Home » » ഇ. അഹമ്മദിനെ വീണ്‌ടും സ്ഥാനാര്‍ഥിയാക്കുന്ന വിഷയത്തില്‍ മുസ്‌ലീം ലീഗില്‍ ആശയക്കുഴപ്പം.

ഇ. അഹമ്മദിനെ വീണ്‌ടും സ്ഥാനാര്‍ഥിയാക്കുന്ന വിഷയത്തില്‍ മുസ്‌ലീം ലീഗില്‍ ആശയക്കുഴപ്പം.

Written By Unknown on Friday, 7 March 2014 | 18:24

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദിനെ മലപ്പുറം മണ്‌ഡലത്തില്‍ വീണ്‌ടും സ്ഥാനാര്‍ഥിയാക്കുന്ന വിഷയത്തില്‍ മുസ്‌ലീം ലീഗില്‍ ആശയക്കുഴപ്പം. തിങ്കളാഴ്‌ച ചേരുന്ന സംസ്‌ഥാന സമിതി യോഗത്തില്‍ ഈ വിഷയം പ്രത്യേകമായി ചര്‍ച്ച ചെയ്യാനിരിക്കെ ഇതിനു മുന്നോടിയായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദിനെ പാര്‍ട്ടിയധ്യക്ഷന്‍ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. പാണക്കാട്ടെ വസതിയിലെത്തിയാണ്‌ മജീദ്‌, തങ്ങളുമായി ചര്‍ച്ച നടത്തിയത്‌.

അഹമ്മദിനെ വീണ്‌ടും സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ പ്രാദേശികമായി തര്‍ക്കമുണ്‌ട്‌. ഇതിനു പിന്നാലെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അഹമ്മദിനെതിരേ നിശിതമായ വിമര്‍ശനമാണ്‌ പ്രചരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ കൂടിയാണ്‌ മലപ്പുറത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ലീഗ്‌ പ്രത്യേകം ആലോചന നടത്തുന്നത്‌. ഇത്തവണ അഹമ്മദിന്‌ ജയസാധ്യത കുറവാണെന്ന വിലയിരുത്തല്‍ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിനുണ്‌ട്‌.

ഒരു തവണ കൂടി മത്സരിക്കാന്‍ താല്‍പര്യമുണ്‌ടെന്നാണ്‌ അഹമ്മദ്‌ പാര്‍ട്ടി നേതൃത്വത്തിന്‌ മുന്നില്‍ വ്യക്തമാക്കിയിരിക്കുന്നത്‌. എന്നാല്‍ വിജയസാധ്യതയും പ്രാദേശിക നേതൃത്വത്തിന്റെ അഭിപ്രായവും പരിഗണിച്ച്‌ തീരുമാനമെടുത്താല്‍ മതിയെന്ന നിലപാടിലാണ്‌ പാര്‍ട്ടി. അഹമ്മദിന്‌ പകരം പൊന്നാനിയിലെ സിറ്റിംഗ്‌ എംപി ഇ.ടി. മുഹമ്മദ്‌ ബഷീറിനെ മലപ്പുറത്ത്‌ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം പരിഗണിക്കുന്നുണ്‌ട്‌. പകരം പൊന്നാനിയില്‍ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ മല്‍സരിച്ചേക്കുമെന്നാണ്‌ സൂചന.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.