബന്ധിച്ചു കേരളം മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുള്ള കരട്
വിജ്ഞാപനം പുറത്തിറക്കുന്നതിനു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍
സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു. ആറ് സംസ്ഥാനങ്ങളിലെ 59,940 ചതുരശ്ര
കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കേരളത്തിലെ
3114 ചതുരശ്ര കി.മീ. പ്രദേശത്തെ ഇഎസ്‌എയുടെ പരിധിയില്‍നിന്നൊഴിവാക്കി.
കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയില്‍
ഉള്‍പ്പെടുത്തുന്നതിനെതിരേ ഉയര്‍ന്ന വ്യാപക പ്രതിഷേധങ്ങളെത്തുടര്‍ന്നു
സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്‌ധസമിതിയുടെ റിപ്പോര്‍ട്ട്
അംഗീകരിച്ചുകൊണ്‌ട് മാര്‍ച്ച് നാലിനു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം
ഓഫീസ് മെമ്മോറാണ്‌ടം പുറത്തിറക്കിയിരുന്നു. കേരളത്തിലെ ജനവാസ മേഖലകളെയും
കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ഇഎസ്‌എയുടെ പരിധിയില്‍ നിന്ന്
ഒഴിവാക്കുമെന്നും ഇഎസ്‌എയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്നും ഓഫീസ്
മെമ്മോറാണ്‌ടത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് അതേപടി
നിലനിര്‍ത്തിക്കൊണ്‌ടാണ് കരട് വിജ്ഞാപനവും പുറത്തിറക്കിയത്. എന്നാല്‍,
കേരളം ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ പരിസ്ഥിതിലോല മേഖലയെ അതേപടി കരട്
വിജ്ഞാപനത്തിലും നിലനിര്‍ത്തിയിട്ടുണ്‌ട്. SO 733 (E) നമ്പറായാണു കരട്
പുറത്തി റക്കിയത്.
കസ്‌തൂരിരംഗന്‍ സമിതി ശിപാര്‍ശ ചെയ്‌തതനുസരിച്ച് പരിസ്ഥിതിലോല മേഖലയായി
പ്രഖ്യാപിച്ച സ്ഥലത്ത് നടത്തുന്ന നേരിട്ടുള്ള പരിശോധന കേരളം മാത്രമാണു
നടത്തിയിരിക്കുന്നതെന്നു ചൂണ്‌ടിക്കാട്ടിയാണു കേരളത്തെ ഒഴിവാക്കിയത്.
അതിനാല്‍ ഇഎസ്‌എയുടെ പരിധിയിയില്‍ പെടുന്ന കേരളത്തിലെ പ്രദേശങ്ങളുടെ
പേരുകളൊന്നും കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അതേസമയം,
കേരളത്തിലെ 9,993.7 ച.കി.മീ ഇഎസ്‌എയുടെ പരിധിയില്‍ ഉള്‍പ്പെടുമെന്നു
വിജ്ഞാപനത്തില്‍ പറയുന്നു. കേരളത്തിലെ 123 വില്ലേജുകളിലായി
നിര്‍ണയിച്ചിരുന്ന 13,108 ച.കി.മീയില്‍നിന്നു ജനവാസ കേന്ദ്രങ്ങളെയും
കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കിയതിനെത്തുടര്‍ന്നാണ് കരടില്‍
ഇക്കാര്യം വ്യക്തമാക്കാതിരുന്നത്. ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന
9,993.7 ച.കീ.മീറ്ററില്‍ 9,107 ച.കി.മീവനപ്രദേശവും 886.7 ച.കി.മീ. വനേതര
പ്രദേശവുമാണുള്ളത്.
ഇഎസ്‌എയുടെ പരിധി പുനര്‍നിര്‍ണയിക്കുമെന്നു വ്യക്തമാക്കിയ കേരള സര്‍ക്കാര്‍
ഇതില്‍ വ്യക്തത വരുത്തി സംസ്ഥാന ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ
വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുമെന്നു മാര്‍ച്ച് നാലിലെ ഓഫീസ്
മെമ്മോറാണ്‌ടത്തിലേതു പോലെ തന്നെ കരട് വിജ്ഞാപനത്തിലും പറയുന്നുണ്‌ട്.
അതിനാല്‍, കേരള സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രദേശങ്ങളാവും അന്തിമ
വിജ്ഞാപനത്തിലുണ്‌ടാകുക. അതേസമയം, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്
തത്ത്വത്തില്‍ അംഗീകരിച്ചുകൊണ്‌ട് നവംബര്‍ 13നു പുറത്തിറക്കിയ
വിജ്ഞാപനത്തിലെ അഞ്ച് നിര്‍ദേശങ്ങള്‍ അതേപടി നിലനിര്‍ത്തി. പാറ, മണല്‍
ഖനനം, താപനിലയങ്ങള്‍, റെഡ് കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍, 20,000 ചതുരശ്ര
മീറ്റര്‍ വിസ്‌തൃതിയുള്ള കെട്ടിടങ്ങള്‍, 50 ഹെക്ടറുകളില്‍ കൂടുതലുള്ള
ടൗണ്‍ഷിപ്പുകള്‍ എന്നിവയ്‌ക്കു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി.
റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വ്യവസായങ്ങളുടെ പട്ടികയും കരട്
വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്‌ട്. കേരള സര്‍ക്കാര്‍
എതിര്‍ത്തിരുന്ന ആശുപത്രിയും ആരോഗ്യ കേന്ദ്രങ്ങളും റെഡ് കാറ്റഗറി
വ്യവസായത്തിലുണ്‌ട്. വിമാനത്താവളങ്ങള്‍, ത്രീ സ്‌റ്റാര്‍ ഹോട്ടലുകള്‍,
ഡിസ്‌റ്റലറി, ഓട്ടോമൊബൈല്‍ ഉത്‌പാദനം, രാസവളം-സിമന്റ് നിര്‍മാണം,
ഇന്‍ഡസ്‌ട്രിയല്‍ എസ്റ്റേറ്റ്, പ്രത്യേക സാമ്പത്തിക മേഖല, പാല്‍
സംസ്‌കരണവും ഡയറി പ്രോജക്ടുകളും, പുതിയ ഹൈവേ നിര്‍മ്മാണ പ്രോജക്ടുകള്‍
തുടങ്ങിയ 85 ഇനത്തിലുള്ള പദ്ധതികളെയാണു റെഡ് കാറ്റഗറിയില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്. റെഡ് കാറ്റഗറിയിലുള്ളവ ഏതെല്ലാമെന്നു
നിശ്ചയിക്കുന്നതു സംസ്ഥാന സര്‍ക്കാരാണെന്നാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍
വിശദീകരിക്കുന്നതെങ്കിലും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പട്ടിക
അംഗീകരിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനത്തില്‍
ചേര്‍ത്തിരിക്കുന്നത്. കേരളത്തില്‍ വനവും ജനവാസമേഖലകളല്ലാത്ത പ്രദേശവുമേ
ഇഎസ്‌എയില്‍ വരൂ എന്നതിനാല്‍ റെഡ്‌കാറ്റഗറി ഇവിടെ ബാധകമാകുകയില്ല.
മാര്‍ച്ച് 10 വച്ചു പുറത്തിറക്കിയിരിക്കുന്ന കരട് വിജ്ഞാപനത്തില്‍
പരാതികളും നിര്‍ദേശങ്ങളും 60 ദിവസത്തിനുള്ളില്‍ അറിയിക്കാന്‍ അവസരം
നല്‍കുന്നു. കേരളം മാത്രം നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചാണ് മാറ്റം
വരുത്തിയതെന്നും മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഈ
കാലയളവില്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്‌ട്. കരട്
വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും
സുപ്രീംകോടതിയുടെയും തീരുമാനത്തിനു വിധേയമായിരിക്കുമെന്നും ഇതില്‍
ചൂണ്‌ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ കരട് വിജ്ഞാപനം ദേശീയ ഹരിത
ട്രൈബ്യൂണല്‍ ഈ മാസം 24നു പരിഗണിക്കുന്നതു നിര്‍ണായകമാകും.