തിരുവനന്തപുരം: വന്‍ വിവാദങ്ങളില്ലാതെ പ്രഖ്യാപിച്ച സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡില്‍ കല്ലുകടിയായി ഗായകന്റെ അവാര്‍ഡ് മാറ്റം. ഗായകന്‍ പ്രദീപ് ചന്ദ്രകുമാറിനുള്ള അവാര്‍ഡ് ലഭിച്ചതു കാര്‍ത്തികിന്.
ഒറീസയില ജന്മാന്തരങ്ങളില്‍ നീ... എന്ന ഗാനത്തിനായിരുന്നു ജൂറി പുരസ്‌കാരം. ഈ ഗാനം കാര്‍ത്തികും പ്രദീപും പാടിയിരുന്നു. എന്നാല്‍ മെച്ചപ്പെട്ട ആലാപനമായതിനാല്‍ പ്രദീപിന്റെ പാട്ടാണു ചിത്രത്തില്‍ ഉപയോഗിച്ചത്. അവാര്‍ഡിനു സമര്‍പ്പിച്ചപ്പോള്‍ ചിത്രത്തോടൊപ്പം ഓഡിയോ സിഡിയും നല്‍കി. ഓഡിയോ സിഡിയില്‍ കാര്‍ത്തികിന്റെ പാട്ടായിരുന്നു. സിനിമയ്‌ക്കൊപ്പം ജൂറി പാട്ടു കേട്ടു. പാട്ടുകാരന്റെ പേരറിയാന്‍ ഓഡിയോ സിഡി. നോക്കിയപ്പോള്‍ ഗായകന്‍ കാര്‍ത്തിക്! അങ്ങനെ കാര്‍ത്തിക് പുരസ്‌കാര ജേതാവായി. യഥാര്‍ഥത്തില്‍ പുരസ്‌കാര ജേതാവ് പ്രദീപ് ചന്ദ്രകുമാറാണെന്നു ചിത്രത്തിന്റെ സംഗീത സംവിധായകന്‍ രതീഷ് വേഗ പറഞ്ഞപ്പോഴാണു അവാര്‍ഡ് നിര്‍ണയസമിതി അറിയുന്നത്.
അവാര്‍ഡിനര്‍ഹമായ ഗാനം പാടിയത് കാര്‍ത്തിക് അല്ലെന്നും പ്രദീപ് ചന്ദ്രകുമാറാണെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ചലച്ചിത്ര അക്കാദമിക്ക് സത്യവാങ്‌മൂലം നല്‍കിയാല്‍ അവാര്‍ഡ് പ്രദീപിനു നല്‍കുമെന്നു ജൂറി അംഗം ഹരികുമാര്‍ പറഞ്ഞു. അവാര്‍ഡ് ജൂറിക്കുമുന്നില്‍ ലഭിച്ച പേര് അനുസരിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചതെന്നും അദ്ദേഹം അറിയിച്ചു.
ചിത്രത്തില്‍ ആദ്യം ട്രാക്കു പാടിയത് പ്രദീപാണ്. പിന്നീട് ഗാനങ്ങള്‍ പുറത്തിറക്കിയപ്പോള്‍ പാടിയത് കാര്‍ത്തിക് ആണ്. അതേസമയം ട്രാക്കു കേട്ട സംവിധായകന്‍ ഉള്‍പ്പെടെയുളളവര്‍ ചിത്രത്തിന്റെ സാഹചര്യത്തിന് പ്രദീപിന്റെ ശബ്‌ദമാണ് അനുയോജ്യമെന്നു കണ്ടെത്തി അതുള്‍പ്പെടുത്തുകയായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. വിക്കിപീഡിയയില്‍ ചിത്രത്തിലെ ഗാനംസംബന്ധിച്ച് കാര്‍ത്തികിന്റെ പേരാണ് നല്‍കിയിട്ടുളളത്. ദക്ഷിണേന്ത്യയിലെ പേരെടുത്ത ഗായകനായ കാര്‍ത്തിക് മുമ്പ് ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
സത്യവാങ്‌മൂലം ഉടനെ സമര്‍പ്പിക്കുമെന്നു സംഗീതസംവിധായകന്‍ രതീഷ് വേഗ അറിയിച്ചു. ജൂറിയെ നേരത്തേ ഇത് അറിയിച്ചിരുന്നു. പേരു തിരുത്തുകതന്നെ വേണം. നടന്‍ ടി.ജി. രവിയുടെ സഹോദരന്‍ ഉണ്ണിയുടെ മകനാണ് പ്രദീപ്. ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഹൗസ്സര്‍ജനാണ്. സിനിമയില്‍ ഇതടക്കം അരഡസന്‍ പാട്ടുകളാണുളളത്.
ചിത്രത്തിന്റെ സംവിധായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ് ആലങ്കോട് ലീലാകൃഷ്‌ണന്‍ തുടങ്ങിയവര്‍ ഇക്കാര്യം വ്യക്‌തമാക്കുന്ന കുറിപ്പ് ബന്ധപ്പെട്ടവര്‍ക്കു ഇന്നോ നാളെയോ നല്‍കും.
ചിത്രത്തിന്റെ സംവിധായകന്‍, സംഗീതസംവിധായകന്‍, ഗാനരചയിതാവ് ആലങ്കോട് ലീലാകൃഷ്‌ണന്‍ തുടങ്ങിയവര്‍ ഇക്കാര്യം വ്യക്‌തമാക്കുന്ന കുറിപ്പ് ബന്ധപ്പെട്ടവര്‍ക്കു ഇന്നോ നാളെയോ നല്‍കും.








