Home » » കെ.ആര്‍. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്‌എസ്‌ ഇടതു മുന്നണിയിലേക്ക്‌.

കെ.ആര്‍. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്‌എസ്‌ ഇടതു മുന്നണിയിലേക്ക്‌.

Written By Unknown on Friday, 7 March 2014 | 18:05

ആലപ്പുഴ* കെ.ആര്‍. ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്‌എസ്‌ ഇടതു മുന്നണിയിലേക്ക്‌. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. സംസ്‌ഥാന സെന്റര്‍ യോഗത്തിനു ശേഷം എല്‍ഡിഎഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വനുമായി ഗൗരിയമ്മ ഫോണില്‍ ചര്‍ച്ച നടത്തി. നേരിട്ടു ചര്‍ച്ച നടത്തുന്നതിന്‌ എല്‍ഡിഎഫ്‌ നേതാക്കള്‍ മൂന്നു ദിവസത്തിനുള്ളില്‍ ഗൗരിയമ്മയെ സന്ദര്‍ശിക്കുമെന്നു വിശ്വന്‍ അറിയിച്ചു.
ജെഎസ്‌എസിനെ എല്‍ഡിഎഫില്‍ ചേര്‍ക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ ഗൗരിയമ്മ ഉന്നയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലും യുഡിഎഫിനെ പിന്തുണയ്‌ക്കില്ലെന്നു ഗൗരിയമ്മ പറഞ്ഞു. തിരഞ്ഞെടുപ്പിനു മുന്‍പായി എല്ലാ നിയോജകമണ്ഡലങ്ങളിലും കണ്‍വന്‍ഷനുകളും രാഷ്‌ട്രീയ വിശദീകരണ യോഗങ്ങളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്‍ഡിഎഫിനെ പിന്തുണയ്‌ക്കണമെന്ന തീരുമാനം ഇതുവരെ എടുത്തിട്ടില്ല.

ഓരോ മണ്ഡലത്തിലെയും സാഹചര്യം കണക്കിലെടുത്ത്‌ നിലപാടെടുക്കും. എ.എന്‍. രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ജെഎസ്‌എസിന്റെ കൊടിയും അടയാളവും ഉപയോഗിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. സംസ്‌ഥാന സെന്റര്‍ യോഗത്തില്‍ സംസ്‌ഥാന പ്രസിഡന്റ്‌ പി.എസ്‌. പ്രദീപ്‌ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറിമാരായ ബി. ഗോപന്‍, സലിം കോട്ടുളി, കെ. ധര്‍മദാസ്‌, ടി.സി. സുരേഷ്‌, പി.ആര്‍. പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.