Home » » എം.ഐ. ഷാനവാസിനെതിരെ കല്‌പറ്റയില്‍ വ്യാപക പോസ്‌റ്റര്‍ പ്രചാരണം.

എം.ഐ. ഷാനവാസിനെതിരെ കല്‌പറ്റയില്‍ വ്യാപക പോസ്‌റ്റര്‍ പ്രചാരണം.

Written By Unknown on Thursday, 6 March 2014 | 20:30



കല്‌പറ്റ: വയനാട്‌ എംപി എം.ഐ. ഷാനവാസിനെതിരെ കല്‌പറ്റയില്‍ വ്യാപക പോസ്‌റ്റര്‍ പ്രചാരണം. ഷാനവാസിനെ വയനാട്ടില്‍ എത്തിച്ചാല്‍ തോല്‌പിക്കും എന്നുവ്യക്തമാക്കുന്ന പോസ്‌റ്റര്‍ സുധീരന്‌ ഒരു കത്ത്‌ എന്ന തലക്കെട്ടോടെയാണ്‌ വ്യാപകമായി പതിച്ചിരിക്കുന്നത്‌. വയനാട്‌ സംരക്ഷണ സമിതിയുടെ പേരിലാണ്‌ മൂന്നുപേജുള്ള പോസ്‌റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്‌.

രാത്രികാല യാത്രാനിരോധനം മാറ്റാത്ത, ശ്രീചിത്തിര ആശുപത്രി നല്‍കാത്ത, വയനാട്‌ പാക്കേജ്‌ യാഥാര്‍ത്ഥ്യമാക്കാത്ത, റെയില്‍വേ കൊണ്‌ടുവരാത്ത, റിയല്‍ എസ്റ്റേറ്റ്‌ മാഫിയക്കുവേണ്‌ടി പ്രവര്‍ത്തിച്ച ഷാനവാസിനെ തിരിച്ചുവിളിക്കൂ, വയനാടിനെ രക്ഷിക്കൂ എന്നാണ്‌ പോസ്‌റ്ററുകളിലൊന്നിലെ മുദ്രാവാക്യം.

സരിതാനായരെ മുഖ്യമന്ത്രിക്ക്‌ വന്‍ പണം കൈപ്പറ്റി പരിചയപ്പെടുത്തി ഗവണ്‍മെന്റിനു കളങ്കമുണ്‌ടാക്കിയ, ഹൈമാസ്റ്റ്‌ ലൈറ്റും ഡയാലിസിസ്‌ മെഷീനും മാത്രം വികസനമായി കണക്കാക്കി കമ്മീഷന്‍ തട്ടിയ, ബ്രിട്ടീഷുകാരെ നാണിപ്പിക്കുന്ന രീതിയില്‍ വയനാടിനെ ഊറ്റിക്കുടിച്ച രാക്ഷസരാജാവ്‌ ഷാനവാസിനെ തിരിച്ചുവിളിക്കുക എന്നതാണ്‌ ഒരു പോസ്‌റ്ററിലുള്ളത്‌.

ഗാഡ്‌ഗില്‍ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടുകളില്‍ ഇരട്ടത്താപ്പ്‌ നയം എടുക്കുകയും കര്‍ഷകവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്‌തെന്നും പോസ്‌റ്ററില്‍ ആരോപിക്കുന്നുണ്‌ട്‌.

യുഡിഎഫ്‌ സര്‍ക്കാരിന്റെ വികസനങ്ങള്‍ വ്യക്തമാക്കുന്ന ഫ്‌ളക്‌സ്‌ ബോര്‍ഡിലും ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാഷ്ര്‌ടീയ വികസന സന്ദേശയാത്രയുടെ ഫ്‌ളക്‌സ്‌ ബോഡിലും മറ്റുമാണ്‌ വയനാട്‌ സംരക്ഷണ സമിതിയുടെ പേരിലുള്ള പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.