Home » » ഇടുക്കിയില്‍ ജോയ്‌സ്‌ ജോര്‍ജ്‌ അടക്കം അഞ്ചു സ്വതന്ത്രരെ ഉള്‍പ്പടുത്തി സിപിഎം സ്‌ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇടുക്കിയില്‍ ജോയ്‌സ്‌ ജോര്‍ജ്‌ അടക്കം അഞ്ചു സ്വതന്ത്രരെ ഉള്‍പ്പടുത്തി സിപിഎം സ്‌ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Written By Unknown on Thursday, 13 March 2014 | 18:38

തിരുവനന്തപുരം* ഇടുക്കിയില്‍ ഹൈറേഞ്ച്‌ സംരക്ഷണസമിതി നിയമോപദേഷ്‌ടാവ്‌ ജോയ്‌സ്‌ ജോര്‍ജ്‌ അടക്കം അഞ്ചു സ്വതന്ത്രരെ ഉള്‍പ്പടുത്തി സിപിഎം സ്‌ഥാനാര്‍ഥിപ്പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോട്ടയം ഒഴിച്ചുള്ള സീറ്റുകളുടെ കാര്യത്തില്‍, ആറിനു സംസ്‌ഥാന കമ്മിറ്റി അംഗീകരിച്ച അതേ പട്ടികയാണ്‌ ഇടുക്കി കൂടി ഉള്‍പ്പെടുത്തി ഇന്നലെ പുറത്തിറക്കിയത്‌. അന്ന്‌ ഇടുക്കിമാത്രം ഒഴിച്ചിട്ടിരിക്കുകയായിരുന്നു. കോട്ടയം പിന്നീടു ജനതാദളിനു നല്‍കി.
എ. സമ്പത്ത്‌ (ആറ്റിങ്ങല്‍), എം.എ. ബേബി (കൊല്ലം), സി.ബി. ചന്ദ്രബാബു (ആലപ്പുഴ), പി.കെ. ബിജു (ആലത്തൂര്‍), എം.ബി. രാജേഷ്‌ (പാലക്കാട്‌), പി.കെ. സൈനബ (മലപ്പുറം), എ. വിജയരാഘവന്‍ (കോഴിക്കോട്‌), എ.എന്‍. ഷംസീര്‍ (വടകര), പി.കെ. ശ്രീമതി (കണ്ണൂര്‍), പി. കരുണാകരന്‍ (കാസര്‍കോട്‌) എന്നിവരെ കൂടാതെ സിപിഎം സ്വതന്ത്രരായി പീലിപ്പോസ്‌ തോമസ്‌ (പത്തനംതിട്ട), ജോയ്‌സ്‌ ജോര്‍ജ്‌ (ഇടുക്കി), ക്രിസ്‌റ്റി ഫെര്‍ണാണ്ടസ്‌ (എറണാകുളം), ഇന്നസെന്റ്‌ (ചാലക്കുടി), വി. അബ്‌ദുറഹ്‌മാന്‍ (പൊന്നാനി) എന്നിവരും ഉള്‍പ്പെടുന്നതാണു പട്ടിക. ആകെ 15 സ്‌ഥാനാര്‍ഥികളില്‍ അഞ്ചും സിപിഎം സ്വതന്ത്രരാണ്‌. ഇതില്‍ പീലിപ്പോസ്‌ തോമസും അബ്‌ദു റഹ്‌മാനും മുന്‍ കോണ്‍ഗ്രസ്‌ നേതാക്കളാണ്‌. മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലിന്റെ സെക്രട്ടറിയായിരുന്നു മുന്‍ ഐഎഎസ്‌ ഉദ്യോഗസ്‌ഥനായ ക്രിസ്‌റ്റി ഫെര്‍ണാണ്ടസ്‌.

സിനിമാനടനായ ഇന്നസെന്റ്‌ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇന്നലെ വരെ ഒഴിച്ചിട്ട ഇടുക്കി സീറ്റ്‌ ഘടകകക്ഷികള്‍ പലരും ചോദിച്ചുവെങ്കിലും നറുക്കുവീണതു ഹൈറേഞ്ച്‌ സംരക്ഷണസമിതിയുടെ നോമിനിയും ഹൈക്കോടതി അഭിഭാഷകനുമായ ജോയ്‌സ്‌ ജോര്‍ജിനാണ്‌. പി.സി. തോമസിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ ഇന്നലെയും ഈ സീറ്റിനായി അവകാശവാദം ഉന്നയിച്ചിരുന്നു. കൊല്ലത്ത്‌ ആര്‍എസ്‌പി നേതാവ്‌ എന്‍.കെ. പ്രേമചന്ദ്രന്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ഥിയായി പൊടുന്നനെ കളംനിറഞ്ഞുവെങ്കിലും അവിടെ പൊളിറ്റ്‌ ബ്യൂറോ അംഗമായ എം.എ. ബേബിയെ രംഗത്തിറക്കുക എന്ന തീരുമാനത്തില്‍ മാറ്റമുണ്ടായില്ല.

ഇന്നസെന്റ്‌, ഷംസീര്‍, ക്രിസ്‌റ്റി ഫെര്‍ണാണ്ടസ്‌, എ. വിജയരാഘവന്‍ എന്നിവര്‍ ഇറക്കുമതി സ്‌ഥാനാര്‍ഥികളാണെന്നു ജില്ലാ ഘടകങ്ങളില്‍ ഉയര്‍ന്ന പരാതി സംസ്‌ഥാന നേതൃത്വം തള്ളി. മലപ്പുറത്തു പി.കെ. സൈനബയെ മാറ്റുമെന്ന പ്രചാരണവും ഇല്ലാതായി. പാര്‍ട്ടി ബന്ധമില്ലാത്ത സ്വതന്ത്രരോടു വിയോജിപ്പ്‌ ഉണ്ടെങ്കിലും ഒടുവില്‍ ഇടുക്കിയിലും അതേ പാത പിന്തുടരുകയാണു സിപിഎം ചെയ്‌തത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.